ad
Deshabhimani

ചുവപ്പുരാശിയിൽ 
തുടരാൻ താനൂ‍ർ

aa
avatar
മനു വിശ്വനാഥ്‌

Published on Mar 26, 2026, 12:15 AM | 2 min read

താനൂർ

വികസനത്തിന്റെ പത്തുവർഷങ്ങൾ. അതാണ്‌ താനൂരിന്‌ എൽഡിഎഫ്‌ സർക്കാർ സമ്മാനിച്ചത്‌. പരമ്പരാഗതമായി മുസ്ലിംലീഗ്‌ കൈയടക്കിയ മണ്ഡലം 2016ൽ ആദ്യമായി വി അബ്ദുറഹിമാനിലൂടെ ചുവന്നപ്പോൾ മണ്ഡലം വികസനത്തിന്റെ സ്വാദറിഞ്ഞു. 4918 വോട്ടുകൾക്ക് ലീഗിലെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ്‌ എൽഡിഎഫ് ചരിത്രം കുറിച്ചത്. അതുവരെ അവഗണിക്കപ്പെട്ട തീരദേശത്ത്‌ റോഡുകളും പാലങ്ങളും കുടിവെള്ളവും ഉൾപ്പെടെ അടിസ്ഥാന വികസനം യാഥാർഥ്യമായി. അതിന്റെ അനുഭവസാക്ഷ്യമായി 2021ലെ തെരഞ്ഞെടുപ്പ്‌ ഫലം. വി അബ്ദുറഹിമാനിലൂടെ താനൂ‍ർ വീണ്ടും ചുവന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ 985 വോട്ടുകൾക്കാണ്‌ തോൽപ്പിച്ചത്‌. അബ്ദുറഹിമാൻ മന്ത്രിയായതോടെ മണ്ഡലത്തിലെ വികസനത്തിന്‌ അതിവേഗമായി. പത്ത് വർഷത്തിനിടെ 2204 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. താനൂർ ഹാർബർ, ഗവ. കോളേജ്, താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, തയ്യാല റോഡ് റെയിൽവേ മേൽപ്പാലം, സമഗ്ര കുടിവെള്ള പദ്ധതി, ഗവ. നഴ്സിങ് കോളേജ്, ഗവ. ഐടിഐ, മാതൃക മത്സ്യഗ്രാമം, പൂരപ്പുഴ റെഗുലേറ്റർ, അഞ്ചുടി പാലം, ഉണ്യാൽ പാലം പുനർനിർമാണം, താനൂർ റവന്യൂ ടവർ, കൊട്ടിലത്തറ - മഞ്ഞക്കടവ് പാലം, പനമ്പാലം, ഓവുങ്ങൽ ബൈപാസ്, നടുവത്തിതോട് നവീകരണം, തലക്കടത്തൂർ ടൗൺ നവീകരണം, ഫയർ സ്റ്റേഷൻ ഡയാലിസിസ് സെന്റർ, സ്റ്റേഡിയങ്ങൾ, ഹൈടെക് വിദ്യാലയങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തീരദേശ ഹൈവേ തുടങ്ങിയവ ശ്രദ്ധേയമായ പദ്ധതികളാണ്. ഇത്തവണ വി അബ്ദുറഹിമാൻ ജന്മനാട്ടില്‍ മത്സരിക്കാൻ തീരുമാനിച്ചതോടെ എൽഡിഎഫ്‌ പുതുമുഖത്തെ കളത്തിലിറക്കി. ഇടതുപക്ഷ സഹയാത്രികനും ജീവകാരുണ്യ - സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ടി മുഹമ്മദ് സമീറാണ് എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തില്‍ ആഴത്തിൽ വേരുകളുള്ള സമീറിലൂടെ താനൂർ വീണ്ടും ചുവപ്പിക്കാനുറച്ചാണ്‌ എൽഡിഎഫ്‌ പോരാട്ടം. മണ്ഡലത്തിൽ വേരുകളില്ലാത്ത എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് യുഡിഎഫ് സ്ഥാനാർഥി. ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ എൻ മുത്തുക്കോയ തങ്ങൾ സീറ്റ്‌ ഉറപ്പിച്ചതായിരുന്നു. അവസാന നിമിഷത്തിലെ അട്ടിമറിയിലാണ്‌ വള്ളിക്കുന്ന്‌ സ്വദേശിയായ നവാസ്‌ സ്ഥാനാർഥിത്വം ഉറപ്പിച്ചത്‌. ഇതിന്റെ മുറുമുറുപ്പ്‌ ലീഗിലുണ്ട്‌. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ദീപ പുഴക്കലാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home