കാമ്പസുകളെ ലക്ഷ്യമിടുന്ന സംഘപരിവാർ നയങ്ങളും എതിർക്കപ്പെടേണ്ട പ്രോക്ടോറിയൽ കോഡും

എസ്എഫ്ഐ വിദ്യാർഥിനി സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒക്ക്യൂപൈ മാഡം ക്യൂറി സമരത്തിൽ വനിതാ പ്രവർത്തകരെ അടക്കം സെക്യൂരിറ്റി കയ്യേറ്റം ചെയ്ത വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം

ജിഷ്ണു മധു
Published on Jun 07, 2025, 02:27 PM | 4 min read
ഒരു രാജ്യം, ഒരു വ്യവസ്ഥ, ഒരു കരിക്കുലം എന്ന വിദ്യാഭ്യാസത്തിലെ ഏകീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്. സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്റെ നവ ഉദാരവൽക്കരണം തീവ്രമായി പ്രതിഫലിക്കുന്ന നയങ്ങൾ നടപ്പാക്കുന്നത് അനുദിനം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു. യുജിസിയും കേന്ദ്ര സർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യ-വർഗീയ- കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നിർദേശങ്ങൾ.
സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതൊരു നാട്ടിലെയും ജനാധിപത്യം നിലനിൽക്കുന്നതിനും വിപുലമാകുന്നതിനുമുള്ള പ്രധാന ഉപാധിയാണ്. കേവലമായ അറിവുൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളല്ല സർവകലാശാലകൾ എന്നതാണ് എക്കാലവും ഇന്ത്യ ഉയർത്തിപ്പിടച്ച നയം. എന്നാൽ ഒരുമയുടേയും സമത്വത്തിന്റെയും പാഠങ്ങൾ പഠിച്ചെടുക്കേണ്ട ഇത്തരം സാംസ്കാരിക ഇടങ്ങളെ മുഴുവനായും അട്ടിമറിച്ച് ഹിന്ദുത്വവൽക്കരണം യഥേഷ്‌ടം നടപ്പാക്കുകയാണ് സമീപകാലയളവിൽ ഇവർ. അതിന്റെ ഒടുവിലത്തെ ഉദാഹരണമായ പോണ്ടിച്ചേരി സർവകലാശാലയിൽ അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന പ്രോക്ടോറിയൽ കോഡ് വിഷയത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സൂര്യ കോട്ടായിയുമായി നടത്തിയ അഭിമുഖം.
ഹിന്ദുത്വ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുന്ന സർവകലാശാല അധികാരികൾ ജനാധിപത്യ അവകാശങ്ങൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ, സംഘടിത പ്രതിഷേധങ്ങൾ എന്നിവയെയല്ലാം അടിച്ചമർത്താൻ ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. ഈ ആക്രമണത്തിന്റെ ഏറ്റവും പുതിയ രൂപമാണ് 2025 മെയ് 24ന് സർവകലാശാല പുറപ്പെടുവിച്ച പുതിയ പ്രോക്ടോറിയൽ ബോർഡ് നിയമങ്ങൾ. 1985-ലെ പോണ്ടിച്ചേരി സർവകലാശാല ആക്ടിന്റെ സ്റ്റാറ്യൂട്ട് 8(1), 30 എന്നിവയ്ക്ക് കീഴിൽ പാസാക്കിയ നിയമങ്ങളെ കാമ്പസിൽ അച്ചടക്കം നിലനിർത്താൻ എന്ന പേരിലാണ് അധികാരികൾ വ്യാഖ്യാനിക്കുന്നത്.
