ad
Deshabhimani

Interview

സുധ തെക്കേമഠം

എഴുത്താളല്ല, എഴുത്താണ്‌ മുഖ്യം

sudha

സുധ തെക്കേമഠം

avatar
സി വി രാജീവ്‌

Published on May 17, 2026, 07:21 PM | 4 min read

‘ഒരു വ്യക്തിയെ അറിയാം എന്നുള്ള നമ്മുടെ ധാരണതന്നെ എത്ര ബോറാണ്‌. നമ്മളറിയുന്നത്‌ അയാളുടെ ചില വാക്കുകളെ മാത്രമാണ്‌. അല്ലെങ്കിൽ ചില പ്രത്യേക സമയങ്ങളിലെ അയാളുടെ പ്രവൃത്തികളെമാത്രം. അതിനൊക്കെയപ്പുറത്ത്‌ നമ്മളെയെല്ലാം കബളിപ്പിക്കുന്ന മറ്റൊരു മുഖം എല്ലാവരിലുമുണ്ടാകും.
(മലബാർ കഫേ/ സുധ തെക്കേമഠം)
ജീവിതങ്ങളിലെ ‘മറ്റൊരു’ മുഖംതേടിയുള്ള സഞ്ചാരമാണ്‌ സുധ തെക്കേമഠത്തിലിന്‌ എഴുത്ത്‌. ലളിത ആഖ്യാനത്തിലൂടെ അപരിചിത ഇടങ്ങളിലേക്ക്‌ നയിക്കുന്ന കഥകളും നോവലുകളും ബാലസാഹിത്യ കൃതികളും. ഭാഷയിലെ പരീക്ഷണം അവയുടെ തലയെടുപ്പേറ്റുന്നു. പല കോണുകളിൽനിന്നുള്ള കാഴ്‌ചകളിലൂടെ വായനയെ വിസ്‌മയിപ്പിക്കുന്നു. ‘കേജുൻ ഫ്രൈ’ എന്ന കഥയിൽ പറയുന്നു–‘ബ്രഡ്‌ ടോസ്‌റ്റ്‌ പോലെയാണ്‌ ലൈഫിന്റെ ഗതിയും. നല്ല മണവും ലുക്കും കണ്ട്‌ തിന്നാൻ തുടങ്ങിയാൽ മടുപ്പും തുടങ്ങുന്നു’. ജീവിതത്തെ അത്രമേൽ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന സുധയുടെ എഴുത്തുവഴികളിലൂടെ...
തീക്ഷ്ണമായ അനുഭവാഖ്യാനങ്ങൾ
■ ജനിച്ചുവളർന്നത് ഒറ്റപ്പാലത്തിനടുത്തെ കോതകുർശ്ശിയിലാണ്. വീടിനുമുൻവശം വയലാണ്. അതിന്റെ അറ്റത്ത് മതിലുപോലെ അനങ്ങൻ മല. വലിയ കുളങ്ങളും നീണ്ട ഇടവഴിയുമൊക്കെ ഇപ്പോഴുമുണ്ട്. ഓരോ കുഞ്ഞും മണ്ണിനേയും ജലത്തിനേയും അറിഞ്ഞു വളരുന്ന നാട്‌. ഇവിടുത്തെ മനുഷ്യരിലും അതിന്റെ സ്പർശവും വൈവിധ്യവുമുണ്ടെന്നാണ് തോന്നൽ. വീട്ടിലെ ഒറ്റപ്പെൺകുട്ടിയാണ് ഞാൻ. മൂത്തവർ രണ്ടും ആൺകുട്ടികളായതുകൊണ്ടുതന്നെ അവരുടെ ലോകവും എന്റെ ലോകവും വേറെയായി.
മറ്റൊരാളുടെയും കൂട്ടില്ലാതെ, സ്വാധീനമില്ലാതെ നമ്മൾ ഒറ്റയ്ക്ക് ചുറ്റും നോക്കാൻ തുടങ്ങുമ്പോൾ കാര്യങ്ങൾ കുറേക്കൂടി സുതാര്യവും വ്യത്യസ്തവുമായിത്തീരും. മനുഷ്യരെ കേൾക്കാൻ ഏറെ ഇഷ്ടമാണ്. സത്യസന്ധമായി നോക്കിയാൽ ഓരോ മനുഷ്യനും എത്രയോ നിസ്സഹായരാണ്–പ്രത്യേകിച്ച് സ്ത്രീകൾ. അവരുടെയുള്ളിലെ കാറും കോളും അടുത്തുനിൽക്കുന്പോഴേ അറിയാൻ കഴിയാറുണ്ട്‌. കണ്ടറിഞ്ഞവരിൽ പലരുമെന്നെ ആഴത്തിൽ അതിശയിപ്പിച്ചിട്ടുണ്ട്. പുറമേ കാണുന്ന തോടല്ല ഒരു പെണ്ണുമെന്ന, അല്ലെങ്കിൽ ഓരോ വ്യക്തിയുമെന്ന വിസ്മയത്തിനുപിന്നാലെ സഞ്ചരിക്കുമ്പോഴാണ് പല കഥാപാത്രങ്ങളിലേക്കുമുള്ള വഴി തെളിയുന്നത്. സാധാരണമെന്നുതോന്നുന്ന പലതും രണ്ടാമത്തെ നോട്ടത്തിൽ അസാധാരണമായി അനുഭവപ്പെടും. വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാതെ അത്യന്തം ലളിതമായി അത്‌ ദൃശ്യപ്പെടുമ്പോൾ കഥയിലേക്ക്‌ ഇടം നൽകിയാൽ മാത്രം മതിയല്ലോ.
നേർപാതി, മലബാർ കഫേ നോവലുകളുടെ പിറവി
■ നേർപാതി പ്രിയസുഹൃത്ത് പറഞ്ഞ കഥയിൽ നിന്നാരംഭിച്ചതാണ്. ചെറുകഥയായി എഴുതിവച്ച കാലത്താണ് ഡിസി ബുക്സിന്റെ പ്രണയനോവൽ മത്സരത്തിന്റെ അറിയിപ്പ്‌. പെട്ടെന്നൊരു ദിവസം ഈ കഥ ഒരുപാട് സാധ്യതകളുമായി മുന്നിലെത്തുകയായിരുന്നു. ജീവിതവും മിത്തുകളും മരണാനന്തര സങ്കൽപ്പങ്ങളും ഇഴചേർന്ന നോവലാണിത്. ശവശരീരങ്ങൾ ദഹിപ്പിക്കുന്ന പുഴയോരങ്ങൾ പണ്ടുമുതൽക്കേ കഥകളുടെ വിളനിലങ്ങളാണ്. അവിടെ ജോലി ചെയ്യുന്ന മനുഷ്യരെയും അൽപ്പം വ്യത്യസ്തരായാണ് സമൂഹം കാണുന്നത്. അവരുടെ ജീവിതം കൂടി ചേർന്നതാണ് ‘നേർപാതി’.
‘മലബാർ കഫേ’ മിത്തുകൾ ഇല്ലാത്ത, യാഥാർഥ്യം മാത്രമുള്ള സാധാരണക്കാരുടെ നേർജീവിതമാണ്. ഹോം നേഴ്സുമാരുടെ ജോലിയും ജീവിതവും വളരെയധികം പ്രയാസമുള്ളതും എന്നാൽ സമൂഹത്തിന് അത്യന്തം ഉപകാരപ്രദവുമാണ്. അത് നേരിട്ടറിഞ്ഞപ്പോഴാണ്‌ നോവലിന്റെ പിറവി. കഫേ ഷോപ്പിൽ എത്തുന്നവരുടെ ദേശം, ഭാഷ, വ്യക്തിത്വം ചരിത്രം തുടങ്ങി എല്ലാത്തിലുമുള്ള വൈവിധ്യം കോർത്തിണക്കി കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണത്.
അധ്യാപിക എഴുതുമ്പോള്‍
■ പട്ടാമ്പി നടുവട്ടം ജനത ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണിപ്പോൾ. അധ്യാപിക, വീട്ടമ്മ, പെണ്ണ്‌– ഇത്‌ മൂന്നും മൂന്നു ലോകങ്ങളാണ്. അധ്യാപക ജീവിതത്തിൽ നമ്മുടെ അടുത്തേക്ക് നിരവധിയാളുകൾ പ്രവേശിക്കുന്നുണ്ട്. അവർ അനുവാദത്തോടെ കടന്നുവരികയാണല്ലോ. എല്ലാവിധ പൂർണതയോടും കൂടി കൗതുകം എന്നിൽ നിലനിർത്തുന്നത് മുന്നിലെത്തുന്ന കുട്ടികളാണ്. ഓരോ കുട്ടിയും ഓരോ ലോകത്തുനിന്ന് വരുന്നവരാണ്. അവരുടെ ലോകത്തേക്കുള്ള ചെറിയ പാസ്സും കൂടി അവർ നമുക്ക് നീട്ടി തരുന്നുണ്ട്. അത് എഴുത്തിലും സഹായിക്കുന്നുണ്ടാകും.
