ad
Deshabhimani

print edition വികസനക്കുതിപ്പിൽ തലസ്ഥാന നഗരി; ദി ക്യാപിറ്റൽ സ്‌റ്റോറി

kerala development

പ്രതീകാത്മക ചിത്രം

avatar
ബിജോ ടോമി

Published on Apr 06, 2026, 04:28 AM | 2 min read

തിരുവനന്തപുരം : ജോലിക്കായും മറ്റും നഗരത്തിലെത്തുന്നവരെ തിരികെവിടാതെ ഇവിടത്തുകാരായിത്തന്നെ ചേർത്തുപിടിക്കുന്നു‍, തിരുവനന്തപുരം. അവരെ ആകർഷിക്കുന്നത്‌ വികസനവും അടിസ്ഥാന സ‍ൗകര്യങ്ങളും ഒത്തിണങ്ങിയ നഗരമെന്ന പ്രത്യേകതയും. ടെക്‌നോപാർക്ക്‌, വിഴിഞ്ഞം തുറമുഖം, സയൻസ്‌ പാർക്ക്‌, ദേശീയപാത, തീരദേശ– മലയോര ഹൈവേകൾ തുടങ്ങിയ വൻവികസനങ്ങളും സ്‌മാർട്ട്‌ റോഡും കുടിവെള്ളവും ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കമുള്ള മികച്ച അടിസ്ഥാന സ‍ൗകര്യങ്ങളും രാജ്യത്തെതന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി തിരുവനന്തപുരത്തെ മാറ്റി. പടിപടിയായി മറ്റു നഗരങ്ങളോട്‌ കിടപിടിക്കുന്ന ഇടമാക്കി തലസ്ഥാനനഗരത്തെ മാറ്റിയത്‌ വിവിധ സമയങ്ങളിൽ അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷ സർക്കാരുകളാണെന്ന്‌ എൻവയോൺമെന്റൽ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവ്‌ ഫോർ തിരുവനന്തപുരം (എഡിറ്റ്‌) സെക്രട്ടറി പൂജപ്പുര വിജയകുമാർ പറഞ്ഞു.


നഗരത്തിന്റെ വളർച്ചയ്ക്ക്‌ തുടക്കമിട്ടത്‌ തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ ഇ കെ നായനാരുടെ സാമർഥ്യമാണ്‌. കേരളം സന്ദർശിച്ച പ്രധാനമന്ത്രി വി പി സിങ്ങിനോട്‌ അന്നത്തെ മുഖ്യമന്ത്രി നായനാർ ചോദിച്ചു: കേരളീയർക്ക്‌ എന്താണ്‌ കൊണ്ടുവന്നിരിക്കുന്നത്‌? ഒന്നു പതറിയ സിങ്‌, വൈകിട്ടത്തെ പൊതുയോഗത്തിൽ രണ്ട്‌ പ്രഖ്യാപനം നടത്തി. നാളികേരത്തെ എണ്ണക്കുരു ആക്കുന്നു, തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കി ഉയർത്തും. 1991ലായിരുന്നു അന്തർദേശീയ വിമാനത്താവളമായുള്ള ഒ‍ൗദ്യോഗിക പ്രഖ്യാപനം. 1990-ൽ അമേരിക്കയിലെ ആപ്പിൾ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ കെ നായനാർ മുന്നോട്ടുവച്ച ആശയമാണ് ഇന്നത്തെ ടെക്നോപാർക്ക്. 1991 മാർച്ച് 31-ന് നായനാർ കല്ലിട്ടു. ഇന്ന്‌ ഏറ്റവും കൂടുതൽ ഗവേഷണ സ്ഥാപനങ്ങളുള്ളതും തിരുവനന്തപുരത്താണ്‌.


മുഖ്യമന്ത്രി ആയിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഇടപെടലിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്‌ ടെക്നോളജി തുടങ്ങിയവ സ്ഥാപിച്ചു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്‌, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയവയെല്ലാം ഒന്നും രണ്ടും പിണറായി സർക്കാർ യാഥാർഥ്യമാക്കി. രാജ്യത്തിനുതന്നെ അഭിമാനമായ വിഴിഞ്ഞം തുറമുഖവും ഇടതുപക്ഷ സർക്കാരുകളുടെ ഇച്ഛാശക്‌തിയുടെ അടയാളമാണ്‌. സ്‌മാർട്ട്‌സിറ്റി പദ്ധതിയിലൂടെ 1650 കോടി രൂപയുടെ വികസനമാണ്‌ തലസ്ഥാന നഗരത്തിൽ മാത്രം നടപ്പാക്കിയത്‌.


സ്‌മാർട്ടാണ്‌ റോഡുകൾ


രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് നമ്മുടെ തിരുവനന്തപുരത്താണ്‌. ആൽത്തറ മുതൽ ചെന്തിട്ടവരെയുള്ള 3.275 കിലോമീറ്ററിലുള്ള സി വി രാമൻപിള്ള റോഡാണ്‌ ആ പട്ടം അലങ്കരിക്കുന്നത്‌. സ്‌മാർട്ട്സിറ്റി പദ്ധതിയിലൂടെ ആണ്‌ ഇ‍ൗ റോഡ്‌ യാഥാർഥ്യമായത്‌. 77 കോടി രൂപയാണ്‌ ഇ‍ൗ നാലുവരിപ്പാതയുടെ നിർമാണ ചെലവ്‌. കഴിഞ്ഞ കോർപറേഷൻ ഭരണസമിതി 12 നഗരവീഥികളെയാണ് ഇത്തരത്തിൽ ലോകോത്തര നിലവാരത്തിൽ സ്‌മാർട്ടാക്കിയത്. കാലങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിൽ പൂർത്തിയായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നിർവഹിച്ചത്‌. വൈദ്യുത, ടെലിഫോൺ, ഇന്റർനെറ്റ്, സ്വകാര്യ കേബിൾ ലൈനുകൾ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള, ഡ്രെയിനേജ് പൈപ്പുകൾ എന്നിവയെല്ലാം റോഡിന് അടിയിലാണ്. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാൻ പ്രത്യേക ചേംബറുകളുമുണ്ട്‌. പ്രത്യേക സൈക്കിൾ പാതയും കാഴ്ചപരിമിതർക്കുള്ള നടപ്പാതയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home