എന്നാൽ യഥാർത്ഥത്തിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനും വിദ്യാർഥികളെ അരാഷ്ട്രീയരാക്കാനും സർവകലാശാലയെ സ്വേച്ഛാധിപത്യ സ്വഭാവത്തിലേക്കു നയിക്കാനുമുള്ള ശ്രമമാണിത്. അച്ചടക്കമില്ലായ്മ, തെറ്റായ പെരുമാറ്റം തുടങ്ങിയ വാക്കുകൾ പലപ്പോഴും സമൂഹത്തിൽ നിർവചിക്കുന്നത് തെറ്റായാണ്. വ്യാഖ്യാനിക്കുന്ന വ്യക്‌തികളുടെ മനോഭാവം, നിലപാടുകൾ, രാഷ്‌ട്രീയധാരണ എന്നിവയെല്ലാം ഇതിൽ സ്വാധീനിക്കപ്പെടും. ഇവിടെയും അതാണ് പ്രശ്‌നം. പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കുന്നത് വരെ എന്തും തെറ്റായ പെരുമാറ്റത്തിൽ ഉൾപ്പെടുത്തി അധികാരികൾക്ക് ശിക്ഷിക്കാം. ചുരുക്കി പറഞ്ഞാൽ ഈ അവ്യക്തത ആകസ്മികതയല്ല; ശബ്ദമുയർത്തുന്നവരെ ഭയം കൊണ്ട് നേരിടാനുള്ള തന്ത്രമാണ്. നീതിപൂർവകമായ വിചാരണയോ അപ്പീൽ സംവിധാങ്ങളോ ഉറപ്പുവരുത്താതെ തന്നെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ രേഖകൾ പിടിച്ച് വെയ്ക്കാനോ ഇവ അധികാരം നൽകുന്നു.
വിവാദമായ സർക്കുലർ
സാമ്പത്തിക ചൂഷണം മുതൽ സോഷ്യൽ മീഡിയ അക്കൗണ്ട് നിയന്ത്രണം വരെ
പാസാക്കിയ നിയമങ്ങളുടെ ഉള്ളടക്കം മുതലുള്ളത് സംഘപരിവാറിന്റെ വർഗീയവൽക്കരണത്തിന് തപ്പുകൊട്ടുന്നതിനൊപ്പം വിദ്യാർഥികളെയാകെ ദ്രോഹിക്കാനുള്ള നീക്കങ്ങളാണ്. വിദ്യാർഥികളുടെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ട് നിയന്ത്രണം മുതൽ അകാരണമായി ഏർപ്പെടുത്തുന്ന ഫൈൻ വരെ ഇതിലുണ്ട്. സർവകാശാല അധികാരികൾ തന്നെ ഒരേ സമയം വിധി കർത്താവും വിധി നടപ്പാക്കുന്നവരുമായി മാറുന്നു.
സെക്ഷൻ 6.ജി: വിദ്യാർഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള അധികാരം സർവകലാശാലക്ക് നൽകുന്നു
സെക്ഷൻ 9.സി: ഏകപക്ഷീയമായ അച്ചടക്ക നടപടികൾക്ക് വഴി തുറക്കുന്നു
സെക്ഷൻ 9.ഇ, 9.ജി: ഹെൽപ്പ് ഡെസ്ക്, സാംസ്കാരിക പരിപാടികൾ, വിദ്യാർഥി യോഗങ്ങൾ മുതലായവ നിരോധിക്കാം
സെക്ഷൻ 10.എച്ച്, 10.ജെ: സർവകലാശാലയ്ക്ക് എതിരെ സംസാരിക്കുന്നതിന് വിലക്ക്
സെക്ഷൻ 13.വി: വിദ്യാർഥികളെ നിയന്ത്രിക്കാൻ വ്യക്തമായി നിർവചിക്കപ്പെടാത്ത ധാർമിക മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു
സെക്ഷൻ 13 ലെവൽ 2 ആൻഡ് 3: നിരാഹാരം, കുത്തിയിരിപ്പ് സമരങ്ങൾ, സമാധാനപരമായ പ്രതിഷേധങ്ങൾ എന്നിവ ശിക്ഷാർഹമായ പ്രവർത്തികളായി പരിഗണിക്കും
സെക്ഷൻ 14: അടിസ്ഥാന അവകാശങ്ങളായ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും താൽക്കാലികമായി നിർത്തിവയ്ക്കൽ, മെസ് ഭക്ഷണം നിഷേധിക്കൽ, സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കൽ തുടങ്ങിയവ സ്വീകരിക്കാം
സെക്ഷൻ 19(1).ബി: സാമ്പത്തികമായ പിഴകൾക്കെതിരായ അപ്പീലുകൾ അനുവദിക്കുന്നതല്ല. ഇത് ചീഫ് പ്രോക്ടറിന് അനിയന്ത്രിതമായ അധികാരം നൽകുന്നു. വിദ്യാർഥികളെ സാമ്പത്തികമായി പീഡിപ്പിക്കാൻ അവസരമൊരുക്കും.
