മാസാണ് കഴക്കൂട്ടം സ്കൂള്‍

കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നിർമിച്ച വർണക്കൂടാരവും ടർഫും
ആന്‍സ് ട്രീസ ജോസഫ്
Published on Mar 27, 2026, 12:00 AM | 1 min read
കഴക്കൂട്ടം
പാഠപുസ്തകങ്ങള്‍ക്കപ്പുറം, ശാസ്ത്ര സാമൂഹ്യ പരിഷ്കര്‍ത്താക്കളെ കുട്ടികള്‍ക്ക് പരിചിതമാകുന്ന ഒരാശയം. കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ക്ലാസ്‌മുറിയിലേക്കുള്ള വഴിയില്‍ത്തന്നെ ഇവരെ പഠിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ബഹുനിലക്കെട്ടിടമായതോടെയാണ് ഈ പുതുതുടക്കവും. സി വി രാമന്‍, രാമാനുജന്‍, ചട്ടമ്പി സ്വാമി, കുമാരനാശാന്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി എന്നിങ്ങനെ ഓരോ ബ്ലോക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ 15.72 കോടി രൂപയുടെ വികസനമാണ് സ്കൂള്‍ നേടിയത്. കിഫ്‌ബി ഫണ്ടില്‍ ആറുകോടി രൂപയാണ് പുതിയ കെട്ടിടത്തിനായി വിനിയോഗിച്ചത്. 1.49 കോടി രൂപയ്ക്ക് 17 ക്ലാസ്‌മുറികള്‍ എസി സ്മാർട്ട് ക്ലാസ്‌മുറികളാക്കി. എംഎൽഎ ഫണ്ടിൽനിന്ന് മൂന്ന് സ്‌കൂൾ ബസുകൾ, എം എ യൂസഫലിയുടെ 50 ലക്ഷം രൂപ സഹായത്തിൽ അത്യാധുനിക സയൻസ്, കംപ്യൂട്ടർ, മാത്തമാറ്റിക്സ് ലാബുകൾ. കൂടാതെ സ്കൂൾ കെട്ടിടങ്ങള്‍ക്ക് നടുവിലായി 1.30 കോടി രൂപ ചെലവഴിച്ച് മൾട്ടി പർപ്പസ് ഗ്രൗണ്ട്. നഗരത്തിലെ സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന പഠനസൗകര്യങ്ങളാണ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മണ്ഡലത്തിന് സമ്മാനിച്ചത്. മന്ത്രിയായിരിക്കെ ഒരുമാസത്തെ വേതനവും സ്‌കൂൾ വികസന ഫണ്ടിലേക്ക് നൽകിയിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വര്‍ണക്കൂടാരം പദ്ധതിയും സ്കൂളിലേക്ക് എത്തിച്ചു. എല്‍പി സ്കൂളിന് പുതിയ കെട്ടിടനിര്‍മാണം ആരംഭിച്ചു. ആധുനികസൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് അഞ്ചുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലിഫ്റ്റും ജനറേറ്ററും ഫയർ സേഫ്റ്റി സംവിധാനങ്ങളും കെട്ടിടത്തിലുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂളിലുണ്ടായത് വലിയ വികസനമാറ്റങ്ങളാണെന്നും ഇത് കൂടുതല്‍ കുട്ടികള്‍ സ്കൂളിലേക്കെത്താൻ സഹായിച്ചെന്നും പ്രധാനാധ്യാപിക ഷീജ ധരന്‍ പറഞ്ഞു. പഠനനിലവാരത്തിലുണ്ടായ ഉയര്‍ച്ച പ്രകടമായതോടെ സ്വകാര്യ സ്കൂളില്‍നിന്നുള്ള കുട്ടികളെയും രക്ഷിതാക്കള്‍ ഇവിടെ ചേര്‍ക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. കുളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശ്രീകാര്യം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഉള്ളൂര്‍ യുപി സ്കൂള്‍, കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ സ്കൂള്‍ തുടങ്ങിയ മണ്ഡലത്തിലെ സ്കൂളുകളെല്ലാം വികസനമുന്നേറ്റത്തിന്റെ സാക്ഷ്യങ്ങളാണ്.










0 comments