കൊഴുക്കും ഉത്സവമേളം; ആരാകും ജലരാജന്‍...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 01:21 AM | 0 min read

   

ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളിക്ക്‌ ഒരുദിവസം ബാക്കിനിൽക്കെ പോരാട്ടത്തിന്‌ ചുണ്ടൻവള്ളങ്ങൾ തയ്യാർ. 19 ചുണ്ടൻവള്ളമാണ്‌ മാറ്റുരയ്‌ക്കുന്നത്‌. പരിശീലനം സമാപിച്ചതോടെ ആര്‌ വെള്ളിക്കപ്പിൽ മുത്തമിടുമെന്ന ചോദ്യത്തിന്‌ ആവേശത്തോടെ കാത്തിരിക്കുകയാണ്‌ വള്ളംകളി പ്രേമികളും ബോട്ട്‌ ക്ലബ്‌ ആരാധകരും. 

പിബിസി കരുത്തിൽ കാരിച്ചാൽ 

വള്ളംകളിയിൽ 15 തവണയും വെള്ളിക്കപ്പിൽ ജേതാക്കൾ മുത്തമിട്ടത്‌ കാരിച്ചാലിന്റെ ചുണ്ടൻ വള്ളത്തിലാണ്‌.  മറ്റ്‌ വള്ളങ്ങൾക്ക്‌ ഒപ്പമെത്താൻ പോലും കഴിയാത്ത ചരിത്രവുമായാണ്‌ ഇക്കുറിയും കാരിച്ചാൽ  മത്സരത്തിനിറങ്ങുന്നത്‌. 
30ലേറെ തവണ ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായി നാലുതവണ വിജയം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെയും കൂട്ടുപിടിച്ചാണ് അങ്കത്തിനിറങ്ങുന്നത്‌. പിബിസി അഞ്ചാമതും കപ്പടിച്ചാൽ റെക്കോഡാകും. ക്യാപ്‌റ്റൻ: അലൻ മൂന്നു മയക്കൽ, എയ്‌ഡൻ മൂന്നു തൈക്കൽ. 

പാരമ്പര്യത്തിളക്കവുമായി നടുഭാഗം  

ആദ്യത്തെ നെഹ്‌റുട്രോഫി വള്ളംകളിയിൽ ജയിച്ച്‌ തുടങ്ങിയതാണ്‌ നടുഭാഗം ചുണ്ടൻ. അറുപതിലേറെ വർഷങ്ങളിൽ മത്സരത്തിനിറങ്ങിയ നടുഭാഗത്തിൽ ഇക്കുറി കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബാണ്‌ തുഴച്ചിലിനിറങ്ങുന്നത്‌. 36 തവണ ഫൈനലിൽ പ്രവേശിച്ചു. ക്യാപ്‌റ്റൻ: സുനീഷ്‌ നന്തി കണ്ണന്തറ

വീറോടെ വീരു

നീരണിഞ്ഞ്‌ മൂന്നാമത്തെ മത്സരത്തിൽ കപ്പ്‌ വീയപുരത്ത്‌ എത്തിച്ച ചരിത്രമാണ്‌ വീയപുരം ചുണ്ടന്റേത്‌. ഇത്തവണ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരിയുടെ തുഴക്കരുത്തിലാണ്‌ പുന്നമടപ്പോരിനിറങ്ങുന്നത്‌. ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിലെ 12 വള്ളംകളിയിൽ എട്ട്‌ എണ്ണവും വിജയിച്ച്‌ ചാമ്പ്യൻമാരായ ചരിത്രമുണ്ട്‌. ക്യപ്‌റ്റൻ : മാത്യു പവ്വത്തിൽ. 

50ന്റെ നിറവിൽ 
ചമ്പക്കുളം 

രണ്ട്‌ ഹാട്രിക് ഉൾപ്പെടെ എട്ടുതവണയാണ്‌ ചമ്പക്കുളം ചുണ്ടൻ നെഹ്‌റുട്രോഫി നേടിയത്‌. 50 വർഷത്തെ പാരമ്പര്യവുമായാണ്‌ പോരിനിറങ്ങുന്നത്‌. സ്ഥിരമായി ഫൈനലിലെത്തുന്ന ചുണ്ടനിൽ കഴിഞ്ഞ തവണ മില്ലീസെക്കൻഡുകൾക്കാണ്‌ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത്‌. പുന്നമട ബോട്ട്‌ ക്ലബ്ബാണ്‌ തുഴയെറിയുന്നത്‌. ക്യാപ്‌റ്റൻ: സന്തോഷ് ടി കുരുവിള.