എസ്എഫ്ഐ വിദ്യാർഥിനി സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ആഗസ്ത് 12 ന് സാനിറ്ററി നാപ്കിൻ വെന്റിങ്ങ് മെഷീൻ, ഇൻസിനറേറ്റർ സ്ഥാപിക്കുക, നൈറ്റ് രജിസ്റ്റർ ഇല്ലാതാക്കുക എന്നീ ആവശ്യങ്ങളിൽ സംഘടിപ്പിച്ച ഒക്ക്യൂപൈ മാഡം ക്യൂറി സമരം
വലതു രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമം
ജനാധിപത്യം കശാപ്പുചെയ്യുന്നതിലും കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നതിലും എന്നും മുന്നിലാണ് സർവകലാശാല. രാജ്യത്താകമാനം എൻഇപി 2020 വിരുദ്ധ പ്രതിഷേധം നടക്കുമ്പോൾ നയത്തെ ഇരുകയ്യും നീട്ടി ഇവർ സ്വീകരിച്ചു. എബിആർഎസ്‌എം പോലെയുള്ള സംഘടനകളോട് സഹകരിച്ചുകൊണ്ട് ഔദ്യോഗികമായി സെമിനാറുകൾ നിരന്തരം നടത്തുന്നു. അഡ്മിനിസ്ട്രേഷനിലെ പല ഉയർന്ന പദവികളും യോഗ്യതയില്ലെങ്കിൽ കൂടി കൈകാര്യംചെയ്യുന്നത് തീവ്രവലതുപക്ഷ അനുഭാവികളായ അധ്യാപകർ ആണ്. അങ്ങനെ സംഘപരിവാറിന് വ്യക്തമായ സ്വാധീനമുള്ളതും നിരന്തരം വലതു രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുമായ സർവകാശാലയാണിത്.
എസ്എഫ്ഐ സമർപ്പിച്ച അടിസ്ഥാന അവകാശങ്ങളുടെ പത്രികയിൽ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ 2024 ഒക്ടോബർ 1ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത
അനിശ്ചിതകാല നിരാഹാരസമരം
ശിക്ഷകൾ പലവിധം
സംഘപരിവാറുമായി ബന്ധമുള്ള സർവകലാശാല അധികാരികൾ ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികൾ കൊണ്ടുവരുന്നത് ഇതാദ്യമായല്ല. വിദ്യാർഥി പ്രതിഷേധങ്ങൾ തടയാനും സാംസ്കാരിക പരിപാടികൾക്ക് അനുമതി നിഷേധിക്കാനും തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ പ്രവർത്തനത്തിൽ ഇടപെടാനും ഇവർ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇത്തരം ശ്രമങ്ങളെ ചെറുത്തിട്ടുണ്ട്. പ്രതിരോധം തീർക്കുന്നവരെ അന്നും ഇന്നും അക്കാദമികമായി വേട്ടയാടുകയാണ് സർവകലാശാല നയം. അറ്റന്റൻസ് നൽകാതിരിക്കുക, ഡിപ്പാർട്ട്മെന്റിൽ വിളിപ്പിച്ച് വ്യക്തിപരമായി അധിക്ഷേപിക്കുക, പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുക, 2019ൽ ഫീ മസ്റ്റ് ഫോൾ സമരത്തെ തുടർന്ന് ഉണ്ടായത് പോലെയുള്ള സസ്പെൻഷൻ, ഡീബാറിങ് പോലെ ഉള്ള നടപടികൾ ആവർത്തിക്കുക, എൻഎസ്എസിന്റെ ഉൾപ്പടെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുക തുടങ്ങിയ നടപടികൾ നിരന്തരം സ്വീകരിക്കുകയാണ് ഇക്കൂട്ടർ.
