print edition വികസന പൊന്നാനപ്പുറത്ത് ഏറ്റുമാനൂർ

വി എൻ വാസവൻ, നാട്ടകം സുരേഷ്, ആതിര ഡി നായർ
പി സി പ്രശോഭ്
Published on Apr 05, 2026, 03:23 AM | 1 min read
ഏറ്റുമാനൂർ: ഏഴരപ്പൊന്നാനയേക്കാൾ തിളക്കമുണ്ട് ഏറ്റുമാനൂർ മണ്ഡലത്തിന്. അഞ്ച് വർഷത്തിനിടെ നടപ്പാക്കിയത് 4,000 കോടി രൂപയുടെ വികസനം. നടപ്പാക്കിയ പദ്ധതികളുൾപ്പെടുത്തി എംഎൽഎ പ്രോഗ്രസ് കാർഡിറക്കിയ ആദ്യ മണ്ഡലം. വികസനപദ്ധതികൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് തലയെടുപ്പോടെ ചോദിക്കുന്നു – ഇവിടെ വി എൻ വാസവന് പകരം ആരുണ്ട്?
ഏറ്റുമാനൂരിൽ രണ്ടാമതും അങ്കത്തിനിറങ്ങുകയാണ് എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി എൻ വാസവൻ. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് യുഡിഎഫ് സ്ഥാനാർഥി. റീൽസ് താരം ആതിര ഡി നായരാണ് എൻഡിഎ സ്ഥാനാർഥി.
വാസവന് ഏറ്റുമാനൂർ മണ്ഡലത്തിലും കോട്ടയം ജില്ലയിലാകെയുമുള്ള സ്വീകാര്യതയാണ് പ്രചാരണത്തിലും കൈമുതൽ. കോട്ടയം മെഡിക്കൽ കോളേജിൽ ഒമ്പത് വർഷത്തിനിടെ നടപ്പാക്കിയത് 1,165 കോടി രൂപയുടെ വികസനം. അവയവമാറ്റ ശസ്‌ത്രക്രിയയിൽ രാജ്യത്തുതന്നെ ഏറ്റവും പ്രമുഖ ആരോഗ്യസ്ഥാപനമായി. എംജി സർവകലാശാല അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകളിൽ മുൻനിരയിലെത്തിയതും കഴിഞ്ഞ അഞ്ചുവർഷംകൊണ്ടാണ്. മണ്ഡലത്തിൽ 121.825 കിലോമീറ്റർ റോഡ് ബിഎം, ബിസി നിലവാരത്തിലാക്കി. അതിരമ്പുഴ ജങ്‌ഷൻ നവീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ 595 വീടുകൾ പൂർത്തിയാക്കി. ടൂറിസം മേഖലയിൽ കുമരകം കുതിച്ചു.
2011 മുതൽ എൽഡിഎഫ് ജയിച്ചുവരുന്ന മണ്ഡലത്തിൽ 2021ൽ വി എൻ വാസവൻ 14,303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഏറ്റുമാനൂർ നഗരസഭയും ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, അയ്‌മനം, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.
കോൺഗ്രസിന്റെ ജോസഫ് വാഴയ്‌ക്കന് നൽകിയ സീറ്റ് അവസാന നിമിഷം അട്ടിമറിയിലൂടെ നാട്ടകം സുരേഷ് സ്വന്തമാക്കിയതിന്റെ പ്രശ്‌നങ്ങൾ കോൺഗ്രസിൽ തീർന്നിട്ടില്ല. ഒന്നര ലക്ഷം പോസ്‌റ്ററുകളും 2,500 ഫ്ലെക്‌സും വാഴയ്‌ക്കൻ അടിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായി നടി വീണാ നായരെ പ്രഖ്യാപിച്ച് ട്വന്റി–ട്വന്റി ഇളിഭ്യരായി. നടിക്ക് മണ്ഡലത്തിൽ വോട്ടില്ല. ഒടുവിൽ റീൽസ് താരം ആതിര ഡി നായരെ സ്ഥാനാർഥിയാക്കി.










0 comments