സ്‌ത്രീപക്ഷ സർക്കാർ

വിപ്ലവഗായിക പി കെ മേദിനി
ഫെബിൻ ജോഷി
Published on Mar 27, 2026, 11:36 PM | 2 min read
രാഷ്‌ട്രീയ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ എൽഡിഎഫ് ഭരണത്തെ എങ്ങനെ കാണുന്നു
■ കേരളത്തിലെ ഓരോ മനുഷ്യനിലേക്കും എൽഡിഎഫ് സർക്കാരെത്തി. ദിവസവും ചുറ്റും കാണുന്ന കാഴ്‌ചകൾ അത് ബോധ്യപ്പെടുത്തുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ നിക്ഷേപം 10 വർഷത്തിനിടെ സർക്കാർ നടത്തി. അവയെല്ലാം വരുംകാലങ്ങളിൽ മലയാളികളുടെ ജീവിതത്തിൽ ഏറെ ഗുണകരമാകും. സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കുന്നവരെമാത്രമല്ല, അരികുവൽക്കരിക്കപ്പെട്ട മനുഷ്യരും അതിന്റെ ഭാഗമാകുന്നുണ്ടെന്ന് ഉറപ്പാക്കി. അതിന്റെ അവസാന ഉദാഹരണങ്ങളിൽ ഒന്നാണ് എന്റെ ജില്ലയുടെതന്നെ അഭിമാനമായി നിൽക്കുന്ന പെരുമ്പളം പാലം. പതിറ്റാണ്ടുകളായി വേമ്പനാട്ടുകായലിലെ തുരുത്തിൽ ഒതുങ്ങിപ്പോയ മനുഷ്യർ. അവരെ കേരളത്തിനൊപ്പമെത്തിക്കാനുള്ള വലിയ നിക്ഷേപം സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിന്റെ നേർസാക്ഷ്യമാണ്. കേരളത്തെ കൂടുതൽ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമായും എൽഡിഎഫ് സർക്കാർ പരുവപ്പെടുത്തി.
സർക്കാരിന്റെ സ്‌ത്രീപക്ഷ നയങ്ങളെപ്പറ്റി
■ മറ്റൊരു നിലയിൽ നോക്കിയാൽ സമൂഹത്തിലെ മാറ്റങ്ങളുടെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താവ് സ്‌ത്രീസമൂഹമാണ്. പഴയ തിരുവിതാംകൂറിൽ സ്‌ത്രീസമൂഹം കൂടുതൽ ദുരിതം അനുഭവിച്ചിരുന്ന പ്രദേശങ്ങളിൽ ഒന്നാണ് ആലപ്പുഴ. രാജഭരണത്തിൽ ജന്മികളുടെ അടിച്ചമർത്തലിൽ സ്‌ത്രീകളുടെ മാനത്തിനും ജീവനും ഒരു വിലയുമില്ലായിരുന്നു. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് പ്രതിരോധം തീർത്തതോടെയാണ് മാറ്റമുണ്ടായത്. 1957ൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയതോടെ മെച്ചപ്പെട്ട പരിഗണന സ്‌ത്രീകൾക്ക് ലഭിക്കുന്ന നിലയുണ്ടായി. പിന്നീടുവന്ന ഓരോ ഇടതുപക്ഷ സർക്കാരും സ്‌ത്രീപക്ഷത്തായിരുന്നു. അതിന്റെ ഫലമാണ് രാജ്യത്തെതന്നെ ഉയർന്ന സ്‌ത്രീസാക്ഷരത, സ്‌ത്രീ–പുരുഷ അനുപാതം, തുല്യത അടക്കമുള്ള കേരളത്തിന്റെ നേട്ടങ്ങൾ. ജനകീയാസൂത്രണം നയരൂപീകരണത്തിൽ സ്‌ത്രീപ്രാതിനിധ്യം ഉയർത്തി. കുടുംബശ്രീ സാമ്പത്തികമായി ശക്തിപ്പെടുത്തി. സ്‌ത്രീകൾക്ക് സമൂഹ്യനീതി ഉറപ്പാക്കുന്നതായിരുന്നു 10 വർഷം. ഇപ്പോൾ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങൾ ഒരുങ്ങുമ്പോൾ, പുതിയ തൊഴിൽമേഖലകൾ രൂപപ്പെടുമ്പോൾ, വിദ്യാഭ്യാസ–ആരോഗ്യ മേഖലകൾ ശക്തിപ്പെടുമ്പോഴെല്ലാം സ്‌ത്രീജീവിതങ്ങളിലാണ് അത് കൂടുതലായി പ്രതിഫലിക്കുകയെന്ന് തോന്നിയിട്ടുണ്ട്. സ്‌ത്രീസുരക്ഷാ പെൻഷൻ, വിദ്യാർഥികൾക്കുള്ള കണക്ട് ടു വർക്ക് പദ്ധതിയെല്ലാം എന്നും സ്‌ത്രീപക്ഷത്താണെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പിന്റെ തെളിവാണ്.
