ബംഗാളിൽ പോരാട്ടം തുടരും

ബിജെപി അധികാരമേറ്റശേഷം പശ്ചിമ ബംഗാളിലെ വർത്തമാനസാഹചര്യങ്ങൾ വിലയിരുത്താമോ.
■ ‘വറചട്ടിയിൽനിന്ന് എരിതീയിലേക്ക്’ എന്ന പഴഞ്ചൻ പ്രയോഗംതന്നെയാണ് പശ്ചിമ ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യം. ബംഗാളിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് കൃത്യമായ മുൻധാരണകളുണ്ട്. ഗുജറാത്തുമുതൽ അസംവരെ ത്രിപുരമുതൽ കശ്‌മീർവരെ ഫാസിസ്റ്റ് ശക്തികളുടെ തേർവാഴ്‌ച്ച നാം കണ്ടതാണ്. രാഷ്ട്രീയവും സാന്പത്തികവുമായ കടന്നാക്രമണങ്ങൾക്കുപുറമെ നവ ഫാസിസ്റ്റ് ശക്തികൾ സമസ്‌ത ജീവിതമേഖലകളും അവരുടെ കൈപ്പിടിയിലൊതുക്കാൻ യത്നിക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് അവർ അതിക്രമിച്ചുകയറുന്നു. 2009 മുതലെങ്കിലും ഇൗ രീതിയിലുള്ള സാമൂഹ്യ രൂപകൽപ്പനയിൽ ആർഎസ്‌എസ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷം എല്ലാ മേഖലകളിലും അഴിമതിയും അരാജകത്വവും സൃഷ്ടിച്ച ദുർഭരണമാണ് തൃണമൂൽ കോൺഗ്രസ് കാഴ്‌ചവച്ചത്. സാധ്യമായ എല്ലാ സന്ദർഭങ്ങളിലും അവർ വർഗീയ, വിഭജന ശക്തികളുമായി കൈകോർത്തു. ജനാധിപത്യ, സാംസ്‌കാരിക, നവോത്ഥാന മൂല്യങ്ങൾക്കുവേണ്ടി സുദൃഢം നിലകൊണ്ട മഹാപാരന്പര്യമാണ് ബംഗാളിനുള്ളത്. ഒന്നരപ്പതിറ്റാണ്ടിലെ തൃണമൂൽഭരണം ആ പാരന്പര്യത്തെ തച്ചുതകർത്തു.
ഓരോ ദിവസവും തൃണമൂൽ കോൺഗ്രസിന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണ്. ആ പാർടിയുടെ വൻ വീഴ്‌ചയെ എങ്ങനെ വിലയിരുത്തുന്നു.
■ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടത്. പക്ഷേ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നിയമസഭ, പാർലമെന്റ് തുടങ്ങി എല്ലാ തട്ടിലുമുള്ള അവരുടെ പ്രതിനിധികളിൽ ഭൂരിഭാഗവും ആഴ്‌ചകൾക്കകം ബിജെപിയിലെത്തി. ഇത്തരത്തിലുള്ള കൂറുമാറ്റങ്ങളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ–ആശയ അടിത്തറ തൃണമൂൽ കോൺഗ്രസിന് ഇല്ലായിരുന്നു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കുക എന്നതുമാത്രമായിരുന്നു തൃണമൂലിന്റെ രാഷ്ട്രീയപരിപാടി. അത് കഴിഞ്ഞപ്പോൾ അവരുടെ മുന്നിൽ വേറെ പദ്ധതിയോ പരിപാടിയോ ഉണ്ടായിരുന്നില്ല. അധികാരം നഷ്ടപ്പെട്ടപ്പോൾ എല്ലാ ജനാധിപത്യശക്തികളും ഒറ്റക്കെട്ടായി ബിജെപിക്കെതിരെ നിലകൊള്ളണമെന്ന് മമത ആഹ്വാനം ചെയ്‌തു. പക്ഷേ, അങ്ങനെയൊരു ആഹ്വാനം നടത്തുന്നതിനുമുന്പ് ഒരാത്മപരിശോധന അവർ നടത്തണം. അധികാരത്തിലിരുന്നപ്പോൾ താൻ എങ്ങനെയാണ് മറ്റു പാർടികളോട് പെരുമാറിയിരുന്നത്, സ്വന്തം പാർടിക്കുള്ളിൽ ജനാധിപത്യം സംരക്ഷിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയണം. സത്യത്തിൽ ബിജെപിക്കുവേണ്ടി ബംഗാളിൽ ജനാധിപത്യത്തെ കശാപ്പുചെയ്തത് മമത ബാനർജിയാണ്. തൃണമൂലിന്റെയും മമതയുടെയും പതനത്തെ ‘കാവ്യനീതി’യെന്ന് ചിലരെല്ലാം വിശേഷിപ്പിച്ചുകണ്ടു. പക്ഷേ, ഞങ്ങൾ അതിനെ കാണുന്നത് ചരിത്രത്തിലെ ‘ഒരു ചക്രം പൂർത്തിയായി’ എന്ന നിലയ്‌ക്കാണ്.
