ad
Deshabhimani

Interview

ഡോ. തോമസ്‌ ഐസക്

പുതിയ വെല്ലുവിളി പുതിയ അജൻഡ

t m thomas issac interview
വെബ് ഡെസ്ക്

Published on Feb 19, 2026, 10:33 PM | 3 min read

കേരള പഠന കോൺഗ്രസ്‌ വീണ്ടും ചേരുകയാണ്‌. നാടിനെ മുന്നോട്ടുനയിക്കാൻ ആവശ്യമായ 
നയപരിപാടികളുടെ രൂപീകരണമാണ്‌ കോൺഗ്രസിൽ നടക്കുന്നത്‌. പുതിയ സാഹചര്യങ്ങളും 
പ്രതിസന്ധികളും വരുമ്പോൾ എപ്രകാരം മറികടക്കണമെന്ന്‌ ആലോചിക്കുന്നു. അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്‌ 21നും 22നുമാണ്‌ തിരുവനന്തപുരത്ത്‌ ചേരുന്നത്‌. അജൻഡ, രാഷ്‌ട്രീയം എന്നിവയെക്കുറിച്ച്‌ അക്കാദമിക്‌ സെക്രട്ടറികൂടിയായ 
ഡോ. തോമസ്‌ ഐസക്കിനോട്‌ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ 
സി കെ ദിനേശ്‌ സംസാരിക്കുന്നു


എന്താണ്‌ പഠന കോൺഗ്രസ്‌ അജൻഡ

1994ൽ ഒന്നാം പഠന കോൺഗ്രസിന്റെ അധ്യക്ഷപ്രസംഗത്തിൽ ഇ എം എസ്‌ ഒരു കാര്യം പറഞ്ഞു. ഐക്യകേരളം രൂപപ്പെടുന്ന കാലത്ത്‌ ഒരു വികസന അജൻഡ വേണമായിരുന്നു. അന്നത്‌ തീരുമാനിക്കാൻ പണ്ഡിതരോ വിദഗ്ധരോ ഉണ്ടായിരുന്നില്ല. ഇ എം എസിന്റെ നേതൃത്വത്തിൽ കുറെ ചെറുപ്പക്കാർ രംഗത്തിറങ്ങി. ആ കാഴ്‌ചപ്പാടിലാണ്‌ കേരളം മുന്നോട്ടുപോയത്‌. എല്ലാവരുമായി ചർച്ച ചെയ്ത്‌ ഒരു അജൻഡ രൂപപ്പെടുത്തുക, അവ നടപ്പാക്കിയതിന്റെ അനുഭവത്തിൽനിന്ന്‌ പുതിയ കാലത്തേക്ക്‌ നീങ്ങുക എന്നതാണ്‌ ഇ എം എസ്‌ വിഭാവനം ചെയ്തത്‌.

​അന്നത്തേതിൽനിന്ന്‌ വ്യത്യസ്തമായി പണ്ഡിതരും അക്കാദമിക്‌, ശാസ്‌ത്രസാങ്കേതിക വിദഗ്ധരും നമുക്കുണ്ട്‌. അവരുടെകൂടി പങ്കാളിത്തത്തിൽമാത്രമേ പുതിയ വെല്ലുവിളികളെയും സങ്കീർണമായ അവസ്ഥയെയും നേരിട്ട്‌ വികസന അജൻഡ ഉണ്ടാക്കാൻ സാധിക്കൂ. പിന്നിട്ട നാലു പഠന കോൺഗ്രസിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ്‌ അതത്‌ കാലത്ത്‌ എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയത്‌.


tm


​ഇപ്പോൾ 10 വർഷത്തെ താരതമ്യമില്ലാത്ത വികസനമുന്നേറ്റമാണ്‌ മുന്നിലുള്ളത്‌. അതെങ്ങനെ നിലനിർത്താമെന്നത്‌ ഗ‍‍ൗരവമുള്ളതാണ്‌. കാരണം, പുതിയ പ്രതിസന്ധികളെ നേരിടാനുള്ള ധനകാര്യതന്ത്രങ്ങളെയെല്ലാം കേന്ദ്രസർക്കാർ തകർക്കുകയാണ്‌. കേന്ദ്രം നിയോലിബറൽ നയങ്ങൾ കർക്കശമായി നടപ്പാക്കുന്നു, ലോകംതന്നെ തീവ്രവലതുപക്ഷത്തേക്ക്‌ നീങ്ങുന്നു. ഇ‍ൗ പശ്ചാത്തലത്തിൽ, ഓരോ മേഖലയിലുമുണ്ടായ വികസനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം. ഇ‍ൗ വികസനതന്ത്രങ്ങൾക്കെതിരായി ഉയരുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം. ഞങ്ങൾ കുറച്ചുപേർ ഇരുന്ന്‌ തീരുമാനിക്കേണ്ടതല്ല കേരളത്തിന്റെ വികസന അജൻഡ. എല്ലാവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുകയാണ്‌. നാട്ടുകാരുടെയല്ലാം അഭിപ്രായം അതിൽ ചേർക്കണം. അതുകൊണ്ടാണ്‌ ഇത്തരമൊരു വിശാല ചർച്ചയ്ക്ക്‌ അവസരമുണ്ടാക്കിയത്‌. രജിസ്റ്റർ ചെയ്യുന്ന ആർക്കും പങ്കെടുക്കാം, നിർദേശങ്ങൾ വയ്ക്കാം. 25,000 പണ്ഡിതർക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ്‌ കത്തയച്ചു. അവരുടെ നിർദേശങ്ങൾ വരുന്നു. അവയെല്ലാം ക്രോഡീകരിച്ച്‌ പ്രസിദ്ധീകരിക്കുന്നുണ്ട്‌.