റെക്കോഡടിക്കാൻ 
പായിപ്പാടൻ

രണ്ട്‌ ചുണ്ടൻവള്ളവുമായാണ്‌ പായിപ്പാടൻ ഇക്കുറി മത്സരത്തിനിറങ്ങുന്നത്‌. പായിപ്പാടൻ, പായിപ്പാടൻ 2 ചുണ്ടനുകൾ. ചെറു ജലോത്സവങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ്‌ നെഹ്‌റു ട്രോഫിയിലും ലക്ഷ്യമിടുന്നത്‌. നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്‌ത ചുണ്ടൻവള്ളം പായിപ്പാടനാണ്‌. പായിപ്പാടൻ ചുണ്ടനിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബും പായിപ്പാടൻ (2) ചുണ്ടനിൽ പായിപ്പാട് ബോട്ട് ക്ലബ്ബും മത്സരിക്കും. ക്യാപ്‌റ്റൻ: ജോസ് ആറാത്തുപള്ളി. ക്യാപ്‌റ്റൻ: മഹേഷ് കൃഷ്‌ണൻ നായർ.

അലയടിക്കും 
ആലപ്പാടൻ  

തൊണ്ണൂറുകളിലെ ചരിത്രമുറങ്ങുന്ന മണ്ണിന്റെ പേരിൽ ഉയർന്നുകേട്ട പേരായിരുന്നു ആലപ്പാടൻ.  1999ൽ വള്ളംകളികളിൽ മത്സരിച്ച ചുണ്ടൻ എല്ലാ മത്സരങ്ങളിലും വിജയിച്ച്‌ സീസണിൽ 100 ശതമാനം വിജയം നേടി.  ഇത്തവണ നെഹ്റുട്രോഫിക്ക് എത്തുന്ന ഏക വ്യക്തിഗത ചുണ്ടനും ഇതാണ്. സൗത്ത്‌ പറവൂർ ബോട്ട്‌ ക്ലബ്ബാണ്‌ തുഴയെറിയുന്നത്‌. എസ് ഷാം റോയിയാണ്‌ വള്ളത്തിന്റെ ഉടമ. ക്യാപ്‌റ്റൻ പി വി രാജു. 

നീരിൽ കരുത്തായി 
നിരണം  

വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽനിന്നെത്തുന്ന ഏക ചുണ്ടനാണ് നിരണം. നെഹ്റുട്രോഫിയിൽ ആറാം സ്ഥാനം നേടിയതാണ്‌ മികച്ച പ്രകടനം. നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ക്യാപ്‌റ്റൻ: കെ ജി എബ്രഹാം. 

കരുത്തായി കരുവാറ്റ ശ്രീവിനായകൻ

നെഹ്‌റുട്രോഫി നേടാനായില്ലെന്ന പരാതി തീർക്കാൻ ഇക്കുറി എസ്‌എച്ച്‌ ബോട്ട്‌ ക്ലബ്‌ പിൻബലത്തിലാണ്‌ കരുവാറ്റ ശ്രീവിനായകൻ തുഴയെറിയുന്നത്‌. ചെറിയ ജലമേളകളിൽ പങ്കെടുത്ത്‌ വിജയിച്ചു.  ക്യാപ്‌റ്റൻ: സജി വർഗീസ്‌ കാവാലം.

ആയാപറമ്പ്‌ 
പാണ്ടി

ഫൈനലുവരെ എത്തിയെങ്കിലും 2019ൽ രണ്ടാമതായി പോയ നിരാശ തീർക്കാനാണ്‌ ഇക്കുറി ആയാപറമ്പ്‌ പാണ്ടി എത്തുന്നത്‌. മങ്കൊമ്പ്‌ തെക്കേക്കര ബോട്ട്‌ ക്ലബ്ബാണ്‌ തുഴയെറിയുന്നത്‌. ക്യാപ്‌റ്റൻ ഡോ. ഉല്ലാസ്‌ ബാലകൃഷ്‌ണൻ.  

സ്വപ്‌ന സാക്ഷാത്‌കാരവുമായി മേൽപ്പാടം

സ്വന്തമായൊരു ചുണ്ടൻവള്ളമെന്ന മേൽപ്പാടത്തുകാരുടെ ആഗ്രഹ സഫലീകരണമാണ്‌ ഇത്തവണത്തെ വള്ളംകളി മത്സരം. കെബിസി ആൻഡ് എസ്‌എഫ്‌ബിസി ആണ്‌ തുഴയുന്നത്‌. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാണ്‌ മേൽപ്പാടമൊരുങ്ങുന്നത്‌. ക്യാപ്‌റ്റൻ: സോളി വർഗീസ്‌ മേൽപ്പാടം. 

