കെെനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 01:16 AM | 0 min read

 
ആലപ്പുഴ
ഫോട്ടോ ഫിനിഷിൽ ഫലമറിഞ്ഞ നെഹ്‌റുട്രോഫി ഫൈനലിന്‌ പിറകെ പരാതിയുമായി രണ്ടാംസ്ഥാനക്കാരായ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ (വിബിസി). മത്സരഫല നിർണയത്തിനെതിരെയാണ‍ വിബിസിയുടെ പരാതി. തിങ്കളാഴ്‌ച എൻബിടിആർ സൊസൈറ്റിക്കും കലക്‌ടർക്കും പരാതി നൽകും. 
   മത്സരഫലം അട്ടിമറിച്ചതാണെന്നും വീഡിയോദൃശ്യങ്ങൾ പരിശോധിക്കാൻ ശാസ്‌ത്രീയ പരിജ്ഞാനമാർജിച്ച മൂന്നംഗ വിദഗ്‌ധസമിതിയെ നിയോഗിക്കണമെന്നുമാണ്‌ വില്ലേജ്‌ ബോട്ട്‌ ക്ലബ്ബിന്റെ ആവശ്യം. അല്ലെങ്കിൽ ക്ലബ് നിയമപരമായി ഹൈക്കോടതിയെ സമീപിക്കുമെന്നും ക്ലബ്‌ ക്യാപ്റ്റൻ മാത്യു പൗവത്തിൽ പറഞ്ഞു. ഒരേസമയം സ്‌ക്രീനിൽ തെളിഞ്ഞ സമയം അട്ടിമറിച്ചു. തർക്കമുണ്ടായ ഘട്ടത്തിൽ വള്ളങ്ങളുടെ ക്യാപ്റ്റൻമാരെയോ ക്ലബ് പ്രതിനിധികളുമായോ സംസാരിച്ച്‌ ബോധ്യപ്പെടുത്തി ഫലപ്രഖ്യാപനം നടത്തണമായിരുന്നെന്ന്‌ മാത്യു പൗവത്തിൽ  പറഞ്ഞു.

സ്‌റ്റാർട്ട്‌ നല്‍കിയതില്‍ പിഴവുണ്ടായെന്ന്‌ 
കുമരകം ടൗൺ ക്ലബ്‌

കോട്ടയം
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ സ്റ്റാർട്ട്‌ നല്‍കിയതിൽ പിഴവുണ്ടായത്‌ ഫലത്തെ ബാധിച്ചെന്ന്‌ പരാതി. മൂന്നാം സ്ഥാനത്തെത്തിയ കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബാണ്‌ ബോട്ട്‌ റേസ്‌ കമ്മിറ്റിക്ക്‌ പരാതി നൽകിയത്‌.
 മത്സരം തുടങ്ങുംമുമ്പ്‌ കുമരകം ടൗൺ ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ കിടന്ന ട്രാക്കിൽ ഒഫീഷ്യൽസിന്റെ ബോട്ട്‌ കിടന്നതിനാൽ ടീം സ്റ്റാർട്ടിങ്ങിന്‌ തയ്യാറായിരുന്നില്ലെന്ന്‌ പരാതിയിൽ പറയുന്നു. 
തുഴ പൊക്കിപ്പിടിച്ച്‌ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. എന്നിട്ടും അംപയർ സ്റ്റാർട്ട്‌ കൊടുത്തു. മറ്റ്‌ മൂന്ന്‌ ചുണ്ടൻവള്ളങ്ങളും ലോക്ക്‌ ഊരി സ്റ്റാർട്ട്‌ എടുത്ത്‌ രണ്ടു സെക്കൻഡ്‌ കഴിഞ്ഞാണ്‌ നടുഭാഗത്തിന്‌ സ്റ്റാർട്ട്‌ ചെയ്യാനായത്‌.  
 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഫലം മാറിമറിയുന്ന മത്സരത്തിൽ ഇത്തരം അപാകങ്ങൾ ഒഴിവാക്കണം. മത്സരത്തിന്റെ സ്റ്റാർട്ട്‌ സംബന്ധിച്ച്‌ പരിശോധിക്കണം. നടുഭാഗം, കാരിച്ചാൽ, വീയപുരം എന്നിവയെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയോ ഫൈനൽ റദ്ദാക്കുകയോ വേണമെന്നും പരാതിയിൽ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home