അതായത്‌, വികസന–ക്ഷേമ സംസ്ഥാനം നില
നിർത്താൻ വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്‌

ഒരു നാടിന്റെ വികസന നയരൂപീകരണത്തിനായി രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലവും ജനകീയവുമായ ചർച്ചാസമ്മേളനമാണിത്‌. വിദഗ്ധർമുതൽ സാധാരണക്കാർവരെ പങ്കുചേരുന്നു. 1994നുശേഷം അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാരുകൾക്ക് വഴികാട്ടുന്നതിൽ പഠന കോൺഗ്രസുകൾക്ക്‌ വലിയ പങ്കുണ്ട്‌. ഏറ്റവും വലിയ വികസനസംവാദമാണിത്‌. 10 വർഷത്തിനിടെ ഉണ്ടായ വികസനം കണ്ണുള്ളവർക്കെല്ലാം കാണാം. 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 2000 രൂപയിൽ എത്തിച്ചു. കിഫ്‌ബിവഴി നടന്നത്‌ രണ്ടുലക്ഷം കോടി രൂപയുടെ പശ്ചാത്തലസ‍ൗകര്യ നിക്ഷേപം. നേരിട്ട്‌ ഒരുലക്ഷത്തിലധികം കോടിയുടെ വികസനവും കിഫ്‌ബിയുടെ സഹായത്തോടെ നടക്കുന്ന എൻഎച്ച്‌ 66, വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള പദ്ധതികളും.


ഇ‍ൗ നിയമസഭാ തെരഞ്ഞെടുപ്പിൽ നടക്കുന്ന ചർച്ച വികസന–ക്ഷേമ പ്രവർത്തനങ്ങൾ തുടരണോ വേണ്ടയോ എന്നതായിരിക്കും. ഞങ്ങൾ വളരെ കൃത്യമായ വികസന അജൻഡയാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. വികസിതകേരളം എന്നു പറയുന്ന ബിജെപിക്ക്‌ വികസനത്തിനായി എന്തെങ്കിലും അജൻഡ മുന്നോട്ടുവയ്ക്കാനുണ്ടോ? കിഫ്‌ബിക്ക്‌ എതിർനിൽക്കുന്ന യുഡിഎഫ്‌, ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന്‌ പറയുന്നു. എങ്കിൽ അവർ പറയണ്ടേ, ഖജനാവ്‌ നിറയ്ക്കാൻ തങ്ങളുടെ പക്കൽ എന്തു പദ്ധതിയുണ്ടെന്ന്‌. ഇപ്പോൾ നടക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ നിങ്ങളെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന്‌.


padana congress

ഒന്നാം പഠന കോൺഗ്രസിനുമുന്നോടിയായി ഇ എം എസ്‌ പറഞ്ഞത്‌ വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിൽ നാം നല്ല പുരോഗതി നേടി, വ്യവസായമുന്നേറ്റമാണ്‌ ഇനി ഉണ്ടാകേണ്ടത്‌ എന്നാണ്‌. അതേ അജൻഡയാണോ ഇന്നുമുള്ളത്‌

