ad
Deshabhimani

Interview

അഡ്വ. എം കെ സക്കീർ

വികസനത്തിന്റെയും നീതിയുടെയും ജനകീയ പക്ഷം

Adv.MK Sakir

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ.

വെബ് ഡെസ്ക്

Published on Apr 04, 2026, 03:31 PM | 3 min read

പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന കരുത്തുറ്റ സ്ഥാനാർഥിയാണ് താങ്കൾ. ഒരു സാധാരണ വിദ്യാർത്ഥി പ്രവർത്തകനിൽ നിന്നും ഭരണസംവിധാനങ്ങളുടെ തലപ്പത്തേക്കുള്ള ഈ വളർച്ചയെ എങ്ങനെ നോക്കിക്കാണുന്നു?


​എന്റെ വളർച്ച കേവലം വ്യക്തിപരമായ ഒന്നല്ല, മറിച്ച് പ്രസ്ഥാനം എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളുടെ ഫലമാണ്. മാറഞ്ചേരി സ്കൂളിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലൂടെ തുടങ്ങിയ പൊതുപ്രവർത്തനമാണ്. പൊന്നാനി എംഇഎസ് കോളേജിലെ ആവേശകരമായ ക്യാമ്പസ് രാഷ്ട്രീയവും പിന്നീട് യുവജന പ്രസ്ഥാനത്തിലെ പ്രവർത്തനങ്ങളും എനിക്ക് വലിയ അനുഭവങ്ങളായിരുന്നു. അഴിമതിരഹിതമായ നിലപാടുകളും സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹവുമാണ് എന്നെ നയിക്കുന്നത്. എന്റെ വാപ്പ കുവ്വക്കാട്ടയിൽ ബാവക്കുട്ടിയും ഉമ്മ സാറുവും സജീവ സിപിഎം പ്രവർത്തകരും നേതാക്കളുമായിരുന്നു. അവർ പകർന്നുതന്ന രാഷ്ട്രീയ ബോധം ഈ യാത്രയിൽ എപ്പോഴും കരുത്തായിട്ടുണ്ട്.


സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായപ്പോൾ എന്ത് തോന്നി?


​എൽഡിഎഫ് സർക്കാർ ഭരണത്തിലേറിയപ്പോൾ രണ്ടു ഉത്തരവാദിത്തങ്ങളാണ് എന്നെ ഏല്പിച്ചത്. പി എസ്‌ സി ചെയർമാനായിരുന്നപ്പോഴും വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നപ്പോഴും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ 100 ശതനാനം ചെയ്യാൻ കഴിഞ്ഞു എന്ന് ഞാൻ പൂർണമായി വിലയിരുത്തുന്നു. ഏല്പിച്ച ജോലി കൃത്യമായി ചെയ്താൽ അയാളോട് ഒരു പരിഗണന എന്നും പ്രസ്ഥാനത്തിനുണ്ടാകും. ഞാനത് പൂർണതോതിൽ നിറവേറ്റിയതുകൊണ്ടാണ് പൊന്നാനി തെരഞ്ഞെടുപ്പിൽ എന്നെ സ്ഥാനാർഥിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചത് എന്നാണ് ഞാൻ കരുതുന്നത്.


പി എസ് സി ചെയർമാൻ എന്ന നിലയിലുള്ള താങ്കളുടെ പ്രവർത്തനം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു ആ കാലയളവിലെ താങ്കളുടെ പ്രധാന നേട്ടം?


​​പി എസ് സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായ 'ഡിജിറ്റലൈസേഷൻ' പൂർണരൂപത്തിൽ നടപിലാക്കാൻ സാധിച്ചു എന്നതാണ് ഞാൻ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. ഉദ്യോഗാർഥികൾക്ക് സുതാര്യവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ സഹായിച്ചു. അപേക്ഷാ നടപടികൾ ലളിതമാക്കിയതോടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് സിസ്റ്റത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. അത് ഭരണരംഗത്തെ വിപ്ലവകരമായ മാറ്റമായിരുന്നു. വൺ ടൈം രജിസ്ട്രേഷൻ സംവിധാനം, കുറ്റമറ്റ പരീക്ഷാ നടത്തിപ്പ്, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തുന്നത്, കെഎഎസ് പരീക്ഷയുടെ നടത്തിപ്പ് തുടങ്ങി സാധ്യമാക്കിയ പരിഷ്‌കാരങ്ങൾ പലതാണ്.


