നയിക്കുന്നത് ഇരുട്ടിലേക്ക്

ധവളപത്രം എന്നതുകൊണ്ട് പൊതുവെ അർഥമാക്കുന്നത് ഏതെങ്കിലും വിഷയത്തിൽ നിലനിൽക്കുന്ന സാഹചര്യം സത്യസന്ധമായും സുതാര്യമായും ജനങ്ങളെ അറിയിക്കുക, പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കുക എന്നതാണ്. യുഡിഎഫ് മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം നിയമസഭയിൽ ധവളപത്രം എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ‘കേരളത്തിന്റെ സാന്പത്തികാരോഗ്യം: തൽസ്ഥിതി റിപ്പോർട്ട്’ എന്ന രേഖ ദുർവ്യാഖ്യാനങ്ങളും അസത്യങ്ങളും രഹസ്യ അജൻഡയും കുത്തിനിറച്ചതാണ്. ഇതു സൃഷ്ടിക്കുന്ന ആശങ്കകൾ സംബന്ധിച്ച് മുൻധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ കെ എൻ ബാലഗോപാൽ ‘ദേശാഭിമാനി’ ഡിജിറ്റൽ മീഡിയ കോ–ഓഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിനുമായി സംസാരിക്കുന്നു.
‘ഞങ്ങൾ അവതരിപ്പിക്കുന്നത് രാഷ്‌ട്രീയരേഖയല്ല, ധനമേഖലയിലെ നിജസ്ഥിതിയാണ്’ എന്നു പറഞ്ഞാണ് ധവളപത്രം കൊണ്ടുവന്നത്. മുൻ യുഡിഎഫ് സർക്കാരുകളുടെ ധവളപത്രത്തെപ്പോലും തള്ളിപ്പറഞ്ഞു.
■ബ്രിട്ടനിലാണ് ധവളപത്രത്തിന്റെ തുടക്കം. സർക്കാരിന്റെ സാന്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള റിപ്പോർട്ട് വെള്ളനിറത്തിലുള്ള കവറിൽ ഇറക്കിയതാണ് ഇൗ പേര് വരാൻ കാരണം. ക്രമേണ ഏതുവിഷയത്തിലും ധവളപത്രം ഇറക്കുന്ന രീതി വന്നു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന റിപ്പോർട്ട് സാന്പത്തികസ്ഥിതി സംബന്ധിച്ചാണെന്ന് പറയുന്നു. ധവളപത്രം തയ്യാറാക്കിയ രീതിയെക്കുറിച്ച്, രഹസ്യരേഖകൾ ധനവകുപ്പിനു പുറത്ത് കൈകാര്യം ചെയ്‌തതിനെക്കുറിച്ച് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് ആവർത്തിക്കുന്നില്ല. സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നു. അങ്ങനെ പറയാനാണ് ധവളപത്രത്തിൽ ആഗ്രഹിച്ചത്. സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി സംബന്ധിച്ച് അധികം കാര്യങ്ങൾ അവർ പറയുന്നില്ല. സംസ്ഥാനം ആറുലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതിനുപുറമെ സംസ്ഥാന ജീവനക്കാർക്ക് നൽകാനുള്ള ഒരുലക്ഷം കോടി രൂപ ചേർത്ത് ഒന്നേകാൽലക്ഷം കോടിയോളം രൂപയുടെ സാന്പത്തികബാധ്യത തീർക്കാനുണ്ടെന്നും പറഞ്ഞിരുന്നു. കിഫ്‌ബിയുടെ ബാധ്യത വേറെയാണെന്നും ആരോപിച്ചു.
