print edition നെടുമങ്ങാടു മുതൽ കെ സ്‌റ്റോർവരെ

സുനീഷ് ജോ
Published on Apr 02, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ചന്തസമരത്തിന്റെയും കൊയ്‌ത്തുസമരത്തിന്റെയും പോരാട്ട വീര്യമുള്ള ചുവന്ന മണ്ണാണ് നെടുമങ്ങാട്. സിറ്റിങ് എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ ജി ആർ അനിലാണ് എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിൽ അഞ്ചുവർഷമുണ്ടാക്കിയ വികസന കുതിപ്പും നേട്ടങ്ങളും ‘അനിലേട്ടന്’ വൻഭൂരിപക്ഷം സമ്മാനിക്കുമെന്ന് എതിരാളികൾക്കുപോലും ഉറപ്പുണ്ട്. ഭക്ഷ്യഭദ്രതയിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന മന്ത്രിയെന്ന നിലയിൽ വലിയ സ്വീകാര്യതയുണ്ട് അനിലിന്. വിലക്കയറ്റം പിടിച്ചുനിർത്തിയും സപ്ലൈകോയെ ജനകീയവൽക്കരിച്ചും റേഷൻകടകളെ കെ സ്‌റ്റോറാക്കി മാറ്റിയും വലിയമാറ്റത്തിന് ചുക്കാൻപിടിച്ചു. കേരളത്തോടൊപ്പം നെടുമങ്ങാടും മുന്നേറി കഴിഞ്ഞ പത്തുവർഷം.
മികവാർന്ന റോഡുകൾ, ഉന്നതികളുടെ നവീകരണം, കായിക സൗകര്യങ്ങളുടെ വിപുലീകരണം, സർക്കാർ ഓഫീസുകളുടെ ആധുനീകരണം, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ടൂറിസം മേഖലയുടെ ശാക്തീകരണം എന്നിവയെല്ലാം നാടിനും നാട്ടുകാർക്കും അനുഭവവേദ്യമായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം സ്‌കൂളുകളുടെ നവീകരണത്തിന് 86.69 കോടിയും ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് 23.31 കോടിയും റോഡുകൾക്കായി 1800 കോടിയും വിനിയോഗിച്ചു. വഴയില–പഴകുറ്റി നാലുവരിപ്പാതയാക്കുന്ന 1294 കോടിയുടെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുകയാണ്. പഴകുറ്റി–മംഗലപുരം റോഡ് (238 കോടി), നെടുമങ്ങാട്–മുള്ളിലവിൻമൂട് (103 കോടി) എന്നിവയും മുഖഛായമാറ്റിയ പദ്ധതികളാണ്. അതിദാരിദ്രത്തിൽനിന്ന് 557 പേരെയും മുക്തരാക്കി. ആശുപത്രികൾക്കായി 102.68 കോടി ചെലവഴിച്ചു. 238 കോടിയുടെ ഡിജിറ്റൽ സയൻസ് പാർക്കും മണ്ഡലത്തിലാണ്. 4500 കോടിയിലേറെ രൂപയുടെ വികസനമാണ് നടപ്പാക്കിയത്.
1957 ൽ രൂപീകൃതമായ മണ്ഡലത്തിൽ 12 തവണ വിജയം ഇടതിനൊപ്പമായിരുന്നു. നാലുതവണ യുഡിഎഫിനൊപ്പവും. 23,309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021 ൽ ജി ആർ അനിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാർ അടൂർ പ്രകാശിന്റെ ബിനാമിയാണെന്ന ആരോപണം നേരിടുകയാണ്. മാസങ്ങൾക്ക് മുന്പ് മാത്രം കോൺഗ്രസിൽ എത്തിയ കുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ഒന്പത് ഡിസിസി അംഗങ്ങളും മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാരും രാഹുൽഗാന്ധിക്കും കെപിസിസിക്കും കത്തുനൽകിയിരുന്നു. അത് പരിഗണിക്കാതെയായിരുന്നു സ്ഥാനാർഥി നിർണയം. അതിനാൽ വലിയവിഭാഗം പ്രവർത്തകർ പ്രചാരണപ്രവർത്തനത്തിൽനിന്ന് മാറി നിൽക്കുകയാണ്. യുവരാജ് ഗോകുലാണ് എൻഡിഎ സ്ഥാനാർഥി.










0 comments