ad
Deshabhimani

Interview

ജോസ്‌ കെ മാണി

തുടർഭരണം
ജനാഭിലാഷം

jose k mani

ജോസ്‌ കെ മാണി - കേരള കോൺഗ്രസ്‌ എം ചെയർമാൻ

വെബ് ഡെസ്ക്

Published on Apr 05, 2026, 10:13 PM | 3 min read

യുഡിഎഫിന്റെ ഗ്യാരന്റികൾക്ക്‌ 
എന്ത് വിശ്വാസ്യതയാണുള്ളത്


■ ക്ഷേമപെൻഷൻ കൊടുക്കുന്നതുപോലും അഴിമതിയാണെന്നാണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. പിന്നെന്ത്‌ സഹായമാണ്‌ ജനങ്ങൾക്ക്‌ അവർ നൽകുന്നതെന്ന്‌ കണ്ടറിയണം. അവർക്ക്‌ ക്ഷേമപെൻഷന്റെ കാര്യത്തിലോ സർക്കാർ പദ്ധതികളിലോ വിശ്വാസമില്ല. യുഡിഎഫ്‌ ഭരണം വരാൻ പോകുന്നില്ല. അവരുടെ വിശ്വാസമില്ലായ്‌മയുടെ ഏറ്റവും വലിയ തെളിവാണ്‌ ഉത്തരവാദിത്വപ്പെട്ടവർതന്നെ ക്ഷേമപെൻഷൻ അഴിമതിയാണെന്ന്‌ പറഞ്ഞത്‌.

കുടിയേറ്റ ജനതയുടെ പ്രശ്‌നങ്ങൾ


■ പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടന്ന കുടിയേറ്റ മേഖലയിലെ കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാർ ഇടപെട്ട്‌ പരിഹരിച്ചിട്ടുണ്ട്‌. ബഫർസോൺ, വന്യമൃഗ ശല്യം, ഭൂപതിവ്‌ ചട്ടം ക്രമപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ബില്ലുകൾ നിയമസഭയിൽ കൊണ്ടുവന്ന്‌ പാസാക്കി. ചിലത്‌ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുള്ളതാണ്‌. അത്‌ തിരുത്താൻ കേന്ദ്രം തയ്യാറാകാതെ വന്നപ്പോൾ നമ്മൾ നിയമഭേദഗതി വരുത്തി. ചിലത്‌ രാഷ്‌ട്രപതിയുടെ അനുമതിക്ക്‌ അയച്ചിരിക്കുകയാണ്‌. തീർച്ചയായും അതിലെല്ലാം ഇടപെടാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്‌.

റബർ വിലയിടിവിന്‌ കാരണം കോൺഗ്രസ്‌ സർക്കാർ


■ ​റബർ താങ്ങുവില കിലോയ്‌ക്ക്‌ 250 രൂപയാക്കുമെന്നാണ്‌ രാഹുൽഗാന്ധി പറഞ്ഞത്‌. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ റബർ ഇറക്കുമതി നയമാണ്‌ റബർ കർഷകരെ ഇ‍ൗ ദുരിതത്തിലാക്കിയത്‌. ഇറക്കുമതി ചുങ്കം കൂട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. പകരം ഇറക്കുമതി ചുങ്കം കുറച്ചു. നയം മാറ്റിയാൽ തന്നെ വില റബർവില 300 രൂപയാകും. അതിന്‌ കേന്ദ്രസർക്കാർ തയ്യാറാകണം. ആസിയാൻ കരാറാണ്‌ വിലയിടിവിന്‌ വഴിവച്ചത്‌. ഇതിന്‌ തുടക്കമിട്ടത്‌ കോൺഗ്രസ്‌ സർക്കാരാണ്‌. എൽഡിഎഫ്‌ സർക്കാരാണ്‌ വലിയ സാന്പത്തിക പ്രതിസന്ധിക്കിടയിലും റബറിന്റെ താങ്ങുവില 200 രൂപയാക്കിയത്‌.

