മാറ്റങ്ങൾക്കൊപ്പമോടുന്ന പ്രസാദ്, ഇത് വിജയത്തിന്റെ സുഗന്ധം

ചാരുംമൂട്
വ്യത്യസ്‌ത കൃഷി രീതികൾ, കാലാവസ്ഥാ വ്യതിയാനം നിലത്തെ ബാധിക്കുന്ന വിധം, പ്രതിരോധ മാർഗം എന്നിങ്ങനെ എന്തിനെക്കുറിച്ചും സംസാരിക്കുന്ന കൃഷിയിലെ സർവ വിജ്ഞാന കോശമെന്ന് വിളിക്കാവുന്നയാളാണ് താമരക്കുളത്തെ കെ പ്രസാദ്. പൊളിറ്റിക്സിലും ലിറ്ററേച്ചറിലും ബിരുദാനന്തര ബിരുദം, ലഭിച്ച സർക്കാർ ജോലികൾ ഉപേക്ഷിച്ചു, ചുരുങ്ങിയ നാളത്തെ പ്രവാസ ജീവിതം, ചാരുംമൂട്ടിലെ വ്യവസായ ഗ്രൂപ്പിൽ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ പല മേഖലകളിലൂടെ ജീവിതയാത്ര നടത്തിയെങ്കിലും പ്രകൃതിയും കൃഷിയുമാണ് തനിക്ക് വഴങ്ങുകയെന്ന് തിരിച്ചറിഞ്ഞ കർഷകൻ. 2012ൽ സംസ്ഥാനത്ത് ഹൈടെക് ഫാമിങ് ചർച്ചയായപ്പോൾ ജില്ലയിൽ ആദ്യമായി ചാരുംമൂട് ഇന്ദ്രപ്രസ്ഥ ഹൈടെക് ഫാം തുടങ്ങിയത് പ്രസാദിന്റെ മേൽനോട്ടത്തിലാണ്. വീടിനോട് ചേർന്നാണ് സ്ഥാപനം. 2022ൽ ജില്ലയിൽ ആദ്യ ചന്ദന കൃഷിത്തോട്ടം ഒരുക്കി. നിലവിൽ മറയൂർ കഴിഞ്ഞാൽ ചന്ദന കൃഷിയുള്ള പ്രധാനസ്ഥലങ്ങളിലൊന്നാണ് താമരക്കുളം. വ്യാവസായികാടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് തൈകൾ നട്ട് പരിപാലിച്ചു നൽകുന്നുമുണ്ട്. ചന്ദന കൃഷിയിലെ ആധുനികവൽക്കരണവും മാറിയ കാലാവസ്ഥയിലെ സാധ്യതയുമൊക്കെ പഠിച്ചും പരിചയപ്പെട്ടും പഠിപ്പിച്ചും പ്രസാദ് മുന്നോട്ട്‌പോകുന്നു. കൃഷിയിലെ മികച്ച രീതികളും പരിസ്ഥിതി പ്രവർത്തനങ്ങളും മുൻനിർത്തി അവാർഡുകളും ആദരങ്ങളും ഇതിനോടകം തേടിയെത്തിക്കഴിഞ്ഞു.










0 comments