നേരിട്ടറിഞ്ഞ വികസനം

10 വർഷത്തെ എൽഡിഎഫ് ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു
ശരിക്കുംപറഞ്ഞാൽ ഞാൻ നേരിട്ടറിയുകയാണ്, എന്താണ് വികസനമെന്ന്. 12–ാം വയസ്സിൽ മട്ടന്നൂരിൽനിന്ന് വാദ്യകല പഠിക്കാൻ പത്തിരിപ്പാലയിൽ വന്നതാണ് ഞാൻ. അക്കാലത്ത് കണ്ണൂരിൽനിന്ന് ഇവിടെ എത്തുകയെന്നത് ഗൾഫിലൊക്കെ പോകുന്നതുപോലെ സമയംവേണ്ട കാര്യമാണ്. അടുത്തകാലംവരെ കണ്ണൂർയാത്ര ദുഷ്‌കരമായിരുന്നു. ഇപ്പോൾ 100 ശതമാനം സംതൃപ്‌തനാണ്. ഇന്ന് ഞാൻ കോഴിക്കോട്ടുനിന്നാണ് വെള്ളിനേഴിയിൽ എത്തിയത്. നേരത്തേയാണെങ്കിൽ നാലുമണിക്കൂർ സമയം വേണം കോഴിക്കോട്ടുനിന്ന് ഇവിടെ എത്താൻ. ഇപ്പോൾ രണ്ടേകാൽമണിക്കൂറായി കുറഞ്ഞു. ഇത് എത്ര ആശ്വാസമാണ്, ശരീരത്തിനും മനസ്സിനും.
ദേശീയപാതയുടെ അവകാശികളെക്കുറിച്ച് എന്തൊക്കെയോ പ്രചരിപ്പിക്കുന്നു. ഞാനൊന്നു ചോദിക്കട്ടെ, പദ്ധതി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമായോ. അത് നടപ്പാക്കാൻ ഒരു സംവിധാനം വേണ്ടേ. അതിന് ഇവിടെ ശക്തനായ ആള് വേണ്ടേ. അക്കാര്യത്തിലാണ് ഞാൻ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതിൽ കാണിച്ച കണിശതയും ജാഗ്രതയുമാണ് വികസനത്തിന് തുണയായത്. ആക്ഷേപിച്ചിട്ട് കാര്യമില്ല, ഇൗഗോയെല്ലാം മാറ്റിവയ്‌ക്കുക. വികസനം നടക്കുന്നത് നമ്മുടെ ഭൂമിയിലാണ്. അതിന്റെ ഗുണഭോക്താക്കളും ഉടമകളും നമ്മളാണ്. നെയ്യാറ്റിൻകരമുതൽ തലപ്പാടിവരെ സഞ്ചരിക്കുന്നയാളാണ് ഞാൻ. ദേശീയപാത യാഥാർഥ്യമാക്കിയതിനെ അംഗീകരിക്കണം. അതേ ചിന്താഗതിയിലാണ് ഓരോ പദ്ധതിയും ഇൗ സർക്കാർ നടപ്പാക്കുന്നത്.
കലാകാരന്മാരോടുള്ള സർക്കാർ സമീപനം
കോവിഡ് കാലത്ത് ക്ഷേത്രങ്ങളെല്ലാം അടച്ച് പരിപാടികൾ ഇല്ലാതായപ്പോൾ പട്ടിണിയിലായ കലാകാരന്മാർക്ക് സഹായവുമായി എത്തിയത് എൽഡിഎഫ് സർക്കാരാണ്. അതിന് മുഖ്യമന്ത്രിക്ക് പ്രത്യേകം നന്ദിയുണ്ട്. കലാകാരന്മാരെ വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും കണ്ട് സഹായിക്കുന്നു. സംഗീത നാടക അക്കാദമിക്കും മികച്ച സഹായമാണ് നൽകിയത്. വാദ്യകല മാത്രമല്ല, എല്ലാ കലാകാരന്മാരോടും സർക്കാരിന് പ്രത്യേകം ആഭിമുഖ്യമുണ്ട്.
മൂന്നാമൂഴത്തിന്റെ അനിവാര്യത
സർക്കാർ അവരുടെ ഉത്തരവാദിത്വം പൂർണമായും നിർവഹിക്കുന്നുണ്ട്. സംഗീത നാടക അക്കാദമിക്ക് മികച്ച സഹായം നൽകുന്നത് പ്രത്യേകം പരാമർശിക്കേണ്ട വിഷയമാണ്. അക്കാദമി എന്നാൽ സർക്കാരാണ്. നല്ല മനസ്സോടെ അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞു. എല്ലാ ദിവസവും ദോശ തരാമെന്നു പറഞ്ഞ്, ചില ദിവസങ്ങളിൽ ഇഡ്ഡലി തന്നാൽ അതിനെ കുറ്റം പറയുന്നു. അത്തരം മനസ്സുള്ളവരുമുണ്ട്. ഇൗ രീതിയിൽ പലരും ആക്ഷേപിക്കുന്നു. അതിൽ കാര്യമില്ല. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ദേശീയ താളവാദ്യ ഉത്സവം വളരെ ഭംഗിയായി നടത്തി.
അക്കാദമിയുടെ ഒരു പ്രവർത്തനത്തിനും തടസ്സം വന്നിട്ടില്ല. എല്ലാവരെയും ചേർത്തുപിടിക്കുന്നു എന്നുപറയുന്പോൾ അത് ഇൗ സമൂഹത്തെയും ചേർത്തുനിർത്തുകയാണ്. ഒരു കലാപവും സംഘർഷവും ഇല്ലാത്ത നാടായി കേരളത്തെ മാറ്റി. അതാണ് ജനങ്ങൾ വീണ്ടും ആഗ്രഹിക്കുന്നത്. ആ കരുതലും ചേർത്തുനിർത്തലുമാണ് കലാകാരന്മാരോടും സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് തുടരണം. ഇക്കാര്യത്തിൽ മൂന്നാമതും എൽഡിഎഫ് സർക്കാർ വരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
















