കിണറ്റിലേക്ക് പതിച്ചത് 4 റിങ്

ചെങ്ങന്നൂർ
18 അടി താഴ്‌ചയുണ്ടെന്ന് കരുതുന്ന കിണറ്റിലേക്ക് നാല് റിങ്ങുകൾ പതിച്ചെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. ഈ റിങ്ങുകൾക്കിടെയാണ് യോഹന്നാൻ കുടുങ്ങിയത്. കഴുത്തിന് താഴെവരെ ചെളിയിലും വെള്ളത്തിലും പൂണ്ടുനിൽക്കുകയായിരുന്നു യോഹന്നാൻ. അഗ്‌നിരക്ഷാസേന ശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല.
മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിക്കുമ്പോഴെല്ലാം കൂടുതൽ മണ്ണു കിണറ്റിനുള്ളിലേക്ക് വീണതോടെ ആ ശ്രമം ഉപേക്ഷിച്ചു. ജില്ലാ ആശുപത്രിയിൽനിന്ന് ഡോ. ജിന്റോ ജോർജിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘമെത്തി യോഹന്നാന് ഓക്‌സിജൻ നൽകി.
സിലിണ്ടറിൽനിന്ന് താഴേക്ക് ട്യൂബിട്ടാണ് വായു നൽകിയത്. വെള്ളവും കൊടുത്തു. കോവണി ഉപയോഗിച്ച് കിണറ്റിലിറങ്ങിയ ഡോക്‌ടർ തൊഴിലാളിയെ പരിശോധിക്കുകയുംചെയ്‌തു. വൈകിട്ടോടെ കിണറിന് ചുറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ച് റിങ്ങുകൾ മാറ്റാൻ ശ്രമം തുടങ്ങി. റിങ്ങുകൾ പൊട്ടിച്ചുമാറ്റാനാണ് ശ്രമിച്ചത്.
ആൾമറ പൊളിച്ചുനീക്കിയിരുന്നു. ഇവയുടെ അവശിഷ്‌ടങ്ങൾ കിണറ്റിലേക്ക് വീഴാതിരിക്കാൻ മുകളിൽ തകരഷീറ്റിട്ടു. സംരക്ഷണമൊരുക്കാൻ റിങ്ങിന്റെ മാതൃകയിൽ മെറ്റൽഷീറ്റും ഇറക്കിയിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു.









0 comments