0.005 സെക്കൻഡ്‌, കൊള്ളിയാനായി കാരിച്ചാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 02:17 AM | 0 min read

 ഫെബിൻ ജോഷി

ആലപ്പുഴ
മൈക്രോ സെക്കൻഡുകൾ ഹൃദയതാളത്തെ പിടിച്ചുനിർത്തിയ ആവേശപ്പൂരത്തിൽ കാരിച്ചാൽ കായൽപ്പരപ്പിലെ കൊള്ളിയാനായി. ഏഴു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മികച്ച സമയംകുറിച്ച്‌ (4.14.35) മിന്നൽ വേഗത്തിൽ ഫിനിഷിങ് പോയിന്റ്‌ കടന്നുപോയ ജലരാജനിലേറി തുടർച്ചയായി അഞ്ചാംതവണയും പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്‌ 70–-ാമത്‌ നെഹ്‌റുട്രോഫി കരസ്ഥമാക്കി. കാരിച്ചാലിനിത്‌ 16–-ാം കിരീടവുമായി. ഏഴു പതിറ്റാണ്ടായി കായലാഴങ്ങളിൽ നിറഞ്ഞുനിന്ന ആവേശമൊന്നാകെ തുഴയിൽ കോരിയെറിഞ്ഞ്‌ ജനമനസുകളിൽ നിറച്ച ജലാരവം ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്‌ത്തി. 
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്‌ കാരിച്ചാൽ വിജയത്തിലേക്ക്‌ തുഴഞ്ഞുകയറിയത്‌. സമയം 4.29.785 മിനിറ്റ്‌. രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനെക്കാൾ 0.005 സെക്കൻഡ് മാത്രം (4.29.790) വ്യത്യാസം. മത്സരത്തിൽ തുടർച്ചയായി അഞ്ച്‌ തവണ വിജയികളാകുന്ന ആദ്യ ക്ലബ്ബാണ്‌ പള്ളാത്തുരുത്തി.
 2018, 2019, 2022, 2023 വർഷങ്ങളിലും 1988, 1998 വർഷങ്ങളിലും നെഹ്‌റുട്രോഫി നേടിയ പിബിസിയുടെ ആകെ കിരീടനേട്ടം ഇതോടെ ഏഴായി. 2020, 21 വർഷങ്ങളിൽ കോവിഡിനെ തുടർന്ന്‌ വള്ളംകളിയുണ്ടായിരുന്നില്ല. എറ്റവും കൂടുതൽ നെഹ്‌റുട്രോഫികൾ എന്ന റെക്കോഡുമായി നിൽക്കുമ്പോഴും എട്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ കാരിച്ചാലിന്റെ ഇടിത്തട്ടിലേക്ക്‌ വെള്ളിക്കിരീടമെത്തുന്നത്‌. 2016–-ൽ ജെയിംസ്‌കുട്ടി ജേക്കബിന്റെ വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബാണ്‌ അവസാനമായി കാരിച്ചാൽ ചുണ്ടനിൽ നെഹ്‌റുട്രോഫി നേടുന്നത്‌. അലൻ മൂന്ന്‌തൈക്കലും എയ്‌ഡൻ മൂന്നുതൈക്കലുമാണ്‌ പള്ളാത്തുരുത്തിയുടെ ക്യാപ്‌റ്റൻ. പി പി മനോജ്‌ ലീഡിങ്‌ ക്യാപ്‌റ്റനുമായിരുന്നു. 
ആവേശം കത്തിക്കയറിയ ഫൈനലും ഫോട്ടോ ഫിനിഷിലാണ്‌ വിജയിയെ കണ്ടെത്തിയത്‌. കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നാമതും, നിരണം ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ നിരണം ചുണ്ടൻ (4.30.56) നാലാമതുമെത്തി. ഹീറ്റ്‌സുകളിൽ എറ്റവും കുറവ്‌ സമയത്തിൽ ഫിനിഷ്‌ ചെയ്‌ത നാല്‌ വള്ളങ്ങളാണ്‌ ഫൈനലിൽ മത്സരിച്ചത്‌. അഞ്ചാമത്തെ ഹീറ്റ്‌സിൽ റെക്കോഡ്‌ സമയം കുറിച്ചാണ്‌ കാരിച്ചാൽ ഫൈനൽ ബെർത്തുറപ്പിച്ചത്‌. 2017–-ൽ ഹീറ്റ്‌സ്‌ മത്സരത്തിൽ വേമ്പനാട്‌ ബോട്ട്‌ ക്ലബ്‌ പായിപ്പാടനിൽ കുറിച്ച 4.14.82 ന്റെ റെക്കോഡാണ്‌ കാരിയുടെ കുതിപ്പിൽ പഴങ്കഥയായത്‌. ചുണ്ടൻവള്ളങ്ങളുടെ ആദ്യ മൂന്ന്‌ ഹീറ്റ്‌സുകളിൽ മത്സരിച്ച വള്ളങ്ങൾക്കൊന്നും ഫൈനൽ യോഗ്യത നേടാനായില്ല. നാലാം ഹീറ്റ്‌സിൽനിന്ന്‌ മൂന്ന്‌ വള്ളങ്ങൾ ഫൈനലിലെത്തി. 
വനിതകളുടെ തെക്കനോടി (തറ) വിഭാഗത്തിൽ ദേവസും (പുന്നമട സായ്‌) കെട്ട്‌ വിഭാഗത്തിൽ പടിഞ്ഞാറേപറമ്പനും (യങ്‌ സ്റ്റാർ ബോട്ട്‌ ക്ലബ്‌ താമല്ലാക്കൽ) ഒന്നാമതായി. ഇരുട്ടുകുത്തി സി ഗ്രേഡിൽ ഇളമുറതമ്പുരാൻ പമ്പാവാസൻ (ബിബിസി ഇല്ലിക്കൽ, ഇരിഞ്ഞാലക്കുട), ഇരുട്ടുകുത്തി ബി ഗ്രേഡിൽ തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട്‌ ക്ലബ്‌, എറണാകുളം), ചുരുളൻ വിഭാഗത്തിൽ മൂഴി (ഐബിആർഎ കൊച്ചിൻ), വെപ്പ്‌ ബി ഗ്രേഡിൽ ചിറമേൽ തോട്ടുകടവൻ (എസ്‌എസ്‌ബിസി വിരുപ്പുകാല, കുമരകം), ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്ന്‌തൈക്കൽ (താന്തോന്നിതുരുത്ത്‌ ബോട്ട്‌ ക്ലബ്‌ മുളവുകാട്‌), വെപ്പ്‌ എ ഗ്രേഡിൽ അമ്പലക്കടവൻ (ന്യൂ കാവാലം ആൻഡ്‌ എമിറേറ്റ്‌സ്‌ ചേന്നംകരി) എന്നീ വള്ളങ്ങൾ വിജയികളായി. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വള്ളംകളി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി.


deshabhimani section

Related News

View More
0 comments
Sort by

Home