print edition തുടർവിജയത്തിന് പ്രോഗ്രസ്സ് റിപ്പോർട്ടും ഘടകമായി

കണ്ണൂർ: എൽഡിഎഫിന്റെ തുടർവിജയത്തിന് സർക്കാർ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടും ഘടകമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവഴി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാൻ ജനങ്ങൾക്ക് കഴിഞ്ഞു. ഏതെല്ലാം പദ്ധതികൾ എത്രകണ്ട് നടപ്പായി എന്ന് മനസ്സിലാകുന്പോൾ നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്നുണ്ടാകുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തിൽ മികച്ച പ്രവർത്തനമാണ് നടന്നത്. ദേശീയപാത 66ന്റെ നിർമാണത്തിന് സംസ്ഥാന സർക്കാർ 25 ശതമാനം തുകയാണ് നൽകിയത്. മറ്റൊരു സംസ്ഥാനത്തിനും ഇൗ അവസ്ഥയുണ്ടായില്ല. മലയോര ഹൈവേയും തീരദേശപാതയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറയാകുന്ന പദ്ധതികളായി പുരോഗമിക്കുന്നു. ഗ്രാമീണ റോഡുകളും മികച്ച നിലവാരത്തിലേക്കുയർത്താനായി.
ഗതാഗതരംഗത്ത് വലിയ മാറ്റമുണ്ടാക്കുന്ന ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണവും ആരംഭിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി 2028ൽ പൂർത്തിയാക്കാനുള്ള നിലയിലേക്ക് എത്തിച്ചു. എല്ലാ ഘട്ടങ്ങളും ഒന്നിച്ചാക്കി പൂർണതയിലേക്കെത്തിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സുരക്ഷിതഭാവിക്ക് അഷ്വേഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കി.
അവസാന ശമ്പളത്തിന്റെ 50 ശതമാനമാണ് പെൻഷനായി ലഭിക്കുക. പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റിൽ 150 കോടി രൂപ അനുവദിച്ചു. പ്രവാസികൾക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനമാണ് ഇതിലൂടെ സാധ്യമായത്. മുന്നാക്ക, പിന്നാക്ക, ന്യൂനപക്ഷ വ്യത്യാസമില്ലാതെ തുല്യനീതി ഉറപ്പാക്കാൻ ജെ ബി കോശി കമീഷന്റെ 220 ശുപാർശകൾ നടപ്പാക്കി.
സാമൂഹ്യക്ഷേമവും അടിസ്ഥാനസൗകര്യവികസനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന സമഗ്ര വികസന മാതൃകയാണ് ആവിഷ്‌കരിച്ചത്. പുതിയ വെല്ലുവിളികളെ ഏറ്റെടുത്ത് അതിജീവനത്തിന്റെ മാതൃകകൾ സൃഷ്ടിച്ചാണ് നവകേരളം പടുത്തുയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments