ad
Deshabhimani

Interview

ടി പി രാമകൃഷ്‌ണൻ

ജനങ്ങളുമായുള്ള ഡീൽ തുടരും

T P Ramakrishnan Press Meet
avatar
പി വി ജീജോ

Published on Apr 01, 2026, 10:05 PM | 3 min read


‘‘കേരളത്തെ വീണ്ടെടുക്കാനായി വോട്ട്‌ ചെയ്യണമെന്നാണല്ലോ യുഡിഎഫ്‌ പറയുന്നത്‌. 
എന്തിൽനിന്ന്‌ കേരളത്തെ തിരിച്ചുപിടിക്കുമെന്നാണവർ പറയുന്നത്‌. യുഡിഎഫ്‌ ഭരിച്ച 
2011–16 വരെയുള്ള ഇരുണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കാണോ ലക്ഷ്യം. 
എങ്കിൽ അത്‌ നടക്കാൻ പോകുന്നില്ല’’–തെരഞ്ഞെടുപ്പുപ്രചാരണത്തിരക്കിനിടയിൽ
എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ സംസാരിക്കുന്നു. 
തയ്യാറാക്കിയത്‌: ദേശാഭിമാനി കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ പി വി ജീജോ



ഡീൽ വിവാദമാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും ആവർത്തിക്കുന്നത്‌


​​അനുഭവങ്ങളാൽ, സ്വന്തം ജീവിതത്താൽ, ഒരു സർക്കാരിന്റെ പ്രവർത്തനവും നേട്ടങ്ങളും അനുഭവിച്ച ജനതയാണ്‌ 10 വർഷമായി കേരളത്തിലുള്ളത്‌. അവർ യുഡിഎഫിന്റെ വലയിൽ വീഴില്ല. ലോഡ്‌ഷെഡിങ്ങുണ്ടായിരുന്ന, ബൾബുകൾ മുനിഞ്ഞ്‌ കത്തിയ, മരുന്നില്ലാത്ത ആശുപത്രികളുള്ള, പൊട്ടിപ്പൊളിഞ്ഞ സ്‌കൂളുകളുള്ള, കെഎസ്‌ആർടിസിയെ കട്ടപ്പുറത്താക്കിയ, അഴിമതിയുടെ ദുർഗന്ധമുള്ള ഭരണമായിരുന്നു യുഡിഎഫിന്റേത്‌. ആ ഇരുണ്ട കാലം ജനങ്ങൾ വെറുത്തതാണ്‌. അതിനുള്ള ശിക്ഷയാണ്‌ 2016ൽ വോട്ടർമാർ നൽകിയത്‌. അന്ന്‌ എടുത്ത തീരുമാനം, എൽഡിഎഫിനെ വിജയിപ്പിച്ചതിൽ ഒരിക്കലും പശ്ചാത്തപിക്കേണ്ടിവന്നിട്ടില്ല. വാഗ്‌ദാനങ്ങൾ പാലിച്ച്‌ ജനങ്ങൾക്കായി ഭരിച്ച ജനങ്ങളുടെ ഭരണമാണ്‌ 10 വർഷമായി കേരളത്തിലുള്ളത്‌. ഇ‍ൗ ഭരണത്തിനെതിരായ ഒരു വികാരവും ഒരു മണ്ഡലത്തിലും പ്രദേശത്തുമില്ല. ഭരണത്തുടർച്ചയുടെ കാഹളമാണ് കേരളത്തിൽ മുഴങ്ങുന്നത്. അതിന്‌ ജനങ്ങളുമായി ഞങ്ങൾ ഡീലുണ്ടാക്കിയിട്ടുണ്ട്‌. ജനക്ഷേമപദ്ധതികളിലൂടെ, അഴിമതിരഹിത ഭരണത്തിലൂടെ ജനകീയ ഡീലാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. വർഗീയശക്തികളുമായി എൽഡിഎഫിനെ ചേർത്തുകെട്ടാനുള്ള ഒരു നീക്കവും ജനം വിശ്വസിക്കില്ല. വർഗീയശക്തികൾക്കെതിരായ ഇച്ഛാശക്തിയാണ്‌ ഞങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ഡീൽ.


​യുഡിഎഫും മാധ്യമങ്ങളിൽ ഒരു വിഭാഗവും കടുത്ത നുണപ്രചാരണത്തിലാണല്ലോ


​നുണപ്രചാരണം യുഡിഎഫിന്റെ സ്ഥിരം ശൈലിയല്ലേ. 2021ലെ തെരഞ്ഞെടുപ്പുകാലം മറന്നുപോയോ. ഇതിലും ശക്തവും രൂക്ഷവുമായ കള്ളപ്രചാരണവും വാർത്താനിർമിതികളും അന്ന്‌ അരങ്ങേറിയില്ലേ. ബിരിയാണിച്ചെന്പിലെ സ്വർണവും വ്യാജവാർത്തകളും എത്രയായിരുന്നു. ഇഡിയും സിബിഐയും കേന്ദ്ര ഏജൻസികളുമായി കേസുകളുടെ, കെട്ടിച്ചമച്ച വാർത്തകളുടെ കുത്തൊഴുക്കായിരുന്നില്ലേ അന്ന്‌. ഫലം വന്നപ്പോഴോ. അന്നും ഒരു മാധ്യമവും എൽഡിഎഫിനോട്‌ നീതികാട്ടിയില്ല. സർവേകളിലൊന്നും ഞങ്ങൾ വിജയിക്കുമെന്ന്‌ പ്രവചിച്ചിരുന്നില്ല. അതിനാൽ യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും പ്രചാരണങ്ങളിൽ ഞങ്ങൾക്കൊരു അത്ഭുതവുമില്ല.


പ്രതിപക്ഷത്തിന്റെ പ്രവർത്തനം വിനാശകരമായിരുന്നു എന്നാണോ വിലയിരുത്തൽ


അഭൂതപൂർവമായ വികസന–ക്ഷേമ പദ്ധതികൾക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ജനപക്ഷനിലപാടിന്റെയും ഫലമാണത്. കോൺഗ്രസും ബിജെപിയും എത്ര ശ്രമിച്ചാലും അത് മറച്ചുവയ്ക്കാനാകില്ല. ഏതെങ്കിലുമൊരു വികസന–ക്ഷേമ പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ? ഫെഡറൽ തത്വങ്ങൾ ലംഘിച്ച് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോൾ അതിന് കൈയടിക്കുകയായിരുന്നു യുഡിഎഫ്‌. പാർലമെന്റിനുമുന്നിൽ നിരന്നുനിന്ന് പോറ്റിപ്പാട്ട് പാടിയ യുഡിഎഫ്‌ എംപിമാർ, കേന്ദ്രപദ്ധതികളിൽ കേരളത്തിന് നിഷേധിച്ച ആയിരക്കണക്കിന് കോടി രൂപ നൽകണമെന്ന് ഒരിക്കലെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും പദ്ധതിക്ക് അനുകൂലമായി പ്രതിപക്ഷം നിന്നിട്ടുണ്ടോ? വിനാശകാരികളായി എല്ലാത്തിനും തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളം അതൊക്കെ മറികടന്നു. അധികാരം കിട്ടിയാൽ ലൈഫ് അടക്കം എൽഡിഎഫ്‌ സർക്കാർ രൂപംനൽകിയ നാലു മിഷനുകളും പിരിച്ചുവിടുമെന്ന്‌ പ്രഖ്യാപിച്ചവരാണ്‌ യുഡിഎഫ്‌. അവർ പിരിച്ചുവിടുമെന്ന്‌ പ്രഖ്യാപിച്ച ലൈഫ് മിഷനിലൂടെ പിണറായി സർക്കാർ അഞ്ചുലക്ഷം കുടുംബങ്ങളെ സ്വന്തം വീടിന് ഉടമകളാക്കിമാറ്റി. ഇതെല്ലാം ജനം ചർച്ച ചെയ്യുന്നുണ്ട്‌. രണ്ടു മുന്നണിയുടെയും സമീപനവും നയങ്ങളും അനുഭവിച്ചറിഞ്ഞ ജനത, എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.


