print edition 'ഇവിടെ ഞങ്ങളുടെ മോൻ ജയിക്കും'

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
വട്ടിയൂർക്കാവ്: "ഞങ്ങൾക്ക് മുടങ്ങാതെ അന്നത്തിനുള്ള വകയും സഹായങ്ങളുമൊക്കെ നൽകുന്ന സർക്കാരിന്റെ നായകനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹത്തിലാണ് വന്നത്. വട്ടിയൂർക്കാവിൽ മത്സരിക്കുന്ന വി കെ പ്രശാന്ത് ഞങ്ങളുടെ മകനാണ്.
അവൻ ജയിക്കും’–വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയതാണ് പേരൂർക്കട ലോ അക്കാദമിക്ക് സമീപം താമസിക്കുന്ന ലക്ഷ്മിയമ്മ. പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പേ സദസ്സ് നിറഞ്ഞിരുന്നു.
ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നാട്ടിലെ യുവതയുടെ കരുത്തറിയിച്ചു. പൊതുയോഗ വേദിയിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോൾ സദസ്സിൽനിന്നും റോഡിൽനിന്നും ഒരേസ്വരത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നു. വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ കൈകൾ ചേർത്തുപിടിച്ചാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്.
ഉദ്ഘാടന പ്രസംഗത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ അദ്ദേഹം പങ്കുവച്ചു. ജനങ്ങൾ കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രശാന്തിനെ വീണ്ടും സ്ഥാനാർഥിയാക്കിയതെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിപ്പിക്കുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രശാന്തിനെ ചുവന്ന പൊന്നാട അണിയിച്ചതോടെ സദസ്സൊന്നാകെ എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു.
മണ്ഡലം കമ്മിറ്റി ചെയർമാൻ ജയശ്ചന്ദ്രൻ കല്ലിങ്കൽ അധ്യക്ഷനായി. നേതാക്കളായ എ എ റഹിം, സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം സി അജയകുമാർ, പേരൂർക്കട ഏരിയ സെക്രട്ടറി ബി ബിജു, വഞ്ചിയൂർ ഏരിയ സെക്രട്ടറി എം പി റസൽ, എൽഡിഎഫ് നേതാക്കളായ ആന്റണി രാജു, കെ ശശാങ്കൻ, തമ്പാനൂർ രാജീവ്, സതീഷ് കുമാർ, കല്ലട നാരായണപിള്ള, അനിൽ, കല്ലുമല രവി, രാജൻ, ശ്രീജിത്ത്, എം ജി മീനാംബിക, പി എസ് നായിഡു, ശൂരനാട് ചന്ദ്രശേഖരൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, മലയിൻകീഴ് ശശികുമാർ എന്നിവർ സംസാരിച്ചു.









0 comments