ഉത്രാടം ഓടിത്തീർത്ത്‌ 
പൊന്നോണത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:46 AM | 0 min read

ആലപ്പുഴ
രാവിലെ മുതൽ റോഡുകൾ നിറഞ്ഞു. നഗരഹൃദയത്തിലെ കടകളിൽ തിരക്ക്‌. ഉച്ചയോടെ മുല്ലയ്‌ക്കൽ ജനസഞ്ചയമായി. വൈകിട്ട്‌ പൂ വിപണികൾ സജീവമായതോടെ തിരക്കിൽ നടക്കാൻപോലും പറ്റാതായി. ഉത്രാടം ഓടിത്തീർത്ത്‌ പൊന്നോണത്തെ വരവേൽക്കാൻ ഒരുക്കം പൂർത്തിയായി. 
തിരുവോണത്തലേന്ന്‌ സാധനങ്ങൾ വാങ്ങാനുള്ള തിരക്കായിരുന്നു എങ്ങും. ഗൃഹോപകരണങ്ങൾക്ക്‌ ഓഫറുകളുടെ ബഹളം. ഉത്രാടമായിട്ടും പൂക്കളുടെ വിലയിൽ വലിയ മാറ്റമുണ്ടായില്ല. വൈകി​ട്ടോടെ തിരക്ക്​ നിയന്ത്രണാതീതമായി. പ്രധാന വ്യാപാരകേന്ദ്രമായ മുല്ലയ്‌ക്കൽ തെരുവിന്റെ ഇരുവശത്തും കച്ചവടക്കാർ നിറഞ്ഞു. തിരക്ക്‌ കൂടിയതോടെ വസ്‌ത്രശാലകൾ ഏറെ​ വൈകിയാണ്​ അടച്ചത്​. പായസത്തിന്റെ  വിൽപ്പനയും വർധിച്ചു. നാടൻ പാലടയ്‌ക്കും അടപ്രഥമനുമായിരുന്നു​ ആവശ്യക്കാർ. റെഡിമെയ്‌ഡ്‌ ഓണസദ്യയ്‌ക്കും ആവശ്യക്കാർ ഏറെയാണ്‌. കറികളുടെയും പായസത്തിന്റെയും എണ്ണം കൂടുന്നതിനനുസരിച്ചാണ്‌ ഓണസദ്യയ്‌ക്ക്‌ വില. 
സർക്കാരിന്റെ കരുതൽ സാധാരണക്കാരന്‌ ഈ ഓണക്കാലത്ത്‌ തണലൊരുക്കി. തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയ്‌ക്ക്‌ മുന്നിലിരിക്കുമ്പോൾ വിഭവങ്ങൾക്കും മനസിലെ സന്തോഷത്തിനും കുറവുണ്ടാകില്ല. ക്ഷേമപെൻഷനുകൾ കൈകളിലെത്തിച്ചും വില വർധന തടയാൻ ശക്തമായ വിപണി ഇടപെടലിലൂടെയും കീശകീറാതെയുള്ള പൊന്നോണക്കാലം മലയാളിക്ക്‌ സമ്മാനിക്കുകയാണ്‌ ജനകീയ സർക്കാർ. 
തുണച്ചത്‌ വിപണി ഇടപെടൽ 
സാധാരണക്കാർക്ക്‌ തണലായി സപ്ലൈകോയും കൺസ്യൂമർഫെഡും ചേർന്ന്‌ ജില്ലയിൽ 114 കേന്ദ്രങ്ങളാണ്‌ ആരംഭിച്ചത്‌. 90 സംഘങ്ങളിലൂടെയും 14 ത്രിവേണി സ്‌റ്റോറിലൂടെയുമായി 104 വിപണനകേന്ദ്രങ്ങളാണ്‌ കൺസ്യൂമർഫെഡ്‌ ആരംഭിച്ചത്‌. സപ്ലൈകോയുടെ ജില്ലാ ഫെയർ നഗരത്തിൽ ജില്ലാക്കോടതി പാലത്തിന്‌ സമീപവും ചേർത്തലയിലും പ്രവർത്തിച്ചു. ഇതിന്‌ പുറമേ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും 10 മുതൽ മണ്ഡലതല ഫെയറുകളും ആരംഭിച്ചിരുന്നു. സബ്‌സിഡി തുകയിൽ 13 ഇനങ്ങൾ ലഭ്യമാക്കി. പൊതുവിപണിയിൽ 1500 രൂപയുടെ സാധനങ്ങൾ റേഷൻകാർഡുമായെത്തിയാൽ 930 രൂപയ്‌ക്ക്‌ ലഭിച്ചു. പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വിലക്കുറവ്‌. 
ഹൃദയം നിറച്ച്‌ പെൻഷനുകൾ 
സാമ്പത്തിക പരിമിതികൾക്ക്‌ മുന്നിലും സർക്കാർ തളർന്നില്ല. പൊന്നോണത്തിന്‌ മുമ്പ്‌  ഓണസമ്മാനമായി ഒരുമിച്ച്‌ നൽകിയത്‌ രണ്ടുമാസത്തെ കുടിശ്ശിക അടക്കം മൂന്നുമാസത്തെ പെൻഷൻ. ജില്ലയിൽ 1,58,054 പേർക്കാണ്‌ പെൻഷൻ നൽകിയത്‌. 
പച്ചക്കറികളുമായി 
ഹോർട്ടികോർപ്പും
ഓണക്കാലത്തെ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ 30 ശതമാനംവരെ സബ്‌സിഡി നിരക്കിൽ പച്ചക്കറി വിപണിയിലെത്തിച്ച്‌ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പും പങ്കാളികളായി. ഹോർട്ടികോർപ് നേരിട്ടുനടത്തിയ ഏഴ്‌ സ്‌റ്റാളും ആലപ്പുഴയിലും ചേർത്തലയിലും സപ്ലൈകോ ഓണവിപണികളിലും കൗണ്ടറുണ്ടായിരുന്നു. കൃഷിവകുപ്പുമായി സഹകരിച്ച്‌ 80 മാർക്കറ്റുകളും ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തി. കുടുംബശ്രീ ഓണക്കനി പദ്ധതിയിൽ 508.85 ഏക്കറിൽ ചെയ്‌ത വിഷരഹിത പച്ചക്കറികളും മാർക്കറ്റിലെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home