റീച്ചിന്‌ വലിയ സ്വാധീനമില്ല
■ വ്യക്തിപരമായി സ്ത്രീയെഴുത്ത്, പുരുഷ എഴുത്ത്‌ എന്ന്‌ വേർതിരിച്ചുകാണാൻ ശ്രമിക്കാറില്ല. എഴുതിയയാൾ രണ്ടാമതേ വരുന്നുള്ളൂ. ഓരോ വായനക്കാരനും സഞ്ചരിക്കുന്നത് എഴുത്തിനുള്ളിലൂടെയാണ്. എഴുത്തുകാരനിലൂടെയോ എഴുത്തുകാരിയിലൂടെയോ അല്ല. എഴുത്തുകാരിയായി എന്നതുകൊണ്ട് മാത്രം പ്രത്യേകമായൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല, ആഗ്രഹിച്ചിട്ടുമില്ല. താൽക്കാലികമായ ചില മിന്നിത്തിളങ്ങലുകൾക്കോ, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ റീച്ചിനോ നമ്മൾ കരുതുന്നത്ര സ്വാധീനമൊന്നും സമൂഹത്തിലില്ല. നല്ല എഴുത്ത് കാലാതിവർത്തിയായി ഇവിടെയുണ്ടാവും. എഴുത്താളിനല്ല പ്രാധാന്യം, എഴുത്തിനുമാത്രമാണ്.
നമ്മളും കുട്ടിയായി മാറുമ്പോള്‍
■ കുട്ടികളോട് കഥ പറയാൻ വലിയ ഇഷ്ടമാണ്. അതിനുവേണ്ടി പുതിയ സങ്കൽപ്പങ്ങളെ അന്വേഷിച്ചുകൊണ്ടേയിരിക്കും. അതിന്റെ തുടർച്ചയായാണ് ‘സ്വോഡ് ഹണ്ടർ 01’ എന്ന കുട്ടി ത്രില്ലർ പുസ്തകം. കാക്കയും പൂച്ചയും സംസാരിക്കുന്ന തരത്തിലുള്ള പഴഞ്ചൻ കഥകളോട് ഇന്നത്തെ കുട്ടികൾക്ക് താൽപ്പര്യമുണ്ടാവില്ല. അനിമേഷൻ സിനിമകളുടെയും സാഹസികയുടെയും ലോകത്ത് വസിക്കുന്ന അവരെ പിടിച്ചെടുക്കണമെങ്കിൽ അത്തരത്തിലുള്ള ലോകത്തേക്ക് അവരെ കൊണ്ടുപോകണം. മൊബൈൽ ഗെയിം യഥാർഥ്യമാകുന്നതാണ് ‘സ്വോഡ് ഹണ്ടറി’ന്റെ ഇതിവൃത്തം. ഇതിന്റെ രണ്ടാംഭാഗം എന്ന നിലയിൽ ബ്ലാക്ക് ഫോറസ്റ്റ് എന്നൊരു നോവലും വന്നു. നടാഷ, കോയ പറഞ്ഞ കഥകൾ എന്നിവയും കുട്ടികൾക്കായി എഴുതി.
സോർബയുടെ ആനന്ദനൃത്തം പോലെ
■ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളായും ചെറുകവിതകളായും തുടങ്ങുകയും അത് ധാരാളം പേർക്ക് ഇഷ്ടമാവുകയും ചെയ്തതോടെയാണ് എഴുത്ത് ഗൗരവമായെടുത്തത്. ഇത്തിരി വൈകിയെഴുതാൻ തുടങ്ങിയതുകൊണ്ടാവാം അൽപ്പം ധൃതിയും ആർത്തിയുമുണ്ട്‌. കവിത, കഥ, നർമ്മം, അനുഭവം, ബാലസാഹിത്യം, നോവൽ ചെറുകഥ തുടങ്ങി അത്യന്തം വ്യത്യസ്തമായ പലതും എഴുത്തിൽ സംഭവിക്കുന്നതും അതുകൊണ്ടാവാം. രചനയിലെ ധൃതിയെ ക്ഷമാപൂർവ്വം മറി കടക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ. എഴുത്തിൽ വൈവിധ്യവും