ad
Deshabhimani

​നാടിനെ ഇരുട്ടിലാക്കുന്നത്‌ യുഡിഎഫ്‌ സർക്കാരിന്റെ ആസൂത്രണമില്ലായ്‌മ

editorial.

https://admin-prd.deshabhimani.com/admin/collections/news

വെബ് ഡെസ്ക്

Published on Jul 17, 2026, 04:02 AM | 2 min read

മുൻ യുഡിഎഫ്‌ സർക്കാരിന്റെ ഇരുണ്ട കാലം ഇത്ര പെട്ടെന്ന് തിരിച്ചെത്തുമെന്ന് ആരും കരുതിയില്ല. നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് എല്‍ഡിഎഫ് പത്തുവർഷംമുമ്പത്തെ ഇരുണ്ട കാലത്തെ ഓര്‍മിപ്പിച്ചിരുന്നു. നാട് ആ കാലത്തിലേക്ക്‌ മടങ്ങാതിരിക്കാനായിരുന്നു ഓര്‍മപ്പെടുത്തല്‍. അത്‌ ശരിവച്ചുകൊണ്ട്‌ യുഡിഎഫ് അധികാരത്തില്‍വന്ന് ദിവസങ്ങള്‍ക്കകം പവര്‍കട്ടിന്റെയും ലോഡ് ഷെഡിങ്ങിന്റെയും നാളുകള്‍ തിരിച്ചുവന്നു. മെയ് നാലിനാണ് തെരഞ്ഞെടുപ്പുഫലം വന്നത്. മുഖ്യമന്ത്രിപദവിക്കായുള്ള തർക്കം കാരണം മന്ത്രിസഭാരൂപീകരണം ഏറെ വൈകി. 18ന് അധികാരമേറ്റെങ്കിലും മന്ത്രിമാരുടെ വകുപ്പുവിഭജനം പിന്നെയും നീണ്ടു. വൈദ്യുതിമന്ത്രിയാകട്ടെ ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ടു. വൈദ്യുതിവാങ്ങൽ ഉൾപ്പെടെ ജൂൺ മാസത്തേക്ക്‌ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത് തമ്മിലടിയും കോലംകത്തിക്കലുമായി സമയം കളഞ്ഞു. പിന്നെ എല്ലാ പഴിയും കാലാവസ്ഥയ്ക്കും മുന്‍ സര്‍ക്കാരിനും. കാലവർഷത്തിൽ ഇത്തവണ ചാഞ്ചാട്ടമുണ്ടാകുമെന്ന്‌ മെയ്‌ ആദ്യംതന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഇ‍ൗ സാഹചര്യം കണക്കിലെടുത്ത്‌ യുദ്ധകാലവേഗത്തിൽ വേണ്ട ക്രമീകരണം നടത്തുന്നതിൽ യുഡിഎഫ്‌ സർക്കാർ ആദ്യനാളുകളിൽത്തന്നെ പരാജയപ്പെട്ടു. വൈദ്യുതി ബോര്‍ഡിനും ജാഗ്രതക്കുറവുണ്ടായി.

