പത്തനംതിട്ടയിൽ അഞ്ചു സീറ്റും എൽഡിഎഫ് നേടും; രാജു അബ്രഹാം

Photo Credit: Social Media
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ്ണ വിജയം പ്രവചിച്ച് എൽഡിഎഫ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു അബ്രഹാം പറഞ്ഞു. വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക വിലയിരുത്തലുകൾ എൽഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവല്ല, ആറന്മുള മണ്ഡലങ്ങളിൽ ഇത്തവണ ശക്തമായ പോരാട്ടം നടക്കുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും വോട്ടെടുപ്പ് പൂർത്തിയായതോടെ സാഹചര്യം മാറിയെന്ന് രാജു അബ്രഹാം ചൂണ്ടിക്കാട്ടി. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുമായി നേരിട്ട് സംവദിച്ചപ്പോൾ ഭരണവിരുദ്ധ വികാരം ഒരിടത്തും ദൃശ്യമല്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് ബോധ്യപ്പെട്ടതായും ഈ രണ്ട് സീറ്റുകളിലും സുഗമമായ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി താഴെത്തട്ടിൽ നടത്തിയ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളാണ് വിജയപ്രതീക്ഷയ്ക്ക് പിന്നിലെ പ്രധാന ഘടകം. തങ്ങളുടെ വോട്ടർമാരെ പരമാവധി പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ സാധിച്ചു. സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും വോട്ടർമാർക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജു അബ്രഹാം പറഞ്ഞു.
വികസന കാര്യങ്ങളിൽ ഊന്നിയുള്ള എൽഡിഎഫ് പ്രചാരണത്തെ വഴിതിരിച്ചുവിടാനാണ് യുഡിഎഫ് ശ്രമിച്ചത്. അടിസ്ഥാനമില്ലാത്ത വിവാദ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സർക്കാരിന്റെ പ്രവർത്തനങ്ങളെ തമസ്കരിക്കാനായിരുന്നു അവരുടെ നീക്കം. എന്നാൽ പ്രബുദ്ധരായ ജനങ്ങൾ ഇത്തരം വിവാദങ്ങളെ തള്ളിക്കളഞ്ഞു. വർഗീയ ധ്രുവീകരണത്തിനുള്ള യുഡിഎഫ് ശ്രമങ്ങൾ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഒരിടത്തും ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.









0 comments