എസ്എഫ്ഐ പ്രതിരോധിക്കും
കാമ്പസിലെ പുരോഗമനപരമായ ഓരോ മാറ്റവും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സംഘടിത മുന്നേറ്റങ്ങളുടെ ഫലമാണ്. പ്രോക്ടോറിയൽ കോഡ് വിഷയത്തിലും ആദ്യം മുതൽ എസ്‌എഫ്‌ഐ സമരരംഗത്തുണ്ട്. അഖിലേന്ത്യ കമ്മിറ്റി ഈ വിഷയത്തിൽ പ്രസ്‌താവന ഇറക്കിയത് സമരത്തിന് കൂടുതൽ വിസിബിലിറ്റി ലഭിക്കാൻ കാരണമായി. ലോക്ക്ഡൗൺ കഴിഞ്ഞ് കാമ്പസ് തുറക്കുന്നതിന് വേണ്ടി സമരം ചെയ്തതും എസ്എഫ്ഐ മാത്രമായിരുന്നു. ഒരുമാസം നീണ്ട സമരത്തിന്റെ ഫലമാണ് ഇന്ന് ക്യാമ്പസിലുള്ള 24×7 റീഡിംഗ് റൂം. വിദ്യാർഥിനി സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്ററി നാപ്കിൻ വെന്റിങ്ങ് മെഷീൻ, ഇൻസിനറേറ്റർ സ്ഥാപിക്കാനും നൈറ്റ് രജിസ്റ്റർ ഇല്ലാതാക്കാനും നടത്തിയ സമരത്തിൽ വനിതാ സഖാക്കളെയടക്കം സെക്യൂരിറ്റി കയ്യേറ്റംചെയ്തിരുന്നു. 2024ൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി നടന്ന ചലോ അഡ്മിൻ സമരത്തിന്റെയും അതിന്റെ ഭാഗമായിട്ടുണ്ടായ നിരാഹാര സമരത്തിന്റെയും ഫലമായിട്ടാണ് അഞ്ചു വർഷത്തിന് ശേഷം ക്യാമ്പസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
സ്റ്റുഡന്റ്സ് കൗൺസിൽ സമർപ്പിച്ച അവകാശപത്രികയിൽ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ 2025 ഏപ്രിൽ 4 ന് കൗൺസിൽ നേതൃത്വം നൽകിയ 8 ദിവസം നീണ്ടുനിന്ന അക്‌സെപ്റ് ദി മെമ്മോറാണ്ടം സമരം.
തിരക്കഥയിലെ പേരുകൾ മാത്രം മാറ്റം
പോണ്ടിച്ചേരി സർവകലാശാലയിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യമൊട്ടാകെ വിദ്യാർഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്താനും എതിർ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണിത്. ജെഎൻയു മുതൽ ഹൈദരാബാദ് സർവകലാശാല വരെയും അലഹബാദ് മുതൽ ബനാറസ്‌വരെയുമുള്ള തിരക്കഥ ഒന്നാണ്. വിദ്യാർഥികളെ ക്രിമിനലുകളായി മുദ്രകുത്തുക, രാഷ്ട്രീയ സംഘടനങ്ങളെ "ദേശവിരുദ്ധം" എന്ന് മുദ്രകുത്തുക, സർവകലാശാലാ ഭരണകൂടങ്ങളെ അടിച്ചമർത്തലിനുള്ള ഉപകരണങ്ങളാക്കി മാറ്റുക എന്നിവയാണ് ഇവരുടെ അജണ്ട. രാജ്യത്ത് അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിലും സമൂഹത്തെ പുരോഗമനത്തിലേക്ക് നയിക്കുന്നത്തിലും വിദ്യാർഥികൾക്ക് നിർണായക പങ്കുണ്ടായിരുന്നുവെന്ന് ആർഎസ്‌എസ്–ബിജെപി സർക്കാരിന് അറിയാം. അതിനാലാണ് സർവകലാശാലകളുടെ അന്തരീക്ഷം തകർക്കാൻ അവരുടെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്നത്.