ന്യൂനപക്ഷ പ്രശ്നങ്ങളിലെ ഇടപെടൽ


■ ​ന്യൂനപക്ഷത്തിന്‌ ദോഷകരമായ വിഷയങ്ങളിൽ ഉടനടി ഇടപെടാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ നിരവധി കാര്യങ്ങൾ സർക്കാർ ചെയ്‌തു. ജെ ബി കോശി കമീഷൻ ശുപാർശകൾ നടപ്പാക്കാൻ തയ്യാറായി. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിച്ചു. കന്യാസ്‌ത്രീകൾക്ക്‌ റേഷൻ കാർഡും പെൻഷനും അനുവദിച്ചു. മുനന്പം വിഷയത്തിലും പരിഹാരമുണ്ടാക്കി.


എഫ്‌സിആർഎ ബിൽ വ്യക്തമായ 
അജൻഡയല്ലേ


■ ​എഫ്‌സിആർഎ ബിൽ വ്യക്തമായ അജൻഡയുടെ ഭാഗമാണിത്‌. ബിൽ ഉപേക്ഷിക്കണം. ലൈസൻസ്‌ പുതുക്കുന്നതും പാസാക്കുന്നതും റദ്ദാക്കുന്നതും എല്ലാം കേന്ദ്രം തന്നെയാണ്‌. പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാപനം കണ്ടുകെട്ടുമെന്നും മറിച്ചുവിൽക്കുമെന്നും പറയുന്നത്‌ വ്യക്തമായ ലക്ഷ്യത്തോടെയാണ്‌. പല സമുദായങ്ങളുടെ നൂറുകണക്കിന്‌ എഫ്‌സിആർഎ ലൈസൻസ്‌ റദ്ദാക്കി. അവരൊക്കെ ദേശവിരുദ്ധ നയമാണോ സ്വീകരിച്ചതെന്ന്‌ കേന്ദ്രം വ്യക്തമാക്കണം.


കേരള കോൺഗ്രസ്‌ എമ്മിന്‌ ഉറച്ചനിലപാട്‌


■ ​കേരള കോൺഗ്രസ്‌ എം പാറ പോലെ എൽഡിഎഫിൽ ഉറച്ചുനിന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ഞങ്ങളുടെ നിലപാട്‌ കൊണ്ടാണ്‌. കേരള കോൺഗ്രസ്‌ എമ്മിനെയും എൽഡിഎഫിനെയും ദുർബലപ്പെടുത്താൻ പല നരേറ്റീവുകളും എതിരാളികൾ കൊണ്ടുവന്നു. അതെല്ലാം ചീറ്റിപ്പോയി. അഞ്ച്‌ വർഷം മുന്പെടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നു. അതിനെ ദുർബലപ്പെടുത്താനും മോശമാക്കാനും പല ശ്രമങ്ങൾ നടന്നുവെങ്കിലും പരാജയപ്പെട്ടു.

യുഡിഎഫിന്റെ നുണകൾ


■ ​യുഡിഎഫിന്റെ ആരോഗ്യം നിലനിർത്തുന്നത്‌ നുണകളും വിവാദങ്ങളും ഉയർത്തിയാണ്‌. അതൊന്നും തെളിയിക്കാനോ ഫലപ്രാപ്‌തിയുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. വികസനകാര്യങ്ങളാണല്ലോ ചർച്ച ചെയ്യേണ്ടത്‌. അല്ലെങ്കിൽ നാടിന്റെ പ്രധാനമായ സാമൂഹ്യവിഷയങ്ങൾ ചർച്ച ചെയ്യണം. ആ വിഷയങ്ങളിൽ എന്തെങ്കിലും പരിഹാരമാർഗങ്ങൾ സർക്കാർ ചെയ്യേണ്ടതുണ്ടെങ്കിൽ പ്രതിപക്ഷം അത്‌ പറയണം. അല്ലാതെ വികസനവും ക്ഷേമവും നടത്തുന്പോൾ പിന്താങ്ങുന്നതിന്‌ പകരം തടസ്സപ്പെടുത്തുകയല്ല വേണ്ടത്. അതിന്റെ ഗുണഭോക്താക്കൾ യുഡിഎഫിലുള്ളവരുമുണ്ട്‌. യുഡിഎഫ്‌ രാഷ്‌ട്രീയം രാജ്യത്തിനോ സംസ്ഥാനത്തിനോ ഗുണകരമല്ല.

