ജനകീയ ഡോക്ടര്‍ ചെറിയാൻ എം തോമസ് അന്തരിച്ചു

ഡോക്ടര്‍ ചെറിയാൻ എം തോമസ്
തിരുവനന്തപുരം
പ്രമുഖ ഓർത്തോപീഡിക് സർജൻ ചെറിയാൻ എം തോമസ് മണപറമ്പിൽ (83) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ചീഫ് ഓർത്തോപീഡിക് പ്രൊഫസറാണ്. വിരമിച്ചശേഷം സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് വിഭാഗം ഡയറക്ടറായി സേവനമനുഷ്ഠിച്ച്, ഡോ. ചെറിയാൻ തോമസ് 1997ലാണ് വിരമിച്ചത്. സങ്കീർണമായ അസ്ഥിരോഗ ശസ്ത്രക്രിയകളിലൂടെ മെഡിക്കൽ കോളേജിനെ മുന്‍നിരയിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സന്ധിവേദന, ജോയിന്റ് റീപ്ലേസ്‌മെന്റ്, ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയില്‍ വിദഗ്‌ധനാണ്. ട്രോമ കെയർ മാനേജ്‌മെന്റിൽ പുതിയ പ്രോട്ടോക്കോൾ നടപ്പാക്കിയത് ചെറിയാന്‍ തോമസാണ്. സങ്കീർണമായ ശസ്ത്രക്രിയാ രീതികൾ ലളിതമായി പഠിപ്പിച്ച മികച്ച അധ്യാപകൻകൂടിയായിരുന്നു അദ്ദേഹം. നിർധന രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും ചെലവുകുറഞ്ഞ ചികിത്സകൾ നൽകാനും അദ്ദേഹത്തിന്റെ വൈദഗ്ധ്യം സാഹചര്യമൊരുക്കി. തിങ്കൾ രാവിലെ ആലുവയിലെ വസതിയിൽ പൊതുദർശനം നടക്കും. സംസ്കാരം പകൽ മൂന്നിന് പുതുപ്പള്ളി മോറിയ മാർത്തോമാ പള്ളിയില്‍. ഭാര്യ: റബീക്ക ചെറിയാൻ. മക്കൾ: ഡോ. തോമസ് ചെറിയാൻ, ഡോ. സാറ ചെറിയാൻ. മരുമക്കൾ: ഡോ. ബിന്ദു ചെറിയാൻ, ഡോ. തോമസ് അരുൺ വർഗീസ്.










0 comments