ഏത് യക്ഷി...
സുമതി വളവൊക്കെ സ്മാര്‍ട്ടായി

സുമതി വളവിന് സമീപം മൈലമൂട്ടിലെ ഓട്ടോ ഡ്രൈവർമാരായ രാജനും സുബിനും
എസ് കിരൺബാബു
Published on Mar 29, 2026, 12:00 AM | 2 min read
തിരുവനന്തപുരം
‘സുമതി വളവ്’– എന്നുപറഞ്ഞാൽ ഇന്ന് മലയാളികൾക്കെല്ലാം അറിയാം. തലസ്ഥാനത്തെ മലയോരമേഖലയായ പാലോടുനിന്ന് 4 കിലോമീറ്റർ അകലെ മൈലമൂടിന് അടുത്തുള്ള ഇൗ വനപ്രദേശത്തെക്കുറിച്ച് പേടിപ്പെടുത്തുന്ന യക്ഷിക്കഥകൾ പലരും പലതരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്. രാത്രിയാൽ യക്ഷിയിറങ്ങുമെന്നും ഇൗ പ്രദേശത്തുകൂടെ സഞ്ചരിക്കരുതെന്നുമുള്ള കഥകളായിരുന്നു ഏറെ. പ്രേതക്കഥകളുടെ മറവിൽ മോഷണവും പിടിച്ചുപറിയും പതിവായിരുന്ന, സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരുന്ന സുമതി വളവ് ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. സുമതി വളവ് ഉൾപ്പെടുന്ന വാമനപുരം–ചിറ്റാർ റോഡ് എംഎൽഎ ഡി കെ മുരളിയുടെ നേതൃത്വത്തിൽ ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു. കിഫ്ബി ഫണ്ടിൽനിന്ന് രണ്ടുഘട്ടമായി അനുവദിച്ച 35.75 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്‌ഘാടനം ചെയ്‌തത്. സുമതി വളവിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ഇരുവശത്തെയും കാട് വെട്ടിത്തെളിച്ചു. റോഡിന് ഇരുവശവവും ഓടകൾ നിർമിച്ച് സ്ലാബുകളും സ്ഥാപിച്ച് നടപ്പാതകളുമൊരുക്കി. "ദാ ഈ റോഡ് കണ്ടില്ലേ... നമ്മുടെ ഡി കെ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. ഈ റോഡ് വന്നതോടെ മലയോര മേഖലയുടെ വലിയ യാത്രാക്ലേശത്തിനാണ് പരിഹാരമായത്. നടുവൊടിയാതെ വണ്ടിയോടിക്കാം, റോഡ് നന്നായതോടെ നല്ല മൈലേജും കിട്ടുന്നു– മൈലമൂട്ടിലെ ഓട്ടോ ഡ്രൈവർമാരായ രാജനും സുബിനും പറയുന്നു." 20 വർഷത്തോളമായി ഞാനിവിടെ ഓട്ടോ ഓടിക്കുന്നുണ്ട്. പലരും യക്ഷിക്കഥകൾ പ്രചരിപ്പിച്ച് കവർച്ചയും പിടിച്ചുപറിയുമൊക്കെ നടത്തിയിരുന്നു. വെള്ളവസ്ത്രം ധരിച്ച് സ്ത്രീകളെ കൊണ്ടുവന്ന് പണം തട്ടിയെടുത്ത സംഭവങ്ങൾ പണ്ട് കേട്ടിട്ടുണ്ട്. പകൽപോലും വരാൻപറ്റാത്ത പ്രദേശമായിരുന്നു. മൃതദേഹങ്ങൾവരെ കൊണ്ടുതള്ളിയിരുന്ന പ്രദേശമല്ലേ. ഇന്ന് ഇവിടെ ഏത് പാതിരാത്രിയും ആർക്കും വരാം. അവധി ദിവസങ്ങളിൽ ഇപ്പോൾ സഞ്ചാരികളും എത്തുന്നുണ്ട് –രാജൻ പറയുന്നു.
വാമനപുരം മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 92 ശതമാനം റോഡും ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു. പ്രധാനപ്പെട്ട തദ്ദേശ റോഡുകളും ആധുനിക നിലവാരത്തിലാക്കി. റോഡ് വികസനത്തിനുമാത്രം 971.71 കോടി രൂപയാണ് ചെലവഴിച്ചത്. എംസി റോഡിലുള്‍പ്പെട്ട മണ്ഡലത്തിലെ പ്രധാന ടൗണായ വെഞ്ഞാറമൂടിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിദഗ്ധസമിതി ശുപാര്‍ശ ചെയ്ത മേല്‍പ്പാലം നിര്‍മാണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളും ആരംഭിച്ചു.










0 comments