ക്ഷേമവും വികസനവുമാണോ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ അജൻഡ


അതിൽ സംശയമില്ല. 2016 മുതൽ 2026 വരെയുള്ള 10 വർഷം വിലയിരുത്താനാണ്‌ ഞങ്ങൾ ആവശ്യപ്പെടുന്നത്‌. ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ–കൊച്ചി വൈദ്യുതി പദ്ധതി, വിഴിഞ്ഞം തുറമുഖം, ജലമെട്രോ തുടങ്ങി നാട്ടിലാകെ വലിയ മാറ്റം സൃഷ്ടിച്ച വികസനം യാഥാർഥ്യമായി. 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വരുന്പോൾ യാഥാർഥ്യമാകില്ലെന്ന്‌ കരുതി ഉപേക്ഷിച്ച സ്ഥിതിയിലായിരുന്നു ദേശീയപാത വികസനം. ദേശീയപാത അതോറിറ്റി ഓഫീസടക്കം പൂട്ടിപ്പോയി. അത്തരം പരിതാപകരമായ അവസ്ഥയിൽനിന്നാണ്‌ ദേശീയപാത വികസനം സർക്കാർ നടപ്പാക്കിയത്‌. ഇപ്പോൾ പ്രതിപക്ഷനേതാക്കളടക്കം സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നു. വ്യവസായരംഗത്തുണ്ടായ നിക്ഷേപം, ലക്ഷക്കണക്കിന്‌ പുതിയ സംരംഭങ്ങൾ ഇവയെല്ലാം നമ്മുടെ നാടിന്റെ ചിത്രം പുതുക്കിയെഴുതി. വിദ്യാലയങ്ങളും വ്യവസായങ്ങളും ആശുപത്രികളും ഒരേപോലെ വികസിച്ച കാലമാണിത്‌. ക്ഷേമപദ്ധതികളിൽ റെക്കോഡാണ്‌. ക്ഷേമപെൻഷനുകളെല്ലാം വർധിപ്പിച്ചുവെന്നുമാത്രമല്ല, സമയബന്ധിതമായി മാസംതോറും കിട്ടുന്ന സാഹചര്യവുമുണ്ടായി. 18 മാസം പെൻഷൻ കുടിശ്ശികയായിരുന്ന യുഡിഎഫ്‌ ഭരണം മാറി, 10 വർഷത്തെ എൽഡിഎഫ്‌ ഭരണം പിന്നിടുന്പോൾ എല്ലാം കൃത്യമായി ലഭ്യമാകുന്ന അവസ്ഥയാണുള്ളത്‌.


എന്താണ്‌ ഭാവി പദ്ധതികൾ


അതിദാരിദ്ര്യമുക്ത കേരളം യാഥാർഥ്യമാക്കിയതാണ്‌ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാരിന്റെ ശ്രദ്ധേയ നേട്ടം. പാവങ്ങളെയും ദുർബലരെയും ചേർത്തുപിടിക്കുന്ന ആ പദ്ധതിക്ക്‌ തുടർച്ചയുണ്ടാകും. അതിദാരിദ്ര്യമുക്തിയിൽനിന്ന്‌ കേവലദാരിദ്ര്യം ഇല്ലാതാക്കുകയാണ്‌ ഇനിയുള്ള ലക്ഷ്യം. വികസിതരാജ്യങ്ങൾ വിസ്‌മയത്തോടെ കാണുന്ന അത്തരമൊരു സാമൂഹ്യാവസ്ഥയിലേക്ക്‌ കേരളത്തെ എത്തിക്കും. സ്‌ത്രീകളിലെ തൊഴിലില്ലായ്‌മ അവസാനിപ്പിക്കും. കുടുംബശ്രീവഴിയും വൈജ്ഞാനിക സമൂഹസൃഷ്ടിയുടെ ഭാഗമായും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ഒരുവീട്ടിൽ ഒരാൾക്ക്‌ തൊഴിൽ എന്നത്‌ സ്വപ്‌നമല്ല യാഥാർഥ്യമാക്കാവുന്ന പദ്ധതിയായാണ്‌ എൽഡിഎഫ്‌ വിഭാവനം ചെയ്യുന്നത്‌. ഒന്നിനുപുറകെ ഒന്നായി ഉയർന്നുവന്ന വൻ പ്രതിസന്ധികളെ അസാധാരണമായ ചങ്കൂറ്റത്തോടെ മറികടന്ന്, അതിജീവനത്തിന്റെയും പുനഃസൃഷ്ടിയുടെയും ചരിത്രം രചിച്ചാണ് എൽഡിഎഫ് സർക്കാർ തുടർച്ചയായ 10 വർഷം പൂർത്തിയാക്കിയത്‌. വയനാട്‌ ട‍ൗൺഷിപ് അതിന്റെ വലിയ സാക്ഷ്യപത്രമാണ്‌. ഇത്രകാലമായിട്ടും വയനാട്ടിൽ ഒരു വീടുപോലും നിർമിച്ചുനൽകാതെ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടിന്റെ കണക്ക്‌ പറയാത്ത കോൺഗ്രസിനെ ഇ‍ൗ സന്ദർഭത്തിൽ നാം മറക്കരുത്‌. ഇത്തരമൊരു സാഹചര്യത്തിൽ നവകേരളം പടുത്തുയർത്താനുള്ള മുന്നേറ്റം തുടരാൻ ഇത്തവണയും എൽഡിഎഫിന് ജനകീയാംഗീകാരം ലഭിക്കുമെന്നതിൽ സംശയമില്ല.




Deshabhimani
Home