അതേസമയം, മൊത്തം കടം അഞ്ചുലക്ഷം കോടിയിൽ താഴെയാണെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. അവരുടെ അതിശയോക്തിപരമായ കണക്കുകൂട്ടലിൽപ്പോലും സർക്കാർ കൊടുത്തുതീർക്കാനുള്ള ബാധ്യതകൾ 48,000 കോടിയിൽ താഴെയാണെന്ന് പറയുന്നു. പട്ടികജാതി വിദ്യാർഥികൾക്ക് 300 കോടിയിൽപ്പരം രൂപ കുടിശ്ശികയായി കൊടുക്കാനുണ്ടെന്ന തെറ്റായ കണക്കുപോലും മുഖ്യമന്ത്രി പറയുന്നു. മാർച്ചുവരെയുള്ള എല്ലാ ബില്ലും കൊടുത്തുതീർത്തതാണ്. അതിനുശേഷമുള്ളത് കൊടുക്കേണ്ടത് ഇൗ സർക്കാരാണ്. അത് ചെയ്യാതെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ്. സർക്കാരിന്റെ സാന്പത്തികബാധ്യതയെക്കുറിച്ച് യുഡിഎഫ് നടത്തിവന്ന പ്രചാരണം അസംബന്ധമാണെന്ന് തെളിഞ്ഞു.
സംസ്ഥാന വരുമാനം കുറഞ്ഞതിനെക്കുറിച്ച് പറയുന്പോൾ അതിന് ഉത്തരവാദികളായ കേന്ദ്രത്തിനുനേരെ വിരൽചൂണ്ടാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രനിലപാടിനെ രാഷ്‌ട്രീയമായി നേരിടാൻ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമല്ലേ ഇൗ നിലപാട്.
■നികുതി–നികുതിയേതര ഇനങ്ങളിൽ സംസ്ഥാന സർക്കാർ സമാഹരിക്കുന്ന അത്രയുംതന്നെ കേന്ദ്രത്തിൽനിന്ന് കിട്ടേണ്ടതുണ്ട്. കേന്ദ്രം വെറുതെ തരുന്നതല്ല, നികുതി പിരിച്ച് ഇവിടെനിന്ന് കൊണ്ടുപോകുന്നതാണ്. നികുതിവിഹിതവും ഗ്രാന്റും കേന്ദ്രത്തിൽനിന്ന് എത്ര കിട്ടുന്നുവെന്ന് പറഞ്ഞാണ് ധവളപത്രം തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്റെ വരുമാനത്തിൽ 75 ശതമാനവും സംസ്ഥാന സർക്കാർ സമാഹരിക്കുന്നതാണ്; കേന്ദ്രത്തിൽനിന്ന് കിട്ടുന്നത് 25 ശതമാനംമാത്രം. ഇക്കാര്യത്തിൽ അഖിലേന്ത്യ ശരാശരി കേന്ദ്രത്തിന്റെയും അതത് സംസ്ഥാനത്തിന്റെയും 50 ശതമാനം വീതവും. ബിഹാറിന്റെ വരുമാനത്തിൽ 73 ശതമാനം കേന്ദ്രം നൽകുന്നതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതത്തിലും കേരളത്തിന് വൻതോതിൽ കുറവുണ്ടായി. തരാനുള്ള പണം കേന്ദ്രം തരുന്നില്ലെന്ന് പറയാൻ തയ്യാറായില്ല. ഇൗ വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളം കേസ് നടത്തുന്ന കാര്യം പരാമർശിച്ചില്ല. ഇത് അപകടമാണ്. പകരം കേരളം നേരിടുന്ന പ്രതിസന്ധി നേരിടാൻ ചിലതൊക്കെ ചെയ്യാൻ പോകുന്നുവെന്നാണ് പ്രഖ്യാപനം. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളപരിഷ്‌കരണം അഞ്ചിൽനിന്ന് പത്തുവർഷത്തിൽ ഒരിക്കലാക്കൽ, പെൻഷൻ പ്രായം ഉയർത്തൽ ഇതൊക്കെ അതിന്റെ ഭാഗമാണ്. പെൻഷൻ പ്രായം കൂട്ടിയാൽ സർക്കാരിന് തൽക്കാലം സാന്പത്തികലാഭമുണ്ടാകും. വർഷം 30,000–35,000 നിയമനം നടക്കേണ്ടത് വൈകും.
തെരഞ്ഞെടുപ്പിനുമുന്പ് തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന വസ്‌തുതാവിരുദ്ധമായ പ്രചാരണം കോൺഗ്രസ് നടത്തിയിരുന്നു. ഇപ്പോൾ ഇവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൊതുമേഖല വിറ്റഴിക്കലും സബ്‌സിഡി നിർത്തലാക്കലും ഉൾപ്പെടെയുള്ള മോദിസർക്കാരിന്റെ അതേ നടപടികളാണ്.