കേരളത്തെ ദ്രോഹിച്ചിട്ട്‌ പ്രധാനമന്ത്രി 
കുറ്റംപറയുന്നു


■ ​ പ്രധാനമന്ത്രി കേരളത്തിൽ വന്ന്‌ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നതിൽ അർഥമില്ല. അർഹതപ്പെട്ടതുപോലും തരാൻ കേന്ദ്രം തയ്യാറായില്ല. ഇതിനാലാണ്‌ കേരള മുഖ്യമന്ത്രിയും എംപിമാരും എംഎൽഎമാരും ഡൽഹിയിൽ പോയി കേരളത്തിന്റെ ആവശ്യങ്ങൾക്കായി സമരം നടത്തേണ്ട അവസ്ഥയിലേക്ക്‌ എത്തിയത്‌. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയവിരോധം കാരണമാണ്‌ കേരളത്തെ ഇങ്ങനെ ദ്രോഹിക്കുന്നത്‌. ബിജെപിക്ക്‌ കേരളത്തിൽ രാഷ്‌ട്രീയ മേൽക്കോയ്‌മ ഇല്ലാത്തതിനാലാണ്‌ കേരളത്തെ സഹായിക്കാൻ തയ്യാറാകാത്തത്‌. കേന്ദ്ര ബജറ്റിൽ കേരളമെന്ന പരാമർശംപോലും ഉണ്ടായില്ല. ഇങ്ങനെയൊക്കെ ചെയ്‌തിട്ടാണ്‌ പ്രധാനമന്ത്രി കേരളത്തെ കുറ്റം പറയുന്നതെന്ന്‌ ഓർക്കണം.

ജോസഫ്‌ വിഭാഗത്തിന്‌ ശക്തിയില്ല


​■ യുഡിഎഫിൽ കൂടുതൽ സീറ്റ്‌ ആവശ്യപ്പെടുന്ന കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ സംഘടനാപരമായി ബലമില്ല. കോൺഗ്രസിന്റെ ബലത്തിൽ നീങ്ങുന്നുവെന്നതല്ലാതെ ജോസഫ്‌ വിഭാഗത്തിന്‌ അവരുടെ ബലത്തിലോ ശക്തിയിലോ വിജയിക്കാൻ കഴിയില്ല. ഇപ്പോൾ കിട്ടിയ 8 സീറ്റ്‌ തന്നെ കൂടുതലാണ്‌.

പാലായിലെ വിജയം


■ ​കേരള കോൺഗ്രസ്‌ എം മികച്ച സ്ഥാനാർഥികളെയാണ്‌ നിർത്തിയിരിക്കുന്നത്‌. എല്ലായിടത്തും വിജയസാധ്യതയുണ്ട്‌. പാലായിൽ തികഞ്ഞ വിജയപ്രതീക്ഷയാണ്‌. പാർലമെന്റ് അംഗമെന്ന നിലയിൽ ഒട്ടേറെ ബൃഹത്തായ പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞു. ട്രിപ്പിൾ ഐടി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡുകളും പാലങ്ങളും കുടിവെള്ള പദ്ധതികളും കൊണ്ടുവന്നു. കഴിഞ്ഞ 50 വർഷമായി മാണി സാർ നടത്തിയിട്ടുള്ള വികസന പദ്ധതികൾ മാതൃകകളായിരുന്നു. മറ്റ്‌ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുന്പോൾ നിലവിലുള്ള എംഎൽഎക്ക്‌ ഒന്നും ചെയ്യാനായില്ലെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. പാലായുടെ സുവർണകാലം തിരിച്ചുപിടിക്കണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home