ad
Deshabhimani

print edition ചോരവീണ ഗ്രൂപ്പുവഴക്ക്‌

Congress Groupism
avatar
കെ എൻ സനിൽ ​

Published on Mar 30, 2026, 03:35 AM | 1 min read

2013–15 കാലയളവിലാണ്‌ 
 കോൺഗ്രസ്‌ ഗ്രൂപ്പുവഴക്ക്‌ നാടിന്റെ 
 സമാധാന ജീവിതത്തിനുതന്നെ 
 ഭീഷണിയായി മാറിയത്‌


തൃശൂർ: കോൺഗ്രസ്‌ ഗ്രൂപ്പുവഴക്കിനെത്തുടർന്ന്‌ തൃശൂർ ജില്ലയിൽ കൊല്ലപ്പെട്ടത്‌ മൂന്നുപേർ. 2013–15 കാലയളവിലാണ്‌ കോൺഗ്രസ്‌ ഗ്രൂപ്പുവഴക്ക്‌ നാടിന്റെ സമാധാന ജീവിതത്തിനുതന്നെ ഭീഷണിയായി മാറിയത്‌. 2013 ജൂൺ ഒന്ന്‌, ജൂൺ 16, 2015 ആഗസ്‌ത്‌ 7 തീയതികളിലായിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പര.


യൂത്തുകോൺഗ്രസ്‌ അയ്യന്തോൾ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട്‌ ഐ ഗ്രൂപ്പിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന്‌ 2013 ജൂൺ ഒന്നിന്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മധു ഇ‍ൗച്ചരത്തിനെ (44) പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. രാവിലെ അയ്യന്തോൾ കാർത്യായനി ക്ഷേത്രനടയിലെ ദീപസ്‌തംഭത്തിന്‌ സമീപമായിരുന്നു കൊലപാതകം. ഭാര്യക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ മധു ഇ‍ൗച്ചരത്തിനെ ഓട്ടോയിടിച്ചുവീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. മധു ഇ‍ൗച്ചരത്തിന്റെ കൊലപാതകത്തിന്റെ തുടർച്ചയായി ജൂൺ 16ന്‌ കെപിസിസി ന്യൂനപക്ഷ സെല്ലിന്റെ ജില്ലാ കൺവീനർ ലാൽജി കൊള്ളന്നൂർ കൊല്ലപ്പെട്ടു. മധു വധക്കേസിലെ പ്രതി പ്രേംജി കൊള്ളന്നൂരിന്റെ സഹോദരനാണ്‌ ലാൽജി. മധു വധത്തിന്റെ സൂത്രധാരൻ ലാൽജിയാണെന്നാരോപിച്ചായിരുന്നു കൊലപാതകം. സന്ധ്യക്ക്‌ റോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു അരുംകൊല. സ്‌കൂട്ടറിൽ സഞ്ചരിച്ച ലാൽജിയെ ബൈക്കിടിച്ചുവീഴ്‌ത്തിയശേഷം വെട്ടിനുറുക്കി. വെട്ടേറ്റ്‌ മുഖം പിളർന്നു.


ഗ്ര‍ൂപ്പുതർക്കത്തെത്തുടർന്ന്‌ ചാവക്കാട്‌ തിരുവത്രയിൽ കോൺഗ്രസ്‌ പ്രവർത്തകനെ വീട്ടിൽക്കയറി കുത്തിക്കൊന്നത്‌ 2015 ആഗസ്‌ത്‌ 7നാണ്‌. അണ്ടത്തോട്‌ ചാലിൽ കോയമോന്റെ മകൻ ഹനീഫയാണ്‌ കൊല്ലപ്പെട്ടത്‌. സന്ധ്യയ്‌ക്ക്‌ അക്രമിസംഘം വീട്ടിൽക്കയറി കുത്തിവീഴ്‌ത്തുകയായിരുന്നു. കുത്തേറ്റ്‌ കുടൽമാല പുറത്തുചാടി. ഉമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടായിരുന്നു അതിക്രൂരമായ കൊലപാതകം. തിരുവത്രയിലെ ബൂത്ത് കമ്മിറ്റിയിലെ തർക്കമാണ്‌ എ ഗ്രൂപ്പുകാരനായ ഹനീഫയുടെ കൊലപാതകത്തിൽ കലാശിച്ചത്‌.


2016ൽ മാർച്ച്‌ മൂന്നിന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ അയ്യന്തോളിലെ ഫ്‌ളാറ്റിൽവച്ച്‌ കോൺഗ്രസുകാരനായ ഷൊർണൂർ സതീഷ്‌ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. ഇ‍ൗ കേസിൽ രണ്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിലായിരുന്നു. കാമുകിയെസംബന്ധിച്ച തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home