■അതെ. ഇത് സർക്കാരിനെ മൊത്തം സ്വകാര്യവൽക്കരിക്കാനും ജനങ്ങളെ ദുരിതത്തിലാക്കാനുമുള്ള തിരശ്ശീല ഉയർത്തലാണ്. നാടകം ഉടൻ തുടങ്ങും. നിയമന നിരോധനം വരും. റവന്യുകമ്മി ഗ്രാന്റ് വകയിൽ കേന്ദ്രവിഹിതം കിട്ടാതെ ഹിമാചൽപ്രദേശിൽ ജീവനക്കാരുടെ ശന്പളം 30 ശതമാനം കുറച്ചു. എൽഡിഎഫ് സർക്കാർ ഇൗ പ്രതിസന്ധി മുന്നിൽ കണ്ട് പരിഹാരമാർഗം കണ്ടെത്തിയിരുന്നു. ഇവർക്ക് ഇത്തരം പദ്ധതിയൊന്നുമില്ല. മറിച്ച് വൈദ്യുതിമേഖലയും തുറമുഖങ്ങളും സ്വകാര്യവൽക്കരിക്കും. റോഡുകളിൽ ടോൾ വരും. രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമായ കൊച്ചി അടക്കം സ്വകാര്യവൽക്കരിക്കാനാണ് പരിപാടിയെന്നും സംശയിക്കേണ്ട സാഹചര്യമാണ്. അപൂർവ ധാതുമേഖലയും സ്വകാര്യകുത്തകകൾക്ക് കൈമാറാൻ നീക്കം നടക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹ്യഘടന മാറ്റിമറിക്കും. എല്ലാം വിറ്റുതുലയ്‌ക്കാനാണ് പദ്ധതി. ജനങ്ങൾക്ക് ഇത് മനസ്സിലാകും. ഗ്യാരന്റി നടപ്പാക്കാൻ പണം വേണമെന്ന അവകാശവാദം ഉന്നയിച്ചും വിൽപ്പന നടത്തും.
കടപരിധി ഉയർത്താൻ കേന്ദ്രത്തിന്റെ അനുമതി നേടുന്നതിനും പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിനും കടക്കെണിയെന്ന പ്രചാരണം തടസ്സം ഉണ്ടാക്കില്ലേ.
■കേരളത്തിന്റെ മൊത്തം കടം സംസ്ഥാന ജിഡിപിയുടെ 33.6 ശതമാനംമാത്രമാണ്. 1956 മുതലുള്ള മൊത്തം കടമാണിത്. കേന്ദ്രത്തിന്റെ മൊത്തം കടം ജിഡിപിയുടെ 59 ശതമാനമാണ്; 214 ലക്ഷം കോടി രൂപ. അതൊന്നും ഇവർ പറയുന്നില്ല. കേന്ദ്രസർക്കാരിന്റെ പ്രതിവർഷ റവന്യുബാധ്യതയിൽ 40 ശതമാനം പലിശ അടയ്‌ക്കലാണ്. ഇതൊക്കെ വച്ചുനോക്കുന്പോൾ കേരളം മെച്ചപ്പെട്ട അവസ്ഥയിലാണ്. കേരളം കടക്കെണിയിൽ കുടുങ്ങിയിട്ടില്ല.
കൊച്ചി മെട്രോ അടക്കം നഷ്‌ടത്തിലാണെന്ന് ധവളപത്രത്തിൽ പറയുന്നു. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രവർത്തനലാഭമുണ്ടാക്കിയതിനെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതും കിഫ്‌ബി വികസനം പ്രധാനമായും മൂന്നു ജില്ലയിലാണെന്ന് പറയുന്നതും ബോധപൂർവമല്ലേ.
■തീർച്ചയായും, അതെല്ലാം ബോധപൂർവമാണ്. കിഫ്‌ബി വികസനം മൂന്നു ജില്ലയിൽമാത്രമാണെന്ന് പറയുന്നത് അസംബന്ധമാണ്. യുഡിഎഫ് എംഎൽഎമാർപോലും സമ്മതിക്കില്ല. സങ്കുചിത രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായി പ്രചരിപ്പിക്കുന്നതെല്ലാം തുറന്നുകാട്ടേണ്ടതായി വരും.
















