ad
Deshabhimani

പട്ടാമ്പിയിലെ പഴയ ഡീൽ! കോൺഗ്രസും ജനസംഘവും കൈകോർത്ത ചരിത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

Pattambi Election 1960

1960ലെ തെരഞ്ഞെടുപ്പ് കാലത്ത് ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ വാർത്തകൾ

വെബ് ഡെസ്ക്

Published on Mar 28, 2026, 06:44 PM | 2 min read

തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫിനും ബിജെപിക്കുമിടയിൽ 'ഡീൽ' ഉണ്ടെന്ന യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് ചരിത്രരേഖകൾ പുറത്ത്. 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ തോൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുക്കൂട്ടുമുന്നണിയും ആർഎസ്എസിന്റെ ആദ്യമുഖമായ ജനസംഘവും കൈകോർത്തതിന്റെ തെളിവുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


ബൈജു ചന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്നത്തെ 'ദേശാഭിമാനി', 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ടുകളെ ഉദ്ധരിച്ച് കോൺഗ്രസിന്റെ വർഗീയ ചങ്ങാത്തം തുറന്നുകാണിച്ചത്.


ഇ എം എസിനെതിരെ ജനസംഘം സ്ഥാനാർഥിയെ പിൻവലിപ്പിച്ചു എന്ന, 1960 ജനുവരി 9ലെ ദേശാഭിമാനിയിലെ മുഖ്യവാർത്ത തന്നെ കോൺഗ്രസ് - ജനസംഘം ബന്ധത്തിന്റെ തെളിവായിരുന്നു. പട്ടാമ്പിയിൽ ഇ എം എസിനെതിരെ നാമനിർദ്ദേശ പത്രിക നൽകിയിരുന്ന ജനസംഘം സ്ഥാനാർഥി മാധവ മേനോനെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുകയായിരുന്നു. ഇ എം എസിനെ നേരിടാൻ കോൺഗ്രസ് - പിഎസ്പി - മുസ്ലീം ലീഗ് മുക്കൂട്ടുമുന്നണിയുടെ സ്ഥാനാർഥി എ രാഘവൻ നായർക്ക് ജനസംഘം പിന്തുണ ഉറപ്പിക്കാനായിരുന്നു സ്ഥാനാർഥിയെ പിൻവലിപ്പിച്ചത്.


പട്ടാമ്പിയിലെ ജനസമ്മതനായ നേതാവ് ഇ പി ഗോപാലന് പകരം ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെ ജനവിധി തേടിയെത്തിയത് മുക്കൂട്ടുമുന്നണിയെ അങ്കലാപ്പിലാക്കിയതാണ് ഇതിന് പിന്നിലെ കാരണം. സ്ഥാനാർഥി ഇ എം എസ് ആണെന്ന് വ്യക്തമായതോടെ എ വി കുട്ടിമാളു അമ്മയെയും പനമ്പിള്ളി ഗോവിന്ദമേനോനെയും പോലുള്ള പ്രമുഖർ മത്സരരംഗത്ത് നിന്ന് മാറിനിന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അന്തസ് പണയപ്പെടുത്തി കോൺഗ്രസിനെ സഹായിക്കാൻ സ്ഥാനാർത്ഥിയെ പിൻവലിച്ച ജനസംഘം നേതൃത്വത്തിനെതിരെ അന്ന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. ജനസംഘം നേതാവായിരുന്ന ചന്ദ്രൻ പുന്നോത്ത് ഇതിനെതിരെ രംഗത്തുവരികയും കോൺഗ്രസിന്റെ ഏകാധിപത്യത്തിന് കൂട്ടുനിൽക്കുന്നത് രാഷ്ട്രത്തോടുള്ള അപരാധമാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത കോൺഗ്രസ് നേതൃത്വം ദീൻദയാൽ ഉപാധ്യായ ഉൾപ്പെടെയുള്ള ജനസംഘം നേതാക്കളെ പട്ടാമ്പിയിൽ പ്രചാരണത്തിന് എത്തിച്ച് തങ്ങളുടെ വർഗീയ മുഖം വെളിപ്പെടുത്തി.


അക്കാലത്തെ 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ടുകൾ പ്രകാരം, മുക്കൂട്ടുമുന്നണി സ്ഥാനാർഥി രാഘവൻ നായർ തന്നെ പട്ടാമ്പിയിലെ കമ്മ്യൂണിസ്റ്റ് കരുത്തിന് മുന്നിൽ പരാജയം സമ്മതിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പട്ടാമ്പിയിൽ പുതിയ ഒരു ആശുപത്രിയും ഒരു ഗവൺമെൻ്റ് ഓഫീസും മറ്റു സൗകര്യങ്ങളുമുണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മണ്ഡലത്തിലുണ്ടായ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ പാർട്ടിക്ക് അനുകൂലമാക്കിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.


"ജനങ്ങളുടെ പിന്തുണയില്ലാത്തതുകൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കാര്യക്ഷമമായ സംഘടന ഇല്ലാത്തതാണ് തന്റെ മനസ്സ് മടുപ്പിക്കുന്നത്" - എന്നായിരുന്നു രാഘവൻ നായരുടെ പ്രതികരണം.


വിമോചന സമരത്തിന്റെ അലയൊലികൾക്കിടയിലും കോൺഗ്രസ് - ലീഗ് - പിഎസ്പി - ജനസംഘം കൂട്ടുകെട്ടിന് പട്ടാമ്പിയിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കേരളത്തിലെ എല്ലാ വർഗീയ, പിന്തിരിപ്പൻ ശക്തികളും ഒന്നിച്ചിട്ടും ഇ എം എസ് ആ തെരഞ്ഞെടുപ്പിൽ 7,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.


വോട്ടിന് വേണ്ടി ആരുമായും കൈകോർക്കുന്ന കോൺഗ്രസ് ശൈലിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർത്തമാനകാലത്ത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി എൽഡിഎഫിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വന്തം പാർട്ടിയുടെ ചരിത്രത്തിലെ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home