എല്ലാം സ്മാർട്ട്

ഒ വി സുരേഷ്
Published on May 12, 2025, 11:41 PM | 4 min read
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച കേരളത്തിന്റെ സർവ മേഖലകളിലും സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നത്. അധികാരവികേന്ദ്രീകരണം ശക്തിപ്പെട്ടതിന്റെയും അതിന്റെ ഗുണഫലം ജനങ്ങൾ അനുഭവിക്കുന്നതിന്റെയും നേർസാക്ഷ്യമാണ് നമ്മുടെ പഞ്ചായത്തുകൾ. അധികാരവും ഫണ്ടും വിട്ടുകൊടുത്ത്, സർക്കാർ മാറിനിൽക്കുകയല്ല ചെയ്യുന്നത്, കൂടെനിന്ന് പ്രാദേശിക സർക്കാരിനെ ശക്തിപ്പെടുത്തുകയാണ്. കേരളത്തിലെ തദ്ദേശഭരണ മേഖലയിലെ മുന്നേറ്റത്തെക്കുറിച്ച് കില മുൻ ഡയറക്‌ടർ ജനറൽ ഡോ. ജോയ് ഇളമൺ സംസാരിക്കുന്നു. തയ്യാറാക്കിയത്: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ഒ വി സുരേഷ്
കെ സ്‌മാർട്ടിലൂടെ തദ്ദേശസ്ഥാപനങ്ങളും സ്‌മാർട്ടായല്ലോ
നമ്മുടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെല്ലാം ഐഎസ്‌ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. രാജ്യത്ത് മറ്റെവിടെയും ഇങ്ങനെയില്ല. പഞ്ചായത്തുകളിലേക്ക് പോയാൽ മാറ്റം കൃത്യമായി അറിയാം. നേരത്തേ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ എത്രതവണ തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങണം. ഇപ്പോൾ കല്യാണം നടന്നയുടൻ ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് ഓൺലൈനായി കൈയിലെത്തും. കെ സ്‌മാർട്ട് നടപ്പാക്കിയതോടെ പഞ്ചായത്ത്–- നഗരസഭാ ഓഫീസുകൾ നമ്മുടെ അരികിലെത്തി. അഞ്ഞൂറോളം സേവനങ്ങൾ കെ സ്‌മാർട്ടിലൂടെ ലഭിക്കും. ഭരണരീതികളെ മാറ്റിമറിക്കുന്നതായി ഇത്. സേവനം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവായി. അഴിമതിയും ഇല്ലാതാകും. എൽഡിഎഫ് സർക്കാരിന്റെ ആശയമായിരുന്നു ഇൻഫർമേഷൻ കേരള മിഷൻ. അടുത്ത ഘട്ടമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്‌റ്റം ഒന്നാം പിണറായി സർക്കാർ നടപ്പാക്കി. അതിന്റെ തുടർച്ചയാണ് കെ സ്‌മാർട്ട്. ജനങ്ങളുമായി ബന്ധപ്പെട്ട, സേവനങ്ങൾ ലഭ്യമാകുന്നതിലുണ്ടായ മാറ്റം വിശ്വസിക്കാനാകുന്നതിലും അപ്പുറമാണ്.
എല്ലാവർക്കും ഈ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനായി ഡിജി കേരളം പരിപാടി നടപ്പാക്കി. അതായത് മൊബൈൽ വഴിയും മറ്റും സർട്ടിഫിക്കറ്റ് എങ്ങനെ സംഘടിപ്പിക്കാമെന്ന് ജനങ്ങളെ പഠിപ്പിക്കാനുള്ള ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം പൂർത്തീകരിക്കുകയാണ്. അടുത്തുതന്നെ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. പാവപ്പെട്ടവർക്കുകൂടി വിവരസാങ്കേതിക വിജ്ഞാനം ലഭ്യമാക്കുകയാണ് ഡിജിറ്റൽ സാക്ഷരതയിലൂടെ. ഇതാണ് സർക്കാരിന്റെ കരുതൽ.