ഹൈക്കോടതി അഭിഭാഷകൻ, ഗവൺമെന്റ് പ്ലീഡർ എന്നീ നിലകളിലെ നിയമപരിചയം ജനപ്രതിനിധി എന്ന നിലയിൽ താങ്കൾക്ക് എത്രത്തോളം സഹായകരമാകും?


​തീർച്ചയായും വലിയ സഹായമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിൽ നിയമസഭയിലെ 'കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ' അംഗമെന്ന നിലയിൽ സഭ പാസാക്കുന്ന ചട്ടങ്ങളും ഉപനിയമങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. നിയമനിർമ്മാണ സഭയിൽ ഒരു ബില്ല് അവതരിപ്പിക്കുമ്പോൾ അതിന്റെ നിയമവശങ്ങൾ കൃത്യമായി ബോധ്യപ്പെടാൻ അഭിഭാഷകവൃത്തി എനിക്ക് കരുത്തു നൽകുന്നു. സാധാരണക്കാരായ കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദമാകാൻ നിയമപരമായ ഈ അറിവ് വലിയ മുതൽക്കൂട്ടാണ്.


‌പൊന്നാനിയുടെ വികസനത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?


കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൊന്നാനിയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്. ഇന്ന് പൊന്നാനി അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടിയിട്ടുണ്ട്. തുറുവാണം പാലവും നിള ടൂറിസം പദ്ധതിയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ വികസന വേഗതയ്ക്ക് പുതിയ ദിശാബോധം നൽകുക എന്നതാണ് എന്റെ ലക്ഷ്യം.


വിജയിച്ചു കഴിഞ്ഞാൽ പൊന്നാനിക്കായി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പ്രധാന പദ്ധതികൾ ഏതൊക്കെയാണ്?


പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്

  • തീരസംരക്ഷണം: കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ അനുവദിച്ച 569 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകിയത്. അത് തുടർന്നുകൊണ്ടുപോവാൻ ആവശ്യമായ നടപടികൾ ഉടൻതന്നെ സ്വീകരിക്കും.

  • തുറമുഖ വികസനം: ഹാർബർ നവീകരണവും കപ്പൽ നിർമ്മാണ ശാലയുടെ പൂർത്തീകരണവും വഴി നാടിന്റെ സാമ്പത്തിക മേഖലയെ ഉണർത്തും. നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതായതിനാൽ പ്രത്യേക പ്രാധാന്യം അതിനു നൽകാൻ ശ്രമിക്കും.

  • ടൂറിസവും ഗതാഗതവും: തുറുവാണം ദ്വീപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും, കനോലി കനാൽ നവീകരിച്ച് ജലഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. കൂടാതെ കോൾ കൃഷി മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും. നൂറണിത്തോട് വൃത്തിയാക്കുക വഴി കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലം ലഭിക്കുമെന്നതിൽ തർക്കമില്ല. നൂറണി തോടിന്റെ നവീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകി നടപ്പിലാക്കും.


തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനങ്ങളിൽ നിന്നുള്ള പ്രതികരണം എങ്ങനെയാണ്?


​വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും എന്റെ പ്രവർത്തന പരിചയത്തിനും ജനങ്ങൾ വലിയ അംഗീകാരം നൽകുന്നുണ്ട്. ഇത്തവണ പൊന്നാനിയിൽ എൽഡിഎഫ് ഭൂരിപക്ഷം വലിയ രീതിയിൽ വർധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ നുണപ്രചരണങ്ങൾ അഴിച്ചുവിടാൻ കോൺഗ്രസും എതിർ സ്ഥാനാർഥിയും ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പൊന്നാനിക്കാരനായ എന്നെ ഇവിടുത്തെ ജനങ്ങൾക്ക് അറിയാവുന്നതാണ്. സ്വന്തം താല്പര്യത്തിനോ നേട്ടത്തിനോ വേണ്ടി ഒരു പ്രവർത്തിക്കും മുതിരാത്ത ആളാണ് ഞാൻ. പ്രസ്ഥാനം എന്നെ ഏല്പിച്ച ജോലിയും നാടിന്റെ വികസന പ്രവർത്തനങ്ങളും മാത്രമാണ് എനിക്ക് മുന്നിലുള്ളത്. ഞാനത് കൃത്യമായി ചെയ്യുമെന്ന് നാട്ടുകാർക്ക് അറിവുള്ളതാണ്. അതിനാൽ നുണപ്രചരണങ്ങൾ തള്ളിക്കളഞ്ഞ് നാട്ടുകാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home