ad
Deshabhimani

ഇനിയും എത്രകാലം കാത്തിരിക്കണം

തലശേരി റെയിൽവേ സ്‌റ്റേഷനിലെ മേൽക്കൂരയില്ലാത്ത പാർക്കിങ് കേന്ദ്രം

തലശേരി റെയിൽവേ സ്‌റ്റേഷനിലെ മേൽക്കൂരയില്ലാത്ത പാർക്കിങ് കേന്ദ്രം

avatar
പി ദിനേശൻ

Published on Jul 16, 2026, 02:50 AM | 2 min read

തലശേരി

ദീർഘദൂര വണ്ടികൾക്ക്‌ കണ്ണൂരിലോ കോഴിക്കോടോ പോയി കയറേണ്ട ഗതികേടിലാണ്‌ തലശേരിയിലെ യാത്രക്കാർ. ഇ‍ൗ ദുരവസ്ഥ എന്ന്‌ അവസാനിക്കുമെന്നാണ്‌ യാത്രക്കാരുടെ ചോദ്യം. ദിവസസേനെ ആയിരക്കണക്കിന്‌ യാത്രക്കാർ ആശ്രയിക്കുന്ന സ്‌റ്റേഷനായിട്ടും സ്‌റ്റോപ്പ്‌ അനുവദിക്കുന്നതിൽ റെയിൽവേ ബോർഡിന്റെ പരിഗണനയിൽ പലപ്പോഴും തലശേരി വരാറില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ കൊച്ചുവേളി–മുംബൈ ലോകമാന്യതിലക്‌ ഗരീബ്‌ രഥ്‌ എക്‌സ്‌പ്രസ്‌. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായി 40 കിലോമീറ്ററിൽ നാല്‌ സ്‌റ്റോപ്പ്‌ അനുവദിച്ച റെയിൽവേക്ക്‌ കോഴിക്കോടിനും കണ്ണൂരിനുമിടയിലെ 90 കിലോമീറ്ററിൽ ഒരു സ്‌റ്റോപ്പ്‌ അനുവദിക്കാൻ പോലും തോന്നിയില്ല. മംഗ്ളൂരു-– രാമേശ്വരം പ്രതിവാര എക്പ്രസ് സർവീസ്‌ ആരംഭിച്ചപ്പോഴും തലശേരിക്ക്‌ അവഗണനയായിരുന്നു. എംപിക്കും ഡിവിഷനൽ റെയിൽവേ മാനേജർക്കും മൂന്നുതവണ പാസഞ്ചേഴ്‌സ്‌ അസോസിയേഷൻ നിവേദനം നൽകിയിട്ടും കടലാസിന്റെ വിലപോലുമുണ്ടായില്ല. രാമേശ്വരം എക്‌സ്‌പ്രസ്‌ ആഴ്‌ചയിൽ മൂന്നു ദിവസമാക്കി മാറ്റുന്പോഴെങ്കിലും സ്‌റ്റോപ്പ്‌ പരിഗണിക്കുമെന്ന്‌ പ്രതീക്ഷിക്കാം. വന്ദേഭാരത്‌ നിർത്താത്ത സ്‌റ്റേഷനെന്ന പേരുദോഷം മഡ്ഗോൺ-–മംഗ്ളൂരു വന്ദേഭാരത്‌ കോഴിക്കോട്ടേക്ക് നീട്ടുന്പോൾ മാറുമെന്നു കരുതാം. നിരന്തര മുറവിളിക്കൊടുവിൽ അന്ത്യോദയ എക്‌സ്‌പ്രസ്‌ നിർത്തിയതാണ്‌ സമീപകാലത്തുണ്ടായ നേട്ടം. മഴകൊണ്ട്‌ 
നിൽക്കണോ അമൃത്‌ ഭാരത്‌ പദ്ധതിയിൽ 22.36 കോടി രൂപയുടെ വികസനമാണ്‌ തലശേരി സ്‌റ്റേഷനിൽ റെയിൽവേ പ്രഖ്യാപിച്ചത്‌. സ്‌റ്റേഷന്‌ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ മരങ്ങൾ മുറിച്ച്‌ പാർക്കിങ്ങ്‌ കേന്ദ്രം സ്ഥാപിച്ച്‌ ഇന്റർലോക്ക്‌ പതിച്ചതാണ്‌ പ്രധാന മാറ്റം. വിശാലമായ പാർക്കിങ് സ‍ൗകര്യം വന്നെങ്കിലും മേൽകൂരയില്ലാത്തതിനാൽ വാഹനങ്ങൾ മഴയും വെയിലുമേറ്റ്‌ കിടക്കുന്നു. ​ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ചുവരിനോട്‌ ചേർത്ത്‌ എച്ച്‌പിഎൽ ഷീറ്റ്‌ വച്ച്‌ മോടികൂട്ടിയതല്ലാതെ സ്‌റ്റേഷൻ കെട്ടിടത്തിൽ കാര്യമായ മാറ്റം നവീകരണത്തിലുണ്ടായിട്ടില്ല. പഴയ കെട്ടിടത്തിന്റെ അടിത്തറ ബലമില്ലാത്തതിനാൽ രണ്ടാം നില പണിയുന്നത്‌ ഉപേക്ഷിച്ചു. പുതിയ ലിഫ്‌റ്റും എസ്‌കലേറ്ററും സ്ഥാപിച്ചതും പ്രധാന കവാടം പുതുക്കിയതുമാണ്‌ ആകെ വന്ന മാറ്റം. പഴയ ടിക്കറ്റ്‌ ക‍ൗണ്ടർ കാത്തിരിപ്പ്‌ കേന്ദ്രം ആക്കിയെങ്കിലും വാഷ്‌ ഏരിയ ഇവിടെ ഇല്ല. പ്ലാറ്റ്‌ഫോമുകൾക്ക്‌ പൂർണമായും മേൽക്കൂര ഇല്ലാത്തതിനാൽ പലസ്ഥലങ്ങളും ചേർന്നൊലിക്കുന്നു. സ്‌റ്റേഷനിലെ റിട്ടയറിങ് റൂം റെയിൽവേ പൂർണമായും കൈയൊഴിഞ്ഞു. താൽപര്യമുള്ളവർക്ക്‌ നടത്തിപ്പിന്‌ നൽകാമെന്നതാണ്‌ പുതിയ നിലപാട്‌. എല്ലാവണ്ടികളും നിർത്തുന്ന വലിയൊരു ജങ്‌ഷനാക്കി തലശേരിയെ വികസിപ്പിക്കാൻ നിർദിഷ്‌ട മൈസൂരു പാത വന്നാൽ സാധിക്കും. അതേക്കുറിച്ച്‌ നാളെ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home