ഭാഷാഭംഗിയും കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട് . ഭാഷയ്ക്കും ചില മുഹൂർത്തങ്ങളുണ്ടെന്നു പലപ്പോഴും തോന്നാറുണ്ട്. ചില നേരത്ത് വിരൽ നീട്ടിയൊന്നുതൊട്ടാൽ മതി നമ്മളെയും വായനക്കാരെയും ചേർത്തു നിർത്തി നൃത്തംചെയ്യും. സാക്കീസിന്റെ സോർബയുടെ ആനന്ദനൃത്തംപോലെ പൂർണത മനസ്സിൽ തെളിയും. ആ നിമിഷത്തിനുവേണ്ടി മാത്രമാണ് എഴുതുന്നത്. -
പുതുകാലം, സാഹിത്യം
■ പുതിയ കാലം‍‍, പഴയ കാലം എന്ന വേർതിരിവിന്‌ ശ്രമിക്കാറില്ല . കാഴ്ചപ്പാടാണ് വിഷയം. കാലാനുസൃതമായി എഴുത്തിലെ പലതും മാറിക്കൊണ്ടേയിരിക്കും. പശ്ചാത്തലങ്ങൾ, മനോഭാവം, പെരുമാറ്റം, ഭാഷ തുടങ്ങി എല്ലായിടത്തും മാറ്റം നിർബന്ധമായും സംഭവിക്കും. അതിനെ കാലത്തിന്റെ ആവശ്യമായി ഉൾക്കൊള്ളാനുള്ള മാനസികനിലയാണ് വേണ്ടത്. എത്രയെത്ര പുസ്തകങ്ങളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്‌. മുറകാമിയെ ഇഷ്ടപ്പെടുന്നവരും ദസ്തയേവ്‌സ്കിയെ മാത്രം ധ്യാനിക്കുന്നവരും ഡാൻബ്രൗണിനെ കൈയിൽ സൂക്ഷിക്കുന്നവരുമുണ്ട്. എല്ലാ വിഭാഗത്തിലും ധാരാളം പുസ്തകങ്ങൾ ഇറങ്ങട്ടെ. വായനക്കാർ അവർക്ക് ഇഷ്ടമുള്ളത് കണ്ടെത്തി വായിച്ചുകൊള്ളും. വായനയുടെ ലഹരി സമ്മാനിക്കുന്ന പുസ്തകങ്ങൾക്ക് ദേശ, ഭാഷ, കാല വ്യത്യാസങ്ങളില്ല
പുരസ്കാരങ്ങൾ
■ പത്ത്‌ പുസ്‌തകങ്ങളാണ്‌ ഇതുവരെ ഇറങ്ങിയത്‌. ചെറുകഥക്കുള്ള കമലസുരയ്യ പുരസ്കാരം (ആലിദാസൻ) ആണ്‌ ആദ്യ അംഗീകാരം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കഥാപുരസ്കാരം, അധ്യാപക ലോകം പുരസ്‌കാരം(ലതാനിലയം ഒറ്റപ്പാലം പി ഒ), സംസ്ഥാന സർക്കാരിന്റെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ( സ്വോഡ് ഹണ്ടർ01 ) എന്നിവ ലഭിച്ചു. ഇതിനുപുറമെ, നിരവധി ഹ്രസ്വസിനിമകൾക്ക്‌ തിരക്കഥയെഴുതി, സംവിധാനംചെയ്‌തു. സ്കൂളിലെ കുട്ടികളെ കഥാപാത്രങ്ങളാക്കി നിർമിച്ച മോഹപ്പൊതി നിരവധി പുരസ്കാരംനേടി. ഹോപ്പ് , ഒഴുകാം എന്നീ ചെറു സിനിമകൾ എസ്‌സിഇആർടി നടത്തിയ ഹ്രസ്വസിനിമ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരങ്ങൾ നൽകുന്ന ഉത്തരവാദിത്തം എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സഹായിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home