പുന്നാവൂർ പാലം വഴി ‘ഹാപ്പി ജേർണി’

പുന്നാവൂർ പാലം
വിനീത് ഗോവിന്ദ്
Published on Mar 29, 2026, 12:00 AM | 1 min read
കാട്ടാക്കട ഓരോ
പാലവും റോഡും ഒരു നാടിന്റെ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ, പുന്നാവൂർ പാലത്തിന്റെ കഥ വ്യത്യസ്തമാണ്. പതിറ്റാണ്ടുകൾക്കുമുന്പാണ് നെയ്യാർ ഇറിഗേഷൻ കനാലിന് കുറുകേ ഇൗ പാലം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താൽ പാലം ജീർണിച്ചു. ഒരു പതിറ്റാണ്ട് കാലമായി പൊളിച്ചുപണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഭാര വാഹനങ്ങൾ പോകുമ്പോൾ കുലുങ്ങുന്ന സ്ഥിതിയായിരുന്നു. വീതിയില്ലാത്ത പാലത്തിന് ബലക്ഷയം തന്നെയായിരുന്നു വലിയ ഭീഷണി. സമീപത്തെ കരിങ്കൽ ക്വാറിയിൽനിന്ന് അമിതഭാരവുമായി ലോറികൾ ചീറിപ്പായുമ്പോൾ കാൽനടയാത്രക്കാർപോലും ഭയന്നിരുന്നു. മാറനല്ലൂർ പഞ്ചായത്തിലോ പരിസരപ്രദേശങ്ങളിലോ എവിടെയെങ്കിലും രാഷ്ട്രീയ വിശദീകരണയോഗത്തിന് എത്തിയാൽപോലും അന്നത്തെ ജനപ്രതിനിധിയായിരുന്ന എൻ ശക്തൻ പാലം പൊളിച്ചുപണിയുമെന്ന് പ്രഖ്യാപനംമാത്രം നടത്തും. മാറനല്ലൂർ ധർമം വീട് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പുന്നാവൂർ, അരുവിക്കര ഭാഗത്തുള്ള വിദ്യാർഥികളും മാറനല്ലൂർ ഭാഗത്തുനിന്നുള്ള പുന്നാവൂർ എൽപിഎസിലെ കുട്ടികളുടെയും ഏക യാത്രാമാർഗമായിരുന്ന ഇൗ പാലത്തിലെ അപകടാവസ്ഥയെന്നും രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഐ ബി സതീഷ് എംഎൽഎയായതോടെ പുതിയ പാലം നിർമിക്കാൻ ശ്രമം തുടങ്ങി. നിലവിലെ പാലം ബലപ്പെടുത്തിയാൽ മതിയെന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ആദ്യഘട്ടത്തിൽ ഒരു തടസ്സമായി. എംഎൽഎ തന്റെ ശ്രമങ്ങൾ തുടർന്നു. ഒടുവിൽ 2021 ഡിസംബർ 31ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാലുകോടി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ പാലത്തിന് കല്ലിട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ പണി പുരോഗമിച്ചപ്പോൾ 2024ൽ മന്ത്രി തന്നെ പാലം നാടിന് സമർപ്പിച്ചു. ബിഎംബിസി നിലവാരത്തിൽ മാറനല്ലൂർ–അരുവിക്കര റോഡുകൂടി തയ്യാറായതോടെ പുന്നവൂർ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ ഹാപ്പിയായി.











0 comments