ഇത് സൗഹൃദ വോട്ട്

വള്ളക്കടവ് എൽ പി എസ്സിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ സൗഹൃദം പങ്കിടുന്ന നസീമാ ബീവിയും ആബിദാ ബീവിയും
തിരുവനന്തപുരം
"അള്ളാഹ് എത്ര നാളായി നിന്നെ കണ്ടിട്ട്, നീ ആര്‍ക്കാ വോട്ട് ചെയ്തെ, അവിടെ തിരക്കുണ്ടോ' തിരുവനന്തപുരം മണ്ഡലത്തിലെ വള്ളക്കടവ് എല്‍പി സ്കൂളിലെ പോളിങ് ബൂത്തിലേക്ക് മകന്റെ ഒപ്പമെത്തിയ ആബിദ ബീവി ഒറ്റശ്വാസത്തിലായിരുന്നു ഈ ചോദ്യങ്ങളെല്ലാം. പോളിങ് ബൂത്തിന് മുന്നില്‍ നിന്ന തന്റെ കൂട്ടുകാരി നസീമയെ മാസങ്ങള്‍ക്കിപ്പുറം കണ്ടതിന്റെ സന്തോഷമായിരുന്നു ആബിദയ്ക്ക്. പിന്നെ വിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങിയതിന് ഇടയ്ക്ക് ഈ മാസത്തെ പെന്‍ഷന്‍ പണവും പെരുന്നാളുമെല്ലാം വിഷയങ്ങളായെത്തി. തിരുവനന്തപുരത്ത് എല്ലാം ഉഷറാണ്, അതുകൊണ്ടാണല്ലോ തങ്ങളുടെ വോട്ട് അവസരം പാഴാക്കാതെ ഓടിയെത്തിയത്. എല്ലാതവണയും വോട്ട് ചെയ്യുന്നതാണ്. അസുഖവും കാലുവേദനയുമൊന്നും വോട്ട് ചെയ്യാതിരിക്കാനുള്ള കാരണമാകില്ല. വോട്ട് ചെയ്യാന്‍ വന്നാല്‍ ദേ ഇതേപോലെ കൂട്ടുകാരെ പലരെയും കാണുകയും ചെയ്യാമെന്ന് ഒരേസ്വരത്തില്‍ രണ്ടാളും പറഞ്ഞു. എന്നാല്‍, ഉറ്റകൂട്ടുകാരിയായിട്ടും വോട്ട് ചെയ്തത് ആര്‍ക്കാണെന്ന സസ്പെന്‍സ് മാത്രം നസീമ ബീവി പങ്കുവച്ചില്ല. ജയിക്കുന്ന പാര്‍ടീടെ സ്ഥാനാര്‍ഥിക്കാണ് വോട്ട്, ഞാന്‍ മനസ്സിലെ ഉറപ്പിച്ചിട്ടാണ് വന്നതെന്നായിരുന്നു കൂട്ടുകാരിക്കുള്ള മറുപടി. ചൂടും വെയിലും ഒന്നും പ്രശ്നമാക്കാതെയാണ് പ്രായഭേദമന്യേ വള്ളക്കടവ് സ്കൂളിലേക്ക് വോട്ടര്‍മാരെത്തിയത്. പ്രായമായ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ വാഹനവും ഒരുക്കി.









0 comments