തദ്ദേശഭരണ സ്ഥാപനങ്ങൾ ശക്തിപ്പെട്ടത് എങ്ങനെയാണ്
തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളായാണ് നാം കണക്കാക്കുന്നത്. അധികാരം വിട്ടുകൊടുത്ത് മാറിനിൽക്കുകയല്ല സർക്കാർ. വിട്ടുകൊടുത്ത അധികാരം പിടിച്ചുവയ്‌ക്കുന്നുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ കൂടെനിൽക്കുകയാണ്. ഒരു ഉദാഹരണം പറയാം. സാധാരണനിലയിൽ വെള്ളപ്പൊക്കമോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽ റവന്യു ആണ് ദുരന്തനിവാരണപ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. എന്നാൽ, 2018ലെ പ്രളയത്തിൽ നമ്മൾ പലതും പഠിച്ചു. ദുരന്തനിവാരണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കും മുഖ്യമായ പങ്കുണ്ടെന്ന് സർക്കാർ മനസ്സിലാക്കി. ദുരന്തനിവാരണത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടാനുമുള്ള പ്രാദേശിക പദ്ധതികൾ തയ്യാറാക്കൽ അവരുടെകൂടി ഉത്തരവാദിത്വമാക്കി. കോവിഡ് കാലം ഓർമയുണ്ടല്ലോ, എഫ്‌എൽടിസികൾ തുറക്കുന്നതും കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതുമെല്ലാം തദ്ദേശസ്ഥാപനത്തിന്റെ പിന്തുണയിലാണ്. പ്രാദേശിക ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും വളർച്ചയിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പങ്കുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കില വലിയ പങ്കുവഹിച്ചു. കഴിഞ്ഞവർഷത്തെ കേന്ദ്രത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സുസ്ഥിരവികസന പ്രവർത്തനങ്ങളിൽ കേരളവും കിലയും വഹിച്ച പങ്ക് എടുത്തുപറയുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യത്തിലെ പ്രാദേശികവൽക്കരണം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ രണ്ടു വർഷവും കിലയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. സർക്കാർ നഗരനയത്തിനും രൂപംകൊടുത്തുവരുന്നു.
എത്രയൊക്കെ സാമ്പത്തിക പ്രയാസമുണ്ടായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പണം സർക്കാർ വെട്ടിക്കുറച്ചില്ല. ചിലപ്പോൾ അൽപ്പം വൈകിയിട്ടുണ്ടാകും. നേരത്തേ ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും രണ്ടു വകുപ്പായിരുന്നു. അത് സംയോജിപ്പിച്ച് ഒറ്റവകുപ്പാക്കി. തൊഴിൽമേഖലയിൽ വലിയ ഇടപെടൽ നടന്നു. തദ്ദേശസ്ഥാപനതലത്തിൽ തൊഴിൽസഭകൾ ചേർന്ന് തൊഴിലില്ലാത്തവരുടെ കണക്കെടുത്തു. തൊഴിൽ ചെയ്യാൻ സന്നദ്ധരായ 28 ലക്ഷത്തോളം പേരുണ്ടെന്ന് കണ്ടെത്തി. എം വി ഗോവിന്ദൻ മാസ്റ്റർ വകുപ്പുമന്ത്രിയായിരിക്കെ ആയിരുന്നു അത്. വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടക്കുന്ന നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനം നടക്കുന്നു. ലൈഫ് മിഷൻ വഴി വീടുനൽകാനുള്ള പ്രവർത്തനവും പ്രധാനപ്പെട്ടതാണ്.
മാലിന്യമുക്ത നവകേരളവും തദ്ദേശസ്ഥാപനങ്ങളും
വ്യക്തമായ ധാരണയോടെ പ്രവർത്തിച്ചാണ് മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുക എന്നതിനാണ് മുൻഗണന നൽകിയത്. ഹരിതകർമസേനകൾ വഴി 98 ശതമാനം വീടുകളിൽനിന്ന് അജൈവമാലിന്യം ശേഖരിക്കുന്നത് ഉറപ്പാക്കി. ദ്രവമാലിന്യ സംസ്‌കരണത്തിലായിരുന്നു നമ്മൾ പിറകിൽ. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ അതിലും വലിയ മാറ്റമുണ്ടായി. ആദ്യഘട്ടത്തിൽ ദ്രവമാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കാൻ ജനങ്ങൾ സമ്മതിച്ചിരുന്നില്ല. ജനങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തി അവരുടെ സഹകരണത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിച്ചത്. ചേർത്തലയിൽ പ്ലാന്റ് നിർമാണത്തിന് ജനം എതിരായപ്പോൾ, അവരെ തിരുവനന്തപുരം മുട്ടത്തറയിൽ എത്തിച്ച് മന്ത്രി എം ബി രാജേഷ്തന്നെ കാര്യം ബോധ്യപ്പെടുത്തി. ഗുരുവായൂർ, വടകര എന്നിവിടങ്ങളിലൊക്കെ സജ്ജീകരണമായി. ഇക്കാലമത്രയും ഇല്ലാത്ത രീതിയിൽ നഗരങ്ങളിലെ ദ്രവമാലിന്യ സംസ്‌കരണത്തിന് നടപടിയെടുത്തു. ബ്രഹ്മപുരത്തെ അപകടം സമൂഹത്തിന്റെ കണ്ണുതുറപ്പിച്ചു. ഇന്ന് ബ്രഹ്മപുരത്തിന്റെ സ്ഥിതി പാടെ മാറി.
