നടക്കാൻ വഴിയില്ല കൊച്ചിയിൽ

എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുമുന്നിൽ ഫുട്പാത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ

സ്വന്തം ലേഖകൻ
Published on Jul 16, 2026, 03:15 AM | 1 min read
കൊച്ചി
നഗരത്തിൽ കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാതകൾ കൈയേറിയുള്ള വാഹന പാർക്കിങ് വ്യാപകം. പ്രധാന കച്ചവടകേന്ദ്രങ്ങൾക്കും ഭക്ഷണശാലകൾക്കും മുന്നിലുള്ള നടപ്പാതകളാണ് രാപകൽഭേദമില്ലാതെ ബൈക്കുകളുടെയും കാറുകളുടെയും പാർക്കിങ് സ്ഥലങ്ങളായി മാറുന്നത്. ഇതിനെതിരെ കാൽനടയാത്രക്കാരും നാട്ടുകാരും പ്രതികരിച്ചിട്ടും അധികൃതർക്ക് അനക്കമില്ല.
വലിയ വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നടപ്പാതകളിലെ ഇന്റർലോക്ക് കട്ടകളും മാൻഹോൾ സ്ലാബുകളും പലയിടത്തും തകർന്നനിലയിലാണ്. നടപ്പാതകളിൽ കാഴ്‌ചപരിമിതർക്കുവേണ്ടി ഒരുക്കിയിട്ടുള്ള മഞ്ഞനിറത്തിലുള്ള ടൈലുകളിലൂടെയുള്ള അവരുടെ യാത്രയും തടസ്സപ്പെടുംവിധമാണ് വാഹന പാർക്കിങ്. കാഴ്ചപരിമിതർ മഞ്ഞ ടൈലിലൂടെ മുന്നോട്ട് നടന്നാല്‍ ചെന്നുമുട്ടുന്നത് പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളിലോ കാറുകളിലോ ആയിരിക്കും. നടപ്പാതകളിൽ വാഹനങ്ങൾ ഓടിക്കുന്നത് തടയാൻ സ്ഥാപിച്ച കുറ്റികൾ പലയിടത്തും ഉൗരിമാറ്റുകയോ തകർക്കുകയോ ചെയ്‌ത നിലയിലാണ്.
"നോ -പാർക്കിങ്' ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിലും പാർക്കിങ് തുടരുന്നു. നടപ്പാതകളിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ട്രാഫിക് പൊലീസോ കോര്‍പറേഷനോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നടപ്പാതകളിലെ പാർക്കിങ് ചോദ്യംചെയ്യുന്ന കാൽനടയാത്രികർ കച്ചവടക്കാരിൽനിന്നുള്ള സംഘടിത ആക്രമണത്തിനിരയാകുന്നതായും പരാതിയുണ്ട്.










0 comments