ad
Deshabhimani

മാര്‍ട്ടിന്‍ പിടിച്ചത് 191 രാജവെമ്പാലകളെ

പിടിതരാതെ വടാട്ടുപാറയിലെ 
‘രാജാക്കൻമാർ’

King cobra

മാര്‍ട്ടിന്‍ മേക്കമാലില്‍ കോതമംഗലത്തെ ജനവാസമേഖലയില്‍നിന്ന് പിടിച്ച രാജവെമ്പാലയുമായി

avatar
സിറിൾ രാധാകൃഷ്‌ണൻ

Published on Jul 16, 2026, 03:11 AM | 2 min read

കൊച്ചി


വടാട്ടുപാറ ഗ്രാമത്തെ കൗതുകം കലര്‍ന്ന ‌ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി പനഞ്ചുവട് ഭാഗത്തെ ഹൈസ്കൂള്‍, പള്ളി എന്നിവയ്ക്കുസമീപം തോടുകള്‍ക്കരികിലാണ് ഇവയെ സ്ഥിരമായി കാണുന്നത്. വലിപ്പമേറിയ പാമ്പുകളായതിനാല്‍ ജനം ഭയത്തിലാണ്. പാമ്പിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


ജില്ലയിലെ പ്രധാന സ്നേക് റെസ്ക്യുവറായ മാര്‍ട്ടിന്‍ മേക്കമാലിൽ മൂന്നുതവണ ഇവയെ പിടികൂടാനെത്തിയെങ്കിലും സാധിച്ചില്ല. കഴിഞ്ഞദിവസം കോടനാടുനിന്ന് റെസ്ക്യു സംഘം എത്തിയിട്ടും പാമ്പ് മിന്നല്‍വേഗത്തില്‍ മറഞ്ഞു. "ഒരുതവണ ഈ രാജവെമ്പാലയുടെ വാലില്‍ പിടിത്തം കിട്ടിയെങ്കിലും വലിപ്പവും ഭാരവും കാരണം പിടികൂടാനായില്ല. 18 അടിയുള്ള രാജവെമ്പാലയാണ് ലോകത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലുത്. വടാട്ടുപാറയിലെ പാമ്പ് അതിലും വലുതാണ്– മാര്‍ട്ടിന്‍ പറയുന്നു. പിടിതരാതെ മറയുന്ന ഈ രാജനെ പിടികൂടാന്‍ സാധിക്കുമെന്നാണ്‌ കരുതുന്നതെന്ന് മാര്‍ട്ടിന്‍ പറയുന്നു.


191 രാജവെമ്പാലകളെ മാര്‍ട്ടിന്‍ പിടികൂടി വനംവകുപ്പിന് കൈമാറി. 32 വര്‍ഷമായി സ്നേക് റെസ്ക്യു രംഗത്തുള്ള ഇദ്ദേഹം മജീഷ്യനും ഉരഗ പ്രദര്‍ശകനും പ്രഭാഷകനുമാണ്‌. ഒടുവിലായി മൂന്നുമാസംമുന്പാണ് രാജവെമ്പാലയെ ഭൂതത്താന്‍കെട്ട് വനം ഓഫീസിനടുത്തുനിന്ന് പിടികൂടിയത്.


2004ല്‍ ചക്കിമമേട്ടില്‍നിന്നാണ് ആദ്യമായി രാജവെമ്പാലയെ മാര്‍ട്ടിന്‍ പിടികൂടുന്നത്. പ്രതിഫലം വാങ്ങാതെയാണ് റെസ്ക്യു. ഉരഗപ്രദര്‍ശനങ്ങളുമായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ നാട്ടിലെ "പാമ്പുപിടിത്തത്തിന്' ഇടവേള വന്നു. റെസ്ക്യു ആവശ്യപ്പെട്ട് നിരന്തരം വിളികള്‍ എത്തിയതോടെ വീണ്ടും രംഗത്തെത്തി. പാമ്പുകളെക്കുറിച്ചും ഉരഗങ്ങളെക്കുറിച്ചും വീഡിയോകളും ചെയ്യുന്നുണ്ട്. റെസ്ക്യു ചെയ്യുന്ന പാമ്പുകളെ സംരക്ഷിതവനത്തില്‍ തുറന്നുവിടണമെന്നും വനംവകുപ്പ് അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാമ്പുകടിച്ചാലും മരണം ഉണ്ടായാലും നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും മാര്‍ട്ടിന്‍ പറയുന്നു.


പിടികൂടിയത്‌ 2639 പാന്പുകളെ, 
കടിയേറ്റത് 80


കൊച്ചി


പൊതുസ്ഥലത്തോ പുരയിടത്തിലോ ജനങ്ങളുടെ ജീവന് ഭീഷിണിയാകുന്ന രീതിയില്‍ പാമ്പുകളെ കണ്ടാല്‍ കേരള വനംവകുപ്പിന്റെ സർപ്പ ആപ് (സ്നേക് അവേര്‍നെസ് റെസ്ക്യു ആന്‍ഡ് പ്രൊട്ടക്‌ഷന്‍ ആപ്) വഴി അറിയിക്കാം. ജനവാസമേഖലകളിൽ പാമ്പുകളെ കണ്ടാൽ അവയെ സുരക്ഷിതമായി പിടികൂടാന്‍ റെസ്ക്യുവര്‍മാരെ അയക്കാനും പാമ്പുകടിയേറ്റാൽ കൃത്യമായ ചികിത്സ ലഭ്യമാക്കാനും പാമ്പുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ആപ് സഹായിക്കുന്നു.


ജനുവരി ഒന്നുമുതല്‍ ജൂലൈ 15 വരെ 2,639 പാമ്പുകളെ പിടികൂടിയതായി സര്‍പ്പ ആപ് ഫെസിലിറ്റേറ്റര്‍ ശ്രീനിവാസ് പി കമ്മത്ത് പറഞ്ഞു. സംസ്ഥാനത്ത് ഇക്കാലയളവിൽ 14,408 എണ്ണത്തിനെയും പിടികൂടി.


​ജനുവരി ഒന്നുമുതല്‍ ജൂലൈ 15 വരെ 80 പേര്‍ പാമ്പുകടിയേറ്റ് ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെഹിര്‍ ഷാ പറഞ്ഞു. ഇതില്‍ വിഷമുള്ളതും വിഷമില്ലാത്തതും ഉള്‍പ്പെടും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home