ആവേശത്തോടെ ആനാരി 

2012ൽ ആനാരിച്ചുണ്ടന്‌ രണ്ടാംസ്ഥാനം നേടിക്കൊടുത്ത കൊല്ലം ജീസസ്‌ ക്ലബ്‌ തന്നെയാണ്‌  ഇത്തവണയും തുഴയുന്നത്‌. രണ്ടാമതെത്തിയ ചരിത്രം തിരുത്താനാണ്‌ ഇക്കുറി ഇറങ്ങുന്നത്‌. ഷാജു അബ്‌ദുൾ അസീസാണ്‌ ക്യാപ്‌റ്റൻ. 

താളത്തോടെ 
തായങ്കരി

അഞ്ചുവട്ടം നെഹ്‌റുട്രോഫി നേടിയ ജവഹർ തായങ്കരിയിൽ ജവഹർ ബോട്ട്‌ ക്ലബ്‌ തന്നെയാണ്‌ ഇക്കുറി തുഴയുന്നത്‌. അശ്വന്ത്‌ വി പെരുമ്പിടാക്കളമാണ്‌ ക്യാപ്‌റ്റൻ. 50–-ാം തവണയാണ്‌ ജവഹർ തായങ്കരി മത്സരത്തിനിറങ്ങുന്നത്‌.  

കരുത്തോടെ 
കരുവാറ്റ

നീരണിഞ്ഞ 2015ൽ തന്നെ രണ്ടാം സ്ഥാനത്തെത്തിയതാണ്‌ കരുവാറ്റ ചുണ്ടന്റെ  മികച്ച പ്രകടനം. ട്രോഫി നേടാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം തിരുത്തിക്കുറിക്കാൻ കാരിച്ചാൽ ടൗൺ ബോട്ട്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ മത്സരത്തിനിറങ്ങുന്നത്‌. അജിത്‌ കുമാറാണ്‌ ക്യാപ്‌റ്റൻ. 

സെന്റ്‌ ജോർജ്‌ ചുണ്ടൻ

രണ്ടാംകിരീടം ലഷ്യമിട്ടാണ്‌ സെന്റ്‌ ജോർജ്‌ ചുണ്ടൻ മത്സരത്തിനിറങ്ങുന്നത്‌. സെന്റ്‌ ജോസഫ്‌സ്‌ ബോട്ട്‌ ക്ലബ്ബാണ്‌ തുഴയുന്നത്‌. ക്യാപ്‌റ്റൻ  ഫാ. അഗസ്‌റ്റിൻ പോങ്ങനാംതടത്തിൽ. 

ചെറുതന 
പുത്തൻചുണ്ടൻ

സ്വന്തം ഗ്രാമത്തിലെ തുഴക്കാരുടെ കൈക്കരുത്തുമായാണ്‌ ചെറുതന ചുണ്ടനെത്തുന്നത്‌. മൂന്നാം സീസണിൽ ചെറുതന ബോട്ട്‌ ക്ലബ്‌ കരുത്തേകും. ക്യാപ്‌റ്റൻ മധു കുട്ടപ്പൻ.

ആയാപറമ്പ്‌ 
വലിയ ദിവാൻജി

മൂന്നാം നെഹ്‌റുട്രോഫിയാണ്‌ ആയാപറമ്പ്‌ വലിയ ദിവാൻജിയുടെ ലക്ഷ്യം. ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌ തുഴയും. സണ്ണി തോമസ്‌ ഇടിമണ്ണിക്കലാണ്‌ ക്യാപ്‌റ്റൻ. 

തലയെടുപ്പോടെ 
തലവടി

മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്‌ തലവടി ചുണ്ടൻ. 2023ലാണ്‌ നീരണിഞ്ഞത്‌. 12 നെഹ്‌റുട്രോഫികളുടെ ചരിത്രമുള്ള യുബിസി കൈനകരിയാണ്‌ തുഴയെറിയുന്നത്‌. പത്മകുമാർ പുത്തൻപറമ്പിലാണ്‌ ക്യാപ്‌റ്റൻ.  

സെന്റ്‌ പയസ്‌ ടെൻത്‌  

കന്നിക്കിരീടം ലക്ഷ്യമിട്ടാണ്‌ മങ്കൊമ്പ്‌ സെന്റ്‌ പയസ്‌ ടെൻത്‌ ഉടമസ്ഥതയിലുള്ള ചുണ്ടൻ നീറ്റിലിറങ്ങുന്നത്‌. എ ജി ഗോകുൽദാസാണ്‌ ക്യാപ്‌റ്റൻ.


deshabhimani section

Related News

View More
0 comments
Sort by

Home