ad
Deshabhimani

print edition പൊരിഞ്ഞ തല്ലിന്റെ യുഡിഎഫ് കാലം

UDF CLASH
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Mar 30, 2026, 03:10 AM | 3 min read

കേരളത്തിലെ അവസാന യുഡിഎഫ് ഭരണം ഇരുണ്ട കാലം മാത്രമായിരുന്നില്ല, നേതാക്കൾ തമ്മിൽ പൊരിഞ്ഞ വിഴുപ്പലക്കൽകാലം കൂടിയായിരുന്നു.


തിരുവനന്തപുരം: ‘എല്ലാ മേഖലയിലും അഴിമതിയുണ്ട്‌. കോളേജ്‌ അധ്യാപകനിയമനത്തിലുണ്ട്‌, വിദ്യാർഥിപ്രവേശനത്തിലുണ്ട്‌. പ്രധാന മേഖലകളിലെല്ലാം കാശ്‌ കൊടുക്കാതെ കാര്യം നടക്കില്ല’– ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത്‌ 2015ൽ സാക്ഷാൽ എ കെ ആന്റണി മാധ്യമങ്ങളോട്‌ പറഞ്ഞതാണിത്‌. പിന്നാലെ, വി ഡി സതീശൻ അടക്കമുള്ള നേതാക്കളും സർക്കാരിനെതിരെ രംഗത്തെത്തി. അഴിമതിയും കെടുകാര്യസ്ഥതയും ഒരുവശത്ത്‌. മന്ത്രിസഭയിലെയും യുഡിഎഫിനും കോൺഗ്രസിനും ഉള്ളിലെ തമ്മിലടി മറുവശത്ത്‌. 2011–16 യുഡിഎഫ്‌ സർക്കാരിന്റെ ഇരുണ്ടകാലം.


അഞ്ചാംമന്ത്രിസ്ഥാനം ഉണ്ടാക്കിയ പൊല്ലാപ്പുകൾ, താക്കോൽസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ, ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ വരവ്‌, തിരുവഞ്ചൂരിനെ വെട്ടി ചെന്നിത്തലയുടെ രംഗപ്രവേശം, കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള വടംവലി, എ–ഐ ഗ്രൂപ്പ്‌ പോര്‌, വി ഡി സതീശന്റെ നേതൃത്വത്തിൽ ഉയർത്തിയ കലാപക്കൊടി, ഘടകക്ഷികളുമായുള്ള ഏറ്റുമുട്ടൽ. ഇതിനെല്ലാം പുറമെയാണ്‌ കേരളത്തെയാകെ നാണംകെടുത്തിയ സംഭവവികാസങ്ങൾ.


ലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യത്തിന്‌ കോൺഗ്രസ്‌ വഴങ്ങി മഞ്ഞളാംകുഴി അലി മന്ത്രിയായതും തുടർന്നുണ്ടായ പൊട്ടലും ചീറ്റലും. കോൺഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ്‌ ഘടകകക്ഷി കാര്യം നേടിയെടുത്തതെന്ന്‌ പി സി വിഷ്‌ണുനാഥ്‌ പരസ്യമായി പറഞ്ഞു. ലീഗ്‌ ഭരിച്ചുകൊണ്ടിരുന്ന വകുപ്പുകളുടെ കാര്യത്തിൽ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്ന്‌ പറഞ്ഞത്‌ മുതിർന്ന നേതാവായ എ സി ജോസ്‌.


രമേശ്‌ ചെന്നിത്തലയെ താക്കോൽ സ്ഥാനത്തെത്തിക്കാനുള്ള ചർച്ച പിന്നാലെ ഉയർന്നു. ‘എ’യും ‘ഐ’ യും പടവെട്ടി. എന്നാൽ, ആഭ്യന്തരമന്ത്രിയായത്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ തിരുവഞ്ചൂരിന്റെ പൊലീസ്‌ പൂട്ടി. മുഖ്യമന്ത്രി സ്ഥാനംകൂടി മോഹിച്ചു. എന്നാൽ, 2014 ജനുവരിയിൽ തിരുവഞ്ചൂരിനെ വെട്ടി കെപിസിസി പ്രസിഡന്റായ രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയായി. ആര്യാടൻ മുഹമ്മദിന്റെ കൈയിൽനിന്ന്‌ വകുപ്പുകൾ വാങ്ങി തിരുവഞ്ചൂരിന്‌ നൽകി.


കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന്‌ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക്‌ നിയമസഭയിൽ പറയേണ്ടിവന്നു. എല്ലാ മേഖലയിലും അഴിമതിയാണെന്ന്‌ എ കെ ആന്റണിക്കും. സർക്കാർ അഴിമതിയുടെ നിഴലിലാണെന്നും യുഡിഎഫ്‌ അനുകൂല അന്തരീക്ഷമാണെന്ന്‌ പറയുന്ന കെ സി ജോസഫ്‌ ഏത്‌ ഗ്രഹത്തിലാണ്‌ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു.


ചെന്നിത്തല മന്ത്രിസഭയിലെത്തിയതോടെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിനു വേണ്ടിയായി പിടിവലി. ജി കാർത്തികേയനും മുല്ലപ്പള്ളിയും പടവെട്ടി. ഇരുവരെയും അട്ടിമറിച്ച്‌ വി എം സുധീരൻ കസേരയിലെത്തി.


