കൈയടിക്കാം ഇതാണ് 
സൂപ്പർസ്റ്റാർ നവ്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 12:28 AM | 0 min read

ആലപ്പുഴ 
പട്ടണക്കാട്‌ ലോറിയിടിച്ച്‌ പരിക്കേറ്റ സൈക്കിൾ യാത്രികന്‌ തുണയായി നടി നവ്യനായർ. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച്‌ നിർത്താതെ പോയ ലോറി പിന്തുടർന്ന്‌ നിർത്തിച്ച നവ്യ അപകടവിവരം കൃത്യസമയത്ത്‌ പൊലീസിലും അറിയിച്ച്‌ ചികിത്സയും ഉറപ്പാക്കി. 
  തിങ്കൾ രാവിലെ 8.30ഓടെ പട്ടണക്കാട്‌ ഇന്ത്യൻ കോഫി ഹൗസിന്‌ സമീപമാണ്‌ അപകടം. ദേശീയപാതനവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ്‌ (എച്ച്‌ആർ 55 എസി 9519)  രമേശൻ സഞ്ചരിക്കുന്ന സൈക്കിളിൽ ഇടിച്ചത്‌. നവ്യ സഞ്ചരിച്ച വാഹനം പിന്തുടർന്നപ്പോൾ ട്രെയിലർ നിർത്തി. അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട്‌ എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി.  ഡ്രൈവറെയുൾപ്പെടെ എസ്‌എച്ച്‌ഒ കെ എസ്‌ ജയൻ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയ ശേഷമാണ്‌ നവ്യ യാത്ര തുടർന്നത്‌. 
  ലോറി പൊലീസ്‌ പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.  പരിക്ക്‌ ഗുരുതരമല്ല. പരിക്കേറ്റയാൾ ആവശ്യപ്പെട്ടാൽ കേസെടുക്കുമെന്ന്‌ എസ്‌എച്ച്‌ഒ അറിയിച്ചു. 
   മൈനാഗപ്പള്ളിയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ വിമർശത്തിന്‌  ഇടയാക്കുമ്പോഴാണ്‌  നടി നവ്യയുടെ മാതൃകാ ഇടപെടൽ. സംഭവം നേരിൽകണ്ട യാത്രക്കാർ നവ്യയെ അഭിനന്ദിച്ച്‌ സമൂഹമാധ്യമങ്ങളിലും പോസ്‌റ്റുകളിട്ടിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home