നൂറ് ശതമാനം വിജയിച്ച സർക്കാർ

നിലമ്പൂർ ആയിഷ
എം സനോജ്
Published on Mar 20, 2026, 11:34 PM | 2 min read
‘വര്‍ഗീയശക്തികളെ തുരത്താനും വര്‍ഗീയതയെ ഇല്ലാതാക്കാനും ഇടതുപക്ഷത്തിനുമാത്രമേ സാധിക്കൂ. വികസനത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തിലായാലും മുഖ്യമന്ത്രിയും സർക്കാരും കാണിച്ചിട്ടുള്ള മികച്ച പ്രകടനം ഇനിയും തുടരണമെന്നാണ് ആഗ്രഹം’ നടിയും സാംസ്‌കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷ പറയുന്നു. തയ്യാറാക്കിയത്: ദേശാഭിമാനി നിലമ്പൂർ ഏരിയ ലേഖകൻ എം സനോജ്
എൽഡിഎഫ് സർക്കാർ 10 വർഷം പൂർത്തിയാക്കുകയാണ്. തുടർഭരണ സാധ്യതകളെ എങ്ങനെ കാണുന്നു
■ എല്ലാ മേഖലയിലും 100 ശതമാനം വിജയിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ഉരുൾപൊട്ടി ഒലിച്ചുപോയ വയനാട് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളെ ചേർത്തുപിടിച്ചു. ലോകത്തിന് മാതൃകയാകുംവിധമാണ് ദുരന്തബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത്. മറ്റൊരു സർക്കാരിനും ഇത്ര ഫലപ്രദമായി ഇക്കാര്യങ്ങൾ ചെയ്യാനാകില്ല. ഇടതുപക്ഷത്തിന്റെ ജനപക്ഷ കാഴ്‌ചപ്പാടാണ് അതിൽ പ്രതിഫലിച്ചത്. പാവങ്ങൾക്ക് അഞ്ചുലക്ഷം വീട് വച്ചുകൊടുത്തത് വലിയ കാര്യമാണ്. മനുഷ്യന്റെ തലചായ്‌ക്കാനുള്ള സ്വപ്‌നങ്ങൾക്കാണ് ജീവൻ പകർന്നത്.
കലാകാരി എന്ന നിലയിൽ നാട്ടിൽ നടക്കുന്ന വികസനകാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ടോ
■ നമ്മുടെ നാട്ടിൽ എത്രയെത്ര റോഡുകളും പാലങ്ങളുമാണ് ഉയർന്നത്. മൂന്നുപതിറ്റാണ്ടുകൊണ്ട് സാധ്യമാകേണ്ട കാര്യമാണ് ഇൗ 10 വർഷത്തിനിടയിൽ നടന്നത്. എന്റെ നാട്ടിലെ നിലമ്പൂർ മാനവേദന്‍ സ്‌കൂൾപോലെ നൂറുകണക്കിന് പൊതുവിദ്യാലയങ്ങളാണ് അടിമുടി മാറിയത്. എല്ലാ സ്‌കൂളുകൾക്കും പുതിയ കെട്ടിടം വന്നു. സ്‌മാർട്ട് ക്ലാസ്‌മുറികളും അത്യാധുനിക ലബോറട്ടറികളും സ്റ്റേഡിയങ്ങളും ഉൾപ്പെടെ വലിയ വികസനമാണ് ഉണ്ടായത്. പെൻഷൻ ഒൗദാര്യമല്ല, അവകാശമാണെന്ന് ബോധ്യപ്പെടുത്തിയ സർക്കാരാണിത്. ലക്ഷക്കണക്കിന് വയോജനങ്ങൾക്കാണ് ഇൗ സഹായം തുണയായത്. അവരുടെ ആത്മവിശ്വാസത്തെ വാനോളം ഉയർത്താൻ ഇത് ഉപകരിച്ചു. പെൻഷനുവേണ്ടി സർക്കാരുകളുടെ ഒൗദാര്യം കാത്തിരിക്കേണ്ട അവസ്ഥ മാറി. സ്‌ത്രീസുരക്ഷാ പെൻഷൻ മികച്ച തീരുമാനമാണ്. അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ അധ്വാനത്തെ വിലമതിച്ച ലോകത്തെതന്നെ അപൂർവം സർക്കാരാണിത്.
90 വയസ്സ് പിന്നിട്ടിരിക്കുന്നു. വയോജനസൗഹൃദ കേരളമെന്ന ആശയത്തോട് എങ്ങനെ പ്രതികരിക്കുന്നു
■ ഇടതുപക്ഷ സർക്കാരുകൾ കൃത്യമായ നയപരിപാടികളുമായാണ് എല്ലാ കാലത്തും ഭരണം നടത്താറുള്ളത്. കഴിഞ്ഞ 10 വർഷവും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏതു പ്രതിസന്ധിഘട്ടത്തിലും സർക്കാർ ഒപ്പമുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാലമാണ് കടന്നുപോയത്. അത് സാധാരണക്കാരന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നാട്ടിലെ ആശുപത്രികൾക്കെല്ലാം മികച്ച സൗകര്യങ്ങളായി. ബഹുനിലക്കെട്ടിടങ്ങൾ ഉയർന്നു. അത്യാധുനിക ചികിത്സപോലും ഇന്ന് നാട്ടിൻപുറത്തെ ആശുപത്രികളിൽ ലഭ്യമാണെന്നറിയുമ്പോൾ എന്നെപ്പോലുള്ള സാധാരണക്കാരിക്ക് ഉണ്ടാകുന്ന ആനന്ദം ചെറുതല്ല. കോർപറേറ്റുകൾ ആതുരാലയങ്ങൾ വിഴുങ്ങുന്ന കാലത്ത് സാധാരണക്കാരന്റെ ജീവന് വിലമതിക്കുന്ന ഭരണസംവിധാനങ്ങൾ നിലനിൽക്കണം. ഇതിനെയൊക്കെ കണ്ണടച്ച് എതിർക്കാൻ രാഷ്‌ട്രീയ അന്ധത ബാധിച്ചവർക്കുമാത്രമേ സാധിക്കൂ. യുഡിഎഫിന്റെ കാലം ജനങ്ങൾ ഓർക്കാൻപോലും ഇഷ്ടപ്പെടുന്നില്ല.
നാടകം അവതരിപ്പിച്ചതിന് വെടിയുണ്ടകളെ അതിജീവിക്കേണ്ടി വന്ന അഭിനേത്രിയാണ്. വർഗീയശക്തികൾ രാജ്യമാകെ ശക്തിപ്രാപിക്കുകയാണ്. കേരളം ഇതിൽ ഒറ്റപ്പെട്ടുനിൽക്കുന്നത് എന്തുകൊണ്ടാണ്
■ മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് പിണറായി വിജയൻ നടത്തിയത്. രാജ്യമാകെ വർഗീയസംഘർഷങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും അരങ്ങേറുമ്പോൾ കേരളം സമാധാനത്തിന്റെ തുരുത്തായി ഒറ്റപ്പെട്ടുനിൽക്കുന്നത് ഇവിടെ കമ്യൂണിസ്റ്റ് ഭരണാധികാരി ഉള്ളതുകൊണ്ടാണ്. വർഗീയ വിഷജീവികൾക്ക് തലപൊക്കാൻ സാധിക്കാത്ത 10 വർഷമാണ് കടന്നുപോയത്. അത് നിസ്സാര കാര്യമല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക എന്നത് പൗരസ്വാതന്ത്ര്യത്തിൽ പ്രധാനമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ടീമായി പ്രവർത്തിച്ചു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. യുഡിഎഫ് ഭരണത്തിൽ മന്ത്രിമാർ തമ്മിൽ തല്ലുന്ന കാഴ്‌ച നമ്മൾ കണ്ടതാണ്. അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു 10 വർഷംമുന്പത്തെ യുഡിഎഫ് സർക്കാരിന്റെ മുഖമുദ്ര.
ഭരണനേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെങ്കില്‍ ഇടതുപക്ഷം വിജയിക്കുകതന്നെ വേണം. കമ്യൂണിസ്റ്റ് പാര്‍ടി ഭരിച്ച കാലങ്ങളിൽമാത്രമാണ് സാധാരണക്കാരെ പരിഗണിച്ചത്. അതുകൊണ്ടുതന്നെ ഇടതുപക്ഷം അധികാരത്തിലെത്തേണ്ടത് കേരളത്തില്‍ അധ്വാനിക്കുന്ന ജനതയുടെ ആഗ്രഹമാണ്. വർഗീയത സമൂഹത്തിൽ പിടിമുറുക്കുന്ന കാലത്ത് ഇടതുപക്ഷ ആശയങ്ങളിൽ അധിഷ്‌ഠിതമായ സർക്കാർ അധികാരത്തിൽ തുടരേണ്ടത് അത്യാവശ്യമാണ്. വര്‍ഗീയശക്തികളെ തുരത്താനും വര്‍ഗീയതയെ ഇല്ലാതാക്കാനും ഇടതുപക്ഷത്തിനുമാത്രമേ സാധിക്കൂ. വികസനത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തിലായാലും മുഖ്യമന്ത്രിയും സർക്കാരും കാണിച്ചിട്ടുള്ള മികച്ച പ്രകടനം തുടരണമെന്നാണ് ആഗ്രഹം.















