ad
Deshabhimani

Interview

വെട്രിമാരൻ

നമ്മുടെ ഓരോ തീരുമാനങ്ങളിലും രാഷ്ട്രീയമുണ്ട്...

vetrimaran
avatar
വൈഷ്ണവ് ബാബു

Published on Aug 03, 2025, 11:38 AM | 1 min read

കേരള ഫിലിം കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയപ്പോൾ സംവിധായകൻ വെട്രിമാരൻ ദേശാഭിമാനി റിപ്പോർട്ടർ വൈഷ്ണവ് ബുബുവിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...


  • സിനിമയ്ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ടല്ലോ. ചലച്ചിത്ര പ്രവർത്തകർ സമൂഹത്തിലെ ദുർവ്യവസ്ഥകളെ ചോദ്യം ചെയ്യേണ്ടതില്ല?


കല എല്ലാകാലത്തും വ്യവസ്ഥാപിത രാഷ്ട്രീയ–സാമൂഹിക സ്ഥിതിയെ ചോദ്യം ചെയ്തിട്ടുണ്ട്‌. ഏറ്റവും ആധുനികവും ശക്തവുമായ കലാരൂപമെന്നനിലയിൽ സിനിമയുടെ പ്രാധാന്യം വർധിച്ചുവരികയാണ്‌. സിനിമയെടുക്കുന്നവർ വസ്തുതയോട്‌ നീതി പുലർത്തണം. ഭരിക്കുന്നവർ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും തുല്യതയ്ക്കുവേണ്ടി നിലകൊള്ളേണ്ട ഉത്തരവാദിത്വം സിനിമാ പ്രവർത്തകർക്കുണ്ട്.


  • ഓരോ വെട്രിമാരൻ ചിത്രത്തിലും വ്യക്തമായ രാഷ്ട്രീയം പ്രകടമാണ്. താങ്കളുടെ അഭിപ്രായത്തിൽ രാഷ്ട്രീയമില്ലാത്ത സിനിമ എന്നൊന്നുണ്ടോ?


ഓരോ സിനിമയും രാഷ്ട്രീയം പറയുന്നുണ്ട്. എല്ലാ ചലച്ചിത്ര നിർമാതാക്കളും ‘രാഷ്ട്രീയമായി തുറന്നുപറയുന്ന’ സിനിമകൾ നിർമിക്കാൻ തയ്യാറായെന്നുവരില്ല. പക്ഷേ രാഷ്ട്രീയമില്ലെന്ന്‌ പറയുന്ന ആ സിനിമകളിലും ഒരു രാഷ്ട്രീയമുണ്ട്‌. സ്ത്രീകളെയും മതത്തെയും ജാതിയെയും വംശീയതയെയും ചിത്രീകരിക്കുന്നതിൽ അവരെടുക്കുന്ന തീരുമാനങ്ങൾ പരിശോധിച്ചാൽ നമുക്കത്‌ മനസ്സിലാകും. മനുഷ്യരെ ഭിന്നിപ്പിക്കാതെ സിനിമ എടുക്കാൻ കഴിയുകയെന്നതാണ്‌ പ്രധാനം.


  • സമൂഹത്തിലെ ന്യൂനപക്ഷത്തെക്കുറിച്ച് ചിത്രമെടുക്കുമ്പോൾ എന്തിനൊക്കെയാണ് മുൻ​ഗണന നൽകുന്നത്?


സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ഉൾക്കൊള്ളിച്ച്‌ സിനിമ നിർമിക്കുമ്പോൾ അവർ അഭിസംബോധന ചെയ്യുന്ന വിഷയത്തോടും ലോകത്തോടും നീതി പുലർത്തണം. അത്‌ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ളവർക്കും ബാധകമാണ്‌. നിർമാതാക്കളുടെ ലാഭത്തേക്കാൾ ചിത്രീകരിക്കുന്ന ജീവിതങ്ങൾക്ക് മുൻഗണന നൽകണം. ഒരു വ്യവസായമെന്നനിലയിൽ സിനിമയ്ക്ക് ലാഭം പ്രധാനമാണെങ്കിലും ചലച്ചിത്ര പ്രവർത്തകരുടെ പ്രധാന ലക്ഷ്യം അതാകരുത്‌. പ്രശ്‌നത്തെക്കുറിച്ച്‌ ശബ്ദിക്കേണ്ടതിന്റെ ആവശ്യകതയിൽനിന്നാണ്‌ സിനിമ പിറക്കേണ്ടത്‌.


  • കേരളത്തിന്റെ ചലച്ചിത്ര കോൺക്ലേവിനെക്കുറിച്ച്?


സിനിമ ഒരു വ്യവസായമായി പ്രവർത്തിക്കുന്ന രീതി പരിഷ്കരിക്കുന്നതിനാണ്‌ കേരളം ഫിലിം കോൺക്ലേവ്‌ നടത്തുന്നത്‌. ഇതിലൂടെ ചലച്ചിത്ര നിർമാതാവിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നു. മറ്റ്‌ സംസ്ഥാനങ്ങൾക്കും ഈ രീതി പിന്തുടരാവുന്നതാണ്‌. കലാകാരന്മാരെ സംബന്ധിച്ച്‌ ഏറെ ഗുണകരമായ തീരുമാനങ്ങളാണ്‌ കേരളം ഏറ്റെടുത്തിരിക്കുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home