തൃക്കണ്ണാട് തീര സംരക്ഷണ പ്രവൃത്തി പാതിവഴിയിൽ നിലച്ചു

ബേക്കൽ തൃക്കണ്ണാട് കടപ്പുറത്ത് സംരക്ഷണഭിത്തി നിർമാണം നിലച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jul 16, 2026, 02:58 AM | 2 min read
തൃക്കണ്ണാട്
കടലേറ്റം ശക്തമായ തൃക്കണ്ണാടിലെ തീരസംരക്ഷണ പ്രവൃത്തി വീണ്ടും പാതിവഴിയിൽ സ്തംഭിച്ചു. ഇത്തവണ കാലവർഷം ശക്തമാകുന്നതിനുമുമ്പെങ്കിലും കരിങ്കൽഭിത്തി നിർമിക്കുന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. കഴിഞ്ഞവർഷം നാട്ടുകാർ കലക്ടറേറ്റ് വളഞ്ഞും തീരദേശപാത ഉപരോധിച്ചും സമരംചെയ്തിരുന്നു. എംഎൽഎയായിരിക്കെ സി എച്ച് കുഞ്ഞമ്പുവിന്റെ ഇടപെടലും ഉദുമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആവശ്യവും പരിഗണിച്ചാണ് 50 ലക്ഷംരൂപ ചെലവിൽ ഈകാലവർഷത്തിന് മുമ്പായി കരിങ്കൽഭിത്തി നിർത്താൻ പദ്ധതിയായത്. ജലസേചന വകുപ്പിന്റെ കീഴിലാരംഭിച്ച പ്രവൃത്തി മൂന്നുമാസത്തിനകംതന്നെ പലതവണ നിർത്തിവച്ചു. കരിങ്കൽ കൊണ്ടുവന്നിരുന്ന സ്വകാര്യവ്യക്തിയുടെ ക്വാറിയിൽനിന്നു അനധികൃതമായി കരിങ്കൽ പൊട്ടിച്ചെടുക്കുന്നത് നാട്ടുകാർ എതിർത്തതോടെ ക്വാറി നിർത്തലാക്കിയതാണ് ഒരു മാസം മുമ്പ് മുടങ്ങാൻ കാരണം. വീണ്ടും ആരംഭിച്ച പ്രവൃത്തിയാണ് നിർത്തിവച്ചിരിക്കുന്നത്. 3708.88പ്രവൃത്തി മെട്രിക് ടൺ വലിയ കരിങ്കല്ലുകൾ നിരത്തിയാണ് തീര സംരക്ഷണ പദ്ധതി. അടുത്തകാലത്തായി 30 മീറ്റർ തീരം ഇവിടെ കടലെടുത്തു. റോഡിന്റെ ഒരുഭാഗത്തെ മൺതിട്ട ഇല്ലാതായി. റോഡിനപ്പുറത്താണ് പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. സംസ്ഥാനപാതയും കടലും തൃക്കണ്ണാട് ക്ഷേത്രമതിലും തമ്മിലുള്ള ദൂരം ഇപ്പോൾ 35 മീറ്ററിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞവർഷം ജലസേചന വകുപ്പ് 25 ലക്ഷം ചെലവഴിച്ച് നിർമിച്ചിക്കുന്ന ജിയോ ബാഗ് കടൽ ഭിത്തിയും നശിച്ചു. കടലേറ്റം ഈനിലയിൽ തുടർന്നാൽ വൈകാതെ സംസ്ഥാനപാതയും കടലെടുക്കുമെന്ന ഭയത്തിലാണ് നടപടിയാരംഭിച്ചത്. ക്ഷേത്രത്തിന് മുമ്പിൽനിന്ന് കടലിലേക്ക് ഇറങ്ങാനും മീൻപിടിത്ത തൊഴിലാളികൾക്ക് തോണികൾ കയറ്റാനും ഇറക്കാനുമായി 15 മുതൽ 20 മീറ്റർ വരെ വീതിയിൽ തീരത്ത് മണ്ണിനടിയിൽ മാത്രം കല്ല് നിരത്താനുമാണ് തീരുമാനം. ഈ ഭാഗത്ത് ഭൂനിരപ്പിന് മുകളിലേക്ക് കല്ല് നിരത്തേണ്ടതില്ലെന്നും ധാരണയാക്കിയിരുന്നു. കടൽത്തീരത്ത് മണ്ണിനടിയിലും മുകളിലുമായി മൂന്നര മീറ്റർ കല്ല് നിരത്തുന്നതിനാണ് കരാർ. ഒരു കല്ലിന് 300 മുതൽ 1000 കിലോവരെ തൂക്കമുള്ള വലിയതരം കല്ലുകളാണ് ഉപയോഗിക്കേണ്ടത്. കരിങ്കല്ലുമായെത്തിയ ലോറികളും അടിത്തറ കുഴിക്കാനെത്തിയ മണ്ണു മന്ത്രിയുമെല്ലാം കടപ്പുറത്തേക്കിറങ്ങിയ ചാലുകളിലൂടെ തന്നെയാണ് ഇപ്പോൾ സംസ്ഥാന പാതയുടെ ഓവ് ചാലിലൂടെ വരുന്ന വെള്ളവും ഒഴുകുന്നത്. നിലവിൽ തെക്കേ ഭാഗത്തുനിന്ന് വടക്കേ ഭാഗത്തേക്കുള്ള 128 മീറ്റർ തീരം വലിയ കരിങ്കല്ലുകൾ നിരത്തുന്നതിനായെടുത്ത കുഴികളിൽ മണൽ നിറഞ്ഞു. മഴയില്ലാതെ പണിപൂർത്തിയാക്കാൻ പറ്റിയ കാലാവസ്ഥയാണെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.










0 comments