വാക്കുപാലിക്കുന്ന സർക്കാർ
■പ്രകടനപത്രികകൾ വോട്ടിനുവേണ്ടി മാത്രമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് വലിയ ഉത്തരവാദിത്വമാണെന്ന നിലയിലാണ് എൽഡിഎഫ് സർക്കാരുകൾ ഏറ്റെടുത്തത്. പൊതുജനത്തിന്റെ മറവിയെന്ന ആനുകൂല്യത്തെ ആശ്രയിക്കാതെ, ഞങ്ങൾ പറഞ്ഞതിൽ ഇത്ര കാര്യങ്ങൾ നടപ്പായി. ഇനി ഇത്ര നടപ്പാക്കാനുണ്ട് എന്ന് ഓരോ വർഷവും പ്രകടനപത്രികയുടെ പ്രോഗ്രസ് കാർഡുമായി ജനങ്ങൾക്കുമുന്നിലെത്തുക ചെറിയ കാര്യമാണോ? പ്രകടനപത്രിക അച്ചടിക്കുന്ന പേപ്പറിനോടെങ്കിലും നീതികാണിക്കാതെ വാഗ്‌ദാനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങുമ്പോഴാണ്, ചെയ്‌തതും ബാക്കിയായതും ജനങ്ങൾക്കുമുന്നിൽ ഒരു സർക്കാർ വിശദീകരിക്കുന്നത്.
കലാരംഗത്തുള്ളവരോടുള്ള സർക്കാരിന്റെ കരുതൽ
■ പ്രതിസന്ധികളിൽ കണ്ടറിഞ്ഞ് സർക്കാർ കലാരംഗത്തുള്ളവരെ ചേർത്തുപിടിക്കുന്നതുമാത്രമല്ല ഞാൻ കരുതലായി കാണുന്നത്. നിലവിലെ ഇന്ത്യയുടെ രാഷ്‌ട്രീയസാഹചര്യത്തിൽ ആദ്യം വെട്ടുവീഴുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മുകളിലാണല്ലോ. അത്തരം സാഹചര്യങ്ങളിൽ ഫ-ാസിസ്റ്റുകൾക്ക് കൊത്തിപ്പറിക്കാൻ വിട്ടുകൊടുക്കാതെ കലാകാരന്മാർക്കും അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ സംരക്ഷണമൊരുക്കുന്ന ഒരു സർക്കാർ കഴിഞ്ഞ 10 വർഷമായി ഇവിടെയുണ്ട്. പണ്ട് ഞങ്ങളൊക്കെ രാഷ്‌ട്രീയപ്രചാരണത്തിന് കലയെ ഉപയോഗിക്കുമ്പോൾ ദിവാൻ അതിന് നിരോധനം ഏർപ്പെടുത്തുന്നത് ഓർമയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്തും സമാനമായ സ്ഥിതിയുണ്ടായി. ആർഎസ്‌എസിനുകീഴിൽ വീണ്ടും അത്തരം ഇടപെടലുണ്ടാകുമ്പോൾ അതിന്റെ മൂക്കിന് വെട്ടാൻ ഇവിടെ ഒരു സർക്കാരുണ്ടായി.
ഏറ്റവുമടുത്ത് കഴിഞ്ഞ ഐഎഫ്‌എഫ-്‌കെ കാലത്ത് രാജ്യം അതിന് സാക്ഷിയായതാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു സർക്കാർ കാവലാകുന്നതല്ലേ ഏറ്റവും വലിയ കരുതൽ. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത രീതിയിൽ ഒരു താരം ഇവിടെ ആക്രമിക്കപ്പെട്ടു. ഇക്കാലമത്രയും ഇപ്പോഴും സർക്കാർ ആ പെൺകുട്ടിക്കൊപ്പമാണ്. അവളെ കേരളത്തിന്റെ മകളായാണ് ചേർത്തുനിർത്തിയത്. വനിത, ദളിത് സിനിമാപ്രവർത്തകർക്ക് അവരുടെ സിനിമ നിർമിക്കാനുള്ള സഹായം, നാടകപ്രവർത്തകരോടും പരമ്പരാഗത കലാകാരന്മാരോടുമുള്ള കരുതൽ, അവർക്ക് നൽകുന്ന അംഗീകാരം അവയെല്ലാം വലിയ കാര്യമാണ്.