​​അല്ല. വ്യവസായവും ഉൽപ്പാദനവും ഒന്നുമില്ലാത്ത നാട്‌ എന്നത്‌ പഴങ്കഥയാണ്‌. 10 വർഷത്തിനിടയിൽ കേരളത്തിലുണ്ടായ മാറ്റം ആർക്കും കാണാതെ പോകാനാകില്ല. പശ്ചാത്തലസ‍ൗകര്യത്തിലും വ്യവസായവളർച്ചയിലും ഒരുകാലത്തും ഉണ്ടാകാത്തത്ര കുതിപ്പ്‌. സാമൂഹ്യക്ഷേമവളർച്ചയ്ക്ക്‌ ആനുപാതികമായിട്ടുള്ള വ്യവസായമുന്നേറ്റത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. ചെറുകിടസംരംഭങ്ങൾ മാത്രമല്ല, വൻകിട വ്യവസായങ്ങളും വരുന്നു. ക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെയുള്ള വളർച്ച നിലനിർത്തിത്തന്നെ ആധുനികവ്യവസായങ്ങൾ വളരുന്ന സമ്പദ്‌ഘടനയായി മാറുകയാണ്‌. അതിനെ വെെജ്ഞാനിക സമ്പദ്‌ഘടനയെന്ന്‌ വിളിക്കുന്നു. ഇപ്രകാരമുള്ള മാറ്റം എങ്ങനെ തുടങ്ങിവയ്ക്കാമെന്നായിരുന്നു മുമ്പ്‌ ചർച്ച ചെയ്തിരുന്നതെങ്കിൽ, ഇത്‌ എങ്ങനെ നിലനിർത്തിക്കൊണ്ടുപോകാം, ശക്തിപ്പെടുത്താം എന്നതാണ്‌ ഇപ്പോൾ ചർച്ച ചെയ്യുന്നത്‌.

വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിൽ നമുക്ക്‌ എത്ര മുന്നേറാനായി

​വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകം ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റമാണ്‌. 10 വർഷത്തിനിടെ വലിയ മാറ്റമുണ്ടായി. ദേശീയ റാങ്കിങ്ങിൽ നമ്മൾ ഉയർന്ന നിലയിലെത്തി. അത്രയൊന്നും പോരെങ്കിലും മുന്നോട്ടു നീങ്ങിത്തുടങ്ങി. വിജ്ഞാന വ്യവസായങ്ങളിലുംമറ്റും നിക്ഷേപം വർധിക്കണമെന്നതാണ്‌ മറ്റൊരു കാര്യം. വ്യവസായസ‍ൗഹൃദ സംസ്ഥാനങ്ങളുടെ മുന്നണിയിൽ കേരളം എത്തി. അതിനനുസരിച്ചുള്ള നിക്ഷേപങ്ങളും വന്നുതുടങ്ങി. ഒരുലക്ഷം കോടിയുടെ നിക്ഷേപത്തിനാണ്‌ ഇപ്പോൾ ധാരണയായത്‌. ഇതുപ്രകാരം വ്യവസായങ്ങൾ വരുമ്പോൾ അവിടങ്ങളിൽ പണിയെടുക്കാനുള്ള ‘സ്കിൽ’ ഉള്ളവർ വേണമല്ലോ. അപ്പോൾ നൈപുണ്യവികസനത്തിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. ഇതെല്ലാം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതാണ്‌ പഠന കോൺഗ്രസിൽ ചർച്ച ചെയ്യുക.

​​

സാമൂഹ്യഘടനയിലെ മാറ്റം വികസനതന്ത്രങ്ങളെയും മാറ്റുന്നില്ലേ

​നിശ്ചയമായും ഉണ്ട്‌. കേരളത്തിൽ ഇപ്പോഴും പാവപ്പെട്ടവരുണ്ട്‌. പക്ഷേ, വലിയൊരു ശതമാനം ഇടത്തരക്കാരാണ്‌. പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനത്തിന്‌ ഒരു കുറവും വരുത്താൻ ഇടതുപക്ഷം തയ്യാറാകില്ല. കൂടുതൽ ശക്തമാക്കുകയാണ്‌ ചെയ്യുക. എന്നാൽ, ഇടത്തരക്കാർക്ക്‌ അതുമാത്രം പോരാ. അവർക്ക്‌ ഭാവിയെക്കുറിച്ച്‌ വലിയ പ്രതീക്ഷയാണ്‌. ജീവിതസ‍ൗകര്യങ്ങൾ കൂടുതൽ വളരണം. മികച്ച വരുമാനമുള്ള ജോലികൾ ഉണ്ടാകണം. ഇടത്തരക്കാരുടെ പ്രതീക്ഷകളെയാണ്‌ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ അഡ്രസ്‌ ചെയ്യുന്നത്‌. അതായത്‌ ഇടത്തരക്കാരെയും പാവങ്ങളെയും ഒരുമിപ്പിക്കാനാണ്‌ പരിശ്രമിക്കുന്നത്‌. അന്പതുകളിലൊക്കെ പാവപ്പെട്ടവരുടെ എണ്ണമായിരുന്നു കൂടുതൽ. ഇടത്തരക്കാർ ചുരുക്കമായിരുന്നു. അന്ന്‌ പാവപ്പെട്ടവരെ നോക്കിയാൽ മതിയായിരുന്നു. ഇന്ന്‌ അത്‌ പോരാ. ഇ‍ൗ സാമൂഹ്യഘടനയിൽ ഇ‍ൗ രണ്ടു കൂട്ടരെയും ഒരുമിച്ച്‌ ഉയർത്തുന്ന വികസനതന്ത്രങ്ങളും പഠന കോൺഗ്രസ്‌ മുന്നോട്ടുവയ്ക്കും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home