ad
Deshabhimani

തിരമാലകൾക്കും ഉയരെ 
പ്രതീക്ഷ...

സെലിൻ, ദീപ, ഐഡ, ആരോഗ്യമ്മ, സുധ, ജെന്നി എന്നിവർ 
ആഴാകുളത്തെ മത്സ്യഫെഡിന്റെ സീഫുഡ് കഫെയിൽ

സെലിൻ, ദീപ, ഐഡ, ആരോഗ്യമ്മ, സുധ, ജെന്നി എന്നിവർ 
ആഴാകുളത്തെ മത്സ്യഫെഡിന്റെ സീഫുഡ് കഫെയിൽ

avatar
സ്വാതി സുജാത

Published on Apr 05, 2026, 12:00 AM | 1 min read

 തിരുവനന്തപുരം

ആർത്തലച്ചെത്തിയ തിരമാലകൾ ജീവിത താളം തെറ്റിച്ചപ്പോൾ, മക്കളുമായി ഒറ്റപ്പെട്ടുപോയ ഒരമ്മയുണ്ടായിരുന്നു അടിമലത്തുറയിൽ– സെലിൻ ലോറൻസ്‌. ഒന്പതുവർഷംമുന്പ്‌ ഓഖി ദുരന്തത്തിലാണ്‌ സെലിന്‌ ഭർത്താവിനെ നഷ്‌ടമായത്‌. പതറാതെ പൊരുതാൻ തയ്യാറായ സെലിനും ദുരന്തം നേരിട്ട മറ്റ് ആറു കുടുംബങ്ങൾക്കും പിന്നീടുള്ള ജീവിതം കരയ്ക്കടുപ്പിക്കാൻ തുണയായത്‌ ഫിഷറീസ് വകുപ്പിന്റെ ആഴാകുളത്തെ കേരള സീ ഫുഡ് കഫേ. "എനിക്കൊരു സർക്കാർ ജോലിയുണ്ടെന്ന് മറ്റുള്ളവരോട്‌ അഭിമാനത്തോടെ പറയാം. ആ കരുത്തിലാണ് മക്കളെ വളർത്തുന്നത്'–സെലിന്റെ വാക്കുകളിൽ ആത്മവിശ്വാസം. തുച്ഛവരുമാനത്തിന്‌ ഹോട്ടലുകളിലും ടെക്സ്റ്റൈൽ ഷോപ്പുകളിലും അലഞ്ഞ സെലിന്‌, വരുമാനമാർഗത്തിനപ്പുറം ആത്മാഭിമാനത്തിന്റെ അടയാളമാണ്‌ ഈ ജോലി. ബില്ലിങ്‌ ഉൾപ്പെടെ കൃത്യമായി നിർവഹിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരി മകൾക്ക് 25,000 രൂപയും നാലാം ക്ലാസുകാരനായ മകന് 10,000 രൂപയും വാർഷിക സഹായമായി സർക്കാർ നൽകുന്നുണ്ട്‌. 2035 വരെയുള്ള മക്കളുടെ വിദ്യാഭ്യാസ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 2025 വരെയുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിച്ചെന്നും സെലിൻ പറഞ്ഞു. ​ഭർത്താവിന്റെ മൃതദേഹം ലഭിക്കാത്തതിനാൽ മരണസർട്ടിഫിക്കറ്റിനായി നിയമക്കുരുക്കുകളിൽപെട്ടപ്പോഴും തുണച്ചത് സർക്കാരാണ്‌. കുടിശ്ശികയായിരുന്ന പെൻഷൻ ലഭ്യമാക്കിയും സർക്കാർ ചേർത്തുനിർത്തി. ഭവനപദ്ധതിയിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്നു. കാരണം സർക്കാർ അന്ന് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കപ്പെടുന്നുണ്ട്. തങ്ങളെ ചേർത്തുപിടിക്കാൻ തുടർഭരണം അനിവാര്യമാണെന്നും സെലിൻ പറഞ്ഞു. ​ആഴാകുളം ജങ്‌ഷനിലെ തുറമുഖവകുപ്പിന്റെ 20 സെന്റിലാണ്‌ ഫിഷറീസ് വകുപ്പ് 1.50 കോടി രൂപ ചെലവിട്ട്‌ ആധുനിക റസ്റ്റോറന്റ് നിർമിച്ചത്. ശീതീകരിച്ച കെട്ടിടത്തിൽ ഒരേസമയം 60 പേർക്ക് ഭക്ഷണം കഴിക്കാം. ഓഖി ദുരന്തത്തിൽപ്പെട്ട കുടുംബത്തിലെ സ്ത്രീകൾ ഭക്ഷണമൊരുക്കുന്നതിൽ പങ്കാളികളാകും. ഇവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ കാറ്ററിങ്‌ ടെക്നോളജിയിൽ (ഐഎച്ച്എംസിടി) ഇതിനായി പരിശീലനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home