ഇൗ സവിശേഷഘട്ടത്തെ സിപിഐ എം എങ്ങനെ കാണുന്നു. ബിജെപിയുടെ ജനദ്രോഹനയങ്ങളെ എതിർക്കുന്ന ശക്തമായ പ്രതിപക്ഷമായി മാറാൻ കഴിയുമോ.
■ തൃണമൂൽ കോൺഗ്രസ് നാമാവശേഷമാകുന്നതോടെ ബിജെപിയെയും ആർഎസ്‌എസിനെയും പ്രതിരോധിക്കാൻ കെൽപ്പുള്ള ഏക കക്ഷിയെന്ന നിലയിലേക്ക് സിപിഐ എം വളരുകയാണ്. മെയ് നാലിന് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പാർടി തെരുവിലിറങ്ങി. വഴിയോരക്കച്ചവടക്കാരെ ബലംപ്രയോഗിച്ച് കുടിയിറക്കാനും പലസ്ഥലങ്ങളിലും ‘ബുൾഡോസർരാജ്’ നടപ്പാക്കാനുമുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു. ബിജെപി അധികാരത്തിലേറിയതോടെ ബംഗാളിൽ എല്ലാ മേഖലകളിലും അസ്വസ്ഥത ഉടലെടുത്തിട്ടുണ്ട്. മുസ്ലിംവിരുദ്ധതയും പരസ്‌പരവിദ്വേഷവും ആളിക്കത്തിക്കുകയാണ്. ന്യൂനപക്ഷങ്ങളും ദളിതരും വലിയ ആശങ്കയിലാണ്. പശ്ചിമ ബംഗാളിൽ ബിജെപി വളരെ താമസിച്ചാണ് അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ, തങ്ങൾ അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ അജൻഡകൾ എത്രയുംവേഗം ബംഗാളിലും നടപ്പാക്കാനുള്ള വ്യഗ്രതയോടെ അവർ കുതിക്കുന്നു. പക്ഷേ, ഇൗ സ്‌പീഡ് തീർച്ചയായും അവരെ വലിയ അപകടങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യം തീർച്ചയാണ്. പക്ഷേ, പാർടി അതിനുവേണ്ടി കാത്തിരിക്കുന്നില്ല.
ഭൂതകാലത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി. ചെറുപ്പക്കാരെ കൂടുതലായി പാർടിയിലേക്ക് ആകർഷിച്ചു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചു. ആദിവാസികൾ, എസ്‌സി–എസ്‌ടി, പിന്നാക്ക–ദരിദ്ര വിഭാഗങ്ങൾ, അഭയാർഥികൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സിപിഐ എം ബിജെപിക്കും ആർഎസ്‌എസിനുമെതിരെ ശക്തമായി പോരാടും.
ബംഗാളിൽ ഇടതുപക്ഷത്തിന് ഇനി സാധ്യതയൊന്നും കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതിനെക്കുറിച്ചുള്ള പ്രതികരണം.
■ അദ്ദേഹത്തിന്റെ പ്രതികരണം തികച്ചും സ്വാഭാവികമാണ്. സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിപക്ഷസ്ഥാനത്ത് കാണാൻ ആർഎസ്‌എസും ബിജെപിയും ആഗ്രഹിക്കുന്നില്ല. നൂറുവർഷം തികയ്‌ക്കുന്ന ആർഎസ്‌എസ്, മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്യൂണിസ്റ്റുകാരെയുമാണ് പ്രധാനശത്രുക്കളായി കാണുന്നത്. ബംഗാളിൽ ഒരുഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചയ്‌ക്ക് അവർ സഹായിച്ചു. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, കമ്യൂണിസ്റ്റുകാരാണ് ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഏറ്റവും ശക്തമായി അവസാനംവരെ പോരാടിയിട്ടുള്ളതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആ ചരിത്രത്തെ ശരിവയ്‌ക്കുന്ന രീതിയിൽ ബംഗാളിൽ ഞങ്ങൾ ശക്തമായ പോരാട്ടങ്ങൾ തുടരും.