ജൂൺ പകുതിയോടെയാണ്‌ പ്രശ്‌നത്തിന്റെ തീവ്രത സർക്കാരിന്‌ തിരിച്ചറിയാനായത്‌. ഇതാണ്‌ കർക്കടകത്തിന്റെ തുടക്കത്തിലും കേരളത്തെ ഇരുട്ടിലാക്കുന്നത്‌. നിലവിൽ ദിവസവും 500 മുതൽ 600 വരെ മെഗാവാട്ട്‌ വൈദ്യുതിക്കുറവാണ് സംസ്ഥാനം നേരിടുന്നത്. ആദ്യമായല്ല ഇത്തരം മഴക്കുറവ് അനുഭവപ്പെടുന്നത്‌. കാലവർഷം ദുർബലമായ ഘട്ടങ്ങളിലെല്ലാം പുറത്തുനിന്ന്‌ ആവശ്യത്തിന്‌ വൈദ്യുതി വാങ്ങിയാണ്‌ കേരളം ആവശ്യം നിറവേറ്റിയത്‌. ഇതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്‌. കഴിഞ്ഞദിവസം വൈദ്യുതി ഉപയോഗം 80.4 ദശലക്ഷം യൂണിറ്റായിരുന്നു. ഉല്‍പ്പാദനം 17.18 ദശലക്ഷം യൂണിറ്റും. ബാക്കി വൈദ്യുതി പുറത്തുനിന്ന്‌ വാങ്ങണം. മുന്‍കൂട്ടി ധാരണയുണ്ടായില്ലെങ്കില്‍ യഥാസമയം സംസ്ഥാനത്തിന്‌ ആവശ്യമായ വൈദ്യുതി ലഭ്യമാക്കുക അസാധ്യമാകും. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചവന്നു എന്നത് നിസ്തര്‍ക്കം. അധികനിരക്കില്‍ ഹ്രസ്വകാല കരാറില്‍ വൈദ്യുതി വൈദ്യുവാങ്ങാന്‍ റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കിയിരുന്നു. ഇ‍ൗ അധികവൈദ്യുതി വാങ്ങുന്നതിനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. സര്‍ക്കാരിന്റെ വീഴ്‌ച മറച്ചുവയ്ക്കാനാണ് തൊടുന്യായങ്ങള്‍. ജൂണ്‍ 16നാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങിയത്. അതിനുമുമ്പ് ഏതാനും ദിവസം വൈദ്യുതി ക്രമീകരണം എന്ന വിശേഷണത്തിലായിരുന്നു നിയന്ത്രണം. പ്രഖ്യാപിത ലോഡ്‌ ഷെഡിങ് രാത്രി ഏഴിനും 12നും ഇടയ്ക്ക് അരമണിക്കൂര്‍ വീതമാകുമെന്നാണ് ആദ്യം പറഞ്ഞത്.


ഇപ്പോള്‍ ഏതുസമയത്തും .വൈദ്യുതി നിലയ്‌ക്കുകയാണ്‌. നിയന്ത്രണം എത്ര സമയമെന്നതിനും നിശ്ചയമില്ല. പല സ്ഥലങ്ങളിലും രാത്രി ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍വരെ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്‌. ലോകകപ്പ് സീസണായതിനാല്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും വലിയ നിരാശയും പ്രതിഷേധവുമുണ്ട്‌. വൈദ്യുതി ഉപയോഗം കുറച്ച്, എസിയും ഫാനും ഓഫാക്കി സഹകരിക്കണമെന്നാണ് മന്ത്രിയുടെ അഭ്യർഥന. വൈദ്യുതിപ്രതിസന്ധി സമസ്തമേഖലയെയും ദോഷമായി ബാധിക്കും. കാര്‍ഷിക, വ്യാവസായിക മേഖലയടക്കം ആശങ്കയിലാണ്. ജൂണ്‍ 30 വരെ താല്‍ക്കാലികമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു ആദ്യപ്രഖ്യാപനം. ഡിസംബര്‍വരെ നീളുമെന്നാണ്‌ ഇപ്പോൾ പറയുന്നത്‌. നിയന്ത്രണസമയം ഇനിയും കൂട്ടിയാലും അത്ഭുതപ്പെടാനില്ല. വൈദ്യുതി ഉൽപ്പാദന, വിതരണ, പ്രസരണ രംഗത്ത് വലിയ പുരോഗതിക്കാണ് പത്തുവർഷം സാക്ഷ്യംവഹിച്ചത്. വൈദ്യുതിവിതരണ മേഖലയില്‍ 15,204.71 കോടിയുടെ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രസരണനഷ്ടം കുറയ്ക്കാനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും 10,000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയടക്കം നടപ്പാക്കി. ആഭ്യന്തരോല്‍പ്പാദനശേഷി 690 മെഗാവാട്ടുകൂടി വര്‍ധിപ്പിക്കാനും നടപടിയെടുത്തു. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തുവര്‍ഷം ‍പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ നാട് അറിഞ്ഞില്ല. പുതുയുഗം വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിലെത്തിയ യുഡിഎഫ്‌ ജനങ്ങൾക്ക്‌ സമ്മാനിക്കുന്നത്‌ ആ പഴയ ഇരുണ്ട കാലംതന്നെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home