print edition മൂന്നാം പിണറായി സർക്കാർ വരുമെന്നതിൽ സംശയമില്ല: തേജസ്വി യാദവ്

സ്വന്തം ലേഖിക
Published on Apr 02, 2026, 12:01 AM | 1 min read
കോഴിക്കോട്: അർഹമായ ആവശ്യങ്ങൾ പോലും പരിഗണിക്കാതെ മോദി സർക്കാർ ഞെരുക്കുമ്പോഴും സമഗ്ര മേഖലയിലും മുന്നേറുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്ന് ആർജെഡി വർക്കിങ് പ്രസിഡന്റും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. പേരാമ്പ്ര, വടകര മണ്ഡലം എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷം സമാനതകളില്ലാത്ത വികസനമാണ് കേരളത്തിലുണ്ടായത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള വികസനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് സർക്കാർ നടപ്പാക്കി. അപ്പോഴും മോദി സർക്കാർ എല്ലാ രീതിയിലും കേരളത്തെ ഞെരുക്കാനാണ് ശ്രമിച്ചത്. ദുരന്തകാലത്ത് പോലും കേരളത്തിന് ന്യായമായ ആവശ്യങ്ങൾ അനുവദിച്ചില്ല.
എൽഡിഎഫ് വിജയം നാടിന്റെ അനിവാര്യതയാണ്. മൂന്നാം പിണറായി സർക്കാർ വരുമെന്നതിൽ ഒരു സംശയവുമില്ല. ബിഹാറും മറ്റു സംസ്ഥാനങ്ങളും കേരളത്തെ പോലെയാവണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. പാവപ്പെട്ടവരോടുള്ള കരുതൽ മുതൽ മൂലധന നിക്ഷേപത്തിലുള്ള വർധന വരെ കേരളത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തുതന്നെ മാതൃകയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അവർ ജനാധിപത്യത്തിന് വില കൽപ്പിക്കുന്നില്ല. അവരെ മണ്ണിൽ കാലുകുത്താൻ അനുവദിക്കാത്ത കേരളത്തിന്റെ നിലപാട് എടുത്തു പറയേണ്ടതാണെന്നും തേജസ്വി പറഞ്ഞു.









0 comments