സർവത്ര അഴിമതി: 
എ കെ ആന്റണി; ശരിവെച്ച് സുധീരനും ചെന്നിത്തലയും


കേരളത്തിൽ സർവത്ര അഴിമതിയാണെന്നാണ്‌ 2015ലെ യുഡിഎഫ്‌ കാലത്ത്‌ അന്നത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി പ്രതികരിച്ചത്‌. ‘അഴിമതി രഹിതവും സംശുദ്ധവുമായ പ്രവർത്തനത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. പക്ഷേ, നാട്ടുകാരുടെ അനുഭവം മറിച്ചാണ്‌. അഴിമതി വർധിച്ചുകൊണ്ടേയിരിക്കുന്നു. സർക്കാരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്വകാര്യകോളേജുകളിൽ അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലുമെല്ലാം അഴിമതി. അഴിമതി കുറയുന്നില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. കൂടുന്നതായി അവർ തന്നെ ചൂണ്ടിക്കാട്ടുന്നു. അഴിമതി കുറയ്‌ക്കാൻ താൻ ശ്രമിച്ചു. വിജയിച്ചില്ല– ആന്റണി തുടർന്നു.


A K Antony V M Sudheeran Ramesh Chennithala against UDF Govtയുഡിഎഫ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളുടെ വാർത്തകൾ


സംസ്ഥാനത്ത് അഴിമതി വ്യാപകമായിരിക്കുകയാണെന്ന എ കെ ആന്റണിയുടെ അഭിപ്രായം ശരിയാണെന്ന് അന്നത്തെ മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും ഒരേ പോലെ പ്രതികരിച്ചു. അഴിമതി ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും സുധീരൻ പറഞ്ഞു.


സർക്കാർ അഴിമതിയുടെ കരിനിഴലിൽ: വി ഡി സതീശൻ


അഴിമതിക്കാരായ മന്ത്രിമാരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അവരെ കയറൂരി വിടാൻ പാടില്ലെന്നും അന്നത്തെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ എംഎൽഎയും പറഞ്ഞു.


‘ഉമ്മൻചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിലാണ്. ഇപ്പോഴത്തെ സ്ഥിതിയുടെ പൂർണ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണ്. തുടർച്ചയായി അഴിമതി ആരോപണങ്ങളാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ കാര്യത്തിൽ ഉചിത തീരുമാനമെടുക്കണം. നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശഭരണ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയതിനാലാണ്. അതൊരു ദൗർബല്യമായി ആരും കാണേണ്ട. മന്ത്രിമാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ സർവഥാ യോഗ്യനാണ്. കോൺഗ്രസിലെ ഏറ്റവും പ്രസന്നമുഖമാണ് ചെന്നിത്തലയുടേത്. ഉമ്മൻചാണ്ടി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കും. വികസനവും കരുതലും എന്നതിൽ നിന്ന് സർക്കാർ വഴിമാറി. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്’– സതീശൻ അന്ന് പറഞ്ഞു.


സത്യം ആന്റണി
പറഞ്ഞു


യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ പുതിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ ധൈര്യമില്ലെന്ന പറഞ്ഞത്‌ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയാണ്‌. വി എസ് സർക്കാർ വ്യവസായ സംരംഭങ്ങൾക്ക് കലവറയില്ലാതെ പിന്തുണ നൽകിയെന്നും ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറി ഒന്നരവർഷം കഴിഞ്ഞിട്ടും അത്തരമൊരന്തരീക്ഷം കേരളത്തിൽ കാണുന്നില്ലെന്നും പ്രതിരോധവകുപ്പിന്റെ ബ്രഹ്മോസ് തുടർപദ്ധതികളുടെ ഉദ്ഘാടന സമ്മേളനവേദിയിൽ എ കെ ആന്റണി പരസ്യമായി പറഞ്ഞു. അതും ഉമ്മൻചാണ്ടിയും വ്യവസായ, തൊഴിൽ മന്ത്രിമാരും വേദിയിലിരിക്കെ. 2006 മുതൽ 2011 വരെ വി എസും എളമരം കരീമും മുൻകൈയെടുത്ത് നിരവധി പദ്ധതികൾക്ക് തുടക്കംകുറിച്ചെന്നും അദ്ദേഹം അന്ന്‌ പറഞ്ഞു


മന്ത്രിസഭയിൽ ഒന്നിനും 
പറ്റാത്തവരുണ്ട്‌: സുധീരൻ


ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ടെന്നും ഇവരെ നിയന്ത്രിക്കുന്നത്‌ പേഴ്‌സണൽ സ്റ്റാഫെ-ന്നും വിമർശിച്ചത്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരൻ.


അധികാര ദല്ലാളൻമാരെ നിയന്ത്രിക്കാൻ മന്ത്രിമാർക്കാവുന്നില്ലെന്നും സുധീരൻ വിമർശിച്ചു. ടെലിവിഷനിൽ മുഖം കാണിക്കാനാണ്‌ നേതാക്കൻമാർ പങ്കെടുക്കുന്ന യോഗത്തിൽ ചിലർ എത്തുന്നതെന്നും ഇത്തരക്കാരെ മാറ്റിനിർത്തണമെന്നും സുധീരൻ ഓർമിപ്പിച്ചു.


മുരളീധരൻ V/S ഉമ്മൻചാണ്ടി (2005)


‘ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ മദ്യമാഫിയയുടെ ഏജന്റാണ്. അത് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ വിദ്യാര്‍ഥികളെ കണ്ണീര് കുടിപ്പിച്ചവരാണ്, പാവപ്പെട്ട വികലാംഗരെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവരാണ്. കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും ഏജന്റാണ്'- എറണാകുളത്ത്‌ മറൈൻ ഡ്രൈവിൽ പൊതുയോഗത്തിൽ കെ മുരളീധരൻ പ്രസംഗിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home