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുകയാണല്ലോ
അതിദരിദ്രരില്ലാത്ത കേരളത്തെ സൃഷ്‌ടിക്കുന്നതിലെ ഈ സർക്കാരിന്റെ കണ്ണുവച്ച പ്രവർത്തനം മറ്റൊരു ലോകമാതൃകയാണ്. നിതി ആയോഗിന്റെ കണക്കു പ്രകാരം കേരളത്തിൽ 0.53 ശതമാനം മാത്രമാണ് അതിദരിദ്രർ. രാജ്യത്ത് ഏറ്റവും കുറവ് അതിദരിദ്രരുള്ള സംസ്ഥാനം. 1032 തദ്ദേശസ്ഥാപനത്തിലായി 64,006 കുടുംബത്തെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെകൂടി ഇടപെടലുണ്ടാകുകവഴി ഒരാളുപോലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി മൈക്രോപ്ലാനുകൾ തയ്യാറാക്കി. രാജ്യത്ത് മറ്റെവിടെയും നടക്കാത്തതാണിത്. സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ കഴിയുന്ന 20,792 കുടുംബത്തിന് ഭക്ഷ്യക്കിറ്റും അതിന് കഴിയാത്ത 2212 കുടുംബത്തിന് ജനകീയ ഹോട്ടലുകൾ, സമൂഹ അടുക്കളകൾ എന്നിവ വഴി പാകംചെയ്ത ഭക്ഷണവും നൽകുന്നു. ഈ വർഷം നവംബറിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും. പട്ടിണിയിൽനിന്ന് മുക്തമായ ഒരു സമൂഹം ഉറപ്പാക്കുക, നല്ല ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കുന്നതിലൂടെ സുസ്ഥിര വികസനത്തിന്റെ ആഗോള മാതൃകയായി കേരളം മാറും.
ലൈഫ് മിഷനും മാതൃകയല്ലേ
എല്ലാവർക്കും പാർപ്പിടമെന്ന ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ പദ്ധതിപോലെ ഇത്രയും ബൃഹത്തായ പദ്ധതി രാജ്യത്ത് മറ്റെവിടെയുണ്ട്. ഇതുവരെ 5,44,109 വീടുകൾ അനുവദിച്ചതിൽ 4,32,159 എണ്ണം കൈമാറി. 1,11,950 എണ്ണം നിർമാണത്തിലാണ്.
എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ സമീപനത്തിലെ മാറ്റം
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരുകളുടെ സമീപനം ശ്രദ്ധിച്ചാൽ മനസ്സിലാകും; പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്താൻ ശ്രമിച്ചത് എൽഡിഎഫ് ഭരണത്തിൽ മാത്രമാണെന്ന്. അധികാരം താഴേത്തട്ടിലേക്ക് വിട്ടുകൊടുക്കാൻ, ഗ്രാമസഭകളെ ശക്തിപ്പെടുത്താൻ, ആവശ്യമായ ഫണ്ട് നൽകാൻ സന്നദ്ധമായത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ്. യുഡിഎഫ് വന്നപ്പോഴൊക്കെ അധികാരം പിടിച്ചുവയ്‌ക്കുകയായിരുന്നു.
1996ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾത്തന്നെ അധികാര വികേന്ദ്രീകരണവും തദ്ദേശഭരണ സംവിധാനവും ശക്തമാക്കണമെന്ന തീരുമാനമെടുത്തിരുന്നു. അതിന്റെ ഭാഗമായിരുന്നു ജനകീയാസൂത്രണം. എന്നാൽ, പിന്നീട് വന്ന യുഡിഎഫ് സർക്കാർ അതിൽനിന്ന് പിന്നോട്ടുപോയി. 2016ൽ എൽഡിഎഫ് നവകേരള സൃഷ്‌ടിക്കായുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. നവകേരളത്തിനായി ജനകീയാസൂത്രണമെന്ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തദ്ദേശഭരണത്തെ ശക്തിപ്പെടുത്തുംവിധമാണ് നവകേരള കർമപരിപാടി തയ്യാറാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ഹരിതകേരളം, ലൈഫ്... എല്ലാം തദ്ദേശഭരണ സംവിധാനത്തിലൂടെയാണ് ചിട്ടപ്പെടുത്തിയത്. അതിന്റെ നേട്ടങ്ങളാണ് പിൽക്കാലത്ത് ഉണ്ടായത്.














