ad
Deshabhimani

എയർപോർട്ട്‌ ലിങ്ക്‌ റോഡ്‌

ഭൂവുടമകളുടെ അക്ക‍ൗണ്ടിൽ പണം ലഭിച്ചുതുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 16, 2026, 02:48 AM | 2 min read


തളിപ്പറന്പ്‌

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കൊളോളം –ചാലോട്‌ വിമാനത്താവളം ലിങ്ക് റോഡിന്‌ ഭൂമി കൈമാറിയ ഭൂവുടമകൾക്ക്‌ പണം ലഭിച്ചു തുടങ്ങി. രേഖകൾ കൃത്യമായി സമർപ്പിച്ച്‌ പരിശോധന പൂർത്തിയാക്കിയവരുടെ എക്ക‍ൗണ്ടിലേക്കാണ്‌ പണമെത്തിത്തുടങ്ങിയത്‌. ആദ്യഘട്ടമായി കുറുമാത്തൂർ പഞ്ചായത്തിലെയും ആന്തൂർ നഗരസഭയിലെയും ഭുവുടമകൾക്കാണ്‌ പണമെത്തിയത്‌. മയ്യിൽ, ആന്തൂർ, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, കൂടാളി, കീഴല്ലൂർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡ്‌ തളിപ്പറന്പ്‌ –ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിച്ച്‌ രണ്ട്‌ സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ്‌ നവീകരിക്കാൻ അനുമതിയായത്‌. 306.49 കോടി രൂപയ്‌ക്ക്‌ പദ്ധതി ടെൻഡറായി റോഡ്‌ നിർമാണ പ്രവൃത്തി ഉദ്‌ഘാടനവും നടന്നിരുന്നു. റോഡിന്‌ ഏറ്റെടുക്കേണ്ട 7.154 ഹെക്ടർ ഭൂമിയ്‌ക്ക്‌ നഷ്ടപരിഹാരം നൽകാൻ 73.9 കോടി രൂപയാണ്‌ അന്നത്തെ എംഎൽഎ എം വി ഗോവിന്ദൻ മുഖേന എൽഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌. ഇതുപ്രകാരം 2025 സെപ്‌തംബർ 22ന്‌ സ്പെഷ്യൽ തഹസിൽദാർ (എൽഎ)ക്ക് തുക കൈമാറിയിട്ടുമുണ്ട്‌. എന്നാൽ, തദ്ദേശ– നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തിൽ ചില കേന്ദ്രങ്ങളിലെ രേഖകളുടെ പരിശോധനയും അംഗീകാരവും വൈകിയതും ഉദ്യോഗസ്ഥസ്ഥലംമാറ്റവും പണം കൈമാറ്റം വൈകാനിടയാക്കി. പ്രവൃത്തി ഉദ്‌ഘാടനത്തിനൊപ്പം എൻ അനിൽകുമാർ കൺവീനറായും പി കെ കുഞ്ഞിരാമൻ ചെയർമാനായും റോഡ്‌ നിർമാണ സഹായ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇ‍ൗ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി, രണ്ടുവർഷംമുന്പ്‌ റവന്യൂ ഉദ്യോഗസ്ഥർക്ക്‌ കൈമാറിയ തുക ഇ‍ൗ മാസം ആദ്യം മുതൽ ഭൂവുടമകളുടെ അക്ക‍ൗണ്ടുകളിലേക്കെത്തി. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റിട്ടും പ്രവൃത്തി ഉദ്‌ഘാടനം കഴിഞ്ഞ റോഡ്‌ നിർമാണം ആരംഭിക്കാൻ യുഡിഎഫ്‌ എംഎൽഎ ഉൾപ്പെടെയുള്ളവർ നടപടികൾ കൈക്കൊണ്ടിരുന്നില്ല. ഇതിന്റെ ജനരോഷം മറികടക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമായി യുഡിഎഫ്‌ പ്രാദേശിക കമ്മിറ്റി മുൻകൈയിൽ ആക്‌ഷൻകമ്മിറ്റി രൂപീകരിച്ചിരുന്നു. ഇ‍ൗ കമ്മിറ്റിയുടെ നേതൃത്വത്തിൽ, നേരത്തെ അനുവദിച്ച ഫണ്ട്‌ അക്ക‍ൗണ്ട്‌ ഉടമകളുടെ കൈയിലെത്തിയത്‌ തങ്ങളുടെ പ്രവർത്തനഫലമാണെന്ന്‌ അവകാശപ്പെട്ട്‌ വ്യാപക പ്രചാരണവും നടത്തുന്നുണ്ട്‌. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കൽ നടപടികളിൽ ജനം വിശ്വസിക്കില്ലെന്നും വസ്‌തുതകളെല്ലാം അവർക്ക്‌ മുന്നിലുള്ളതാണെന്നും റോഡ്‌ നിർമാണ സഹായ കമ്മിറ്റി ഭാരവാഹികളായ എൻ അനിൽകുമാറും പി കെ കുഞ്ഞിരാമനും പറഞ്ഞു. കൃത്യമായി രേഖകൾ സമർപ്പിച്ചവർക്ക്‌ പണം കൈമാറിതുടങ്ങിയിട്ടുണ്ട്‌. ഭൂവുടമകൾ എക്ക‍ൗണ്ട്‌ പരിശോധിച്ച്‌ പണം ലഭിച്ചിട്ടുണ്ടോയെന്ന്‌ ഉറപ്പാക്കണം. കെആർഎഫ്ബി ടെണ്ടർ ചെയ്ത റോഡ് പ്രവൃത്തി കരാറുകാർ തമ്മിലുള്ള കേസിന്റെ ഭാഗമായിട്ടാണ്‌ ആരംഭിക്കാത്തതെന്നും റോഡ്‌ നിർമാണ സഹായ കമ്മിറ്റി ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home