ad
Deshabhimani

കെടുതിയുടെ 
നടുവിൽ കർഷകർ

kar
വെബ് ഡെസ്ക്

Published on Aug 28, 2026, 02:38 AM | 1 min read

ആലപ്പുഴ

കർഷകർക്ക്‌ ഓണത്തിന് മുമ്പ് കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില പൂർണമായി വിതരണംചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഉറപ്പ്‌ വാക്കിലൊതുങ്ങി. ഇതുവരെ നെല്ലുവില നൽകിയിട്ടില്ല. കാലവർഷക്കെടുതി സഹായവും നൽകിയിട്ടില്ല. മഴ കനത്ത ജൂലൈ 31ന്‌ ശേഷം കുട്ടനാടൻ മേഖലയിൽ 13 പാടശേഖരങ്ങളിലാണ്‌ മടവീണ്‌ കൃഷിനശിച്ചത്‌. കുട്ടനാട്, കരിനിലമേഖലകളിൽ രണ്ടാംവിള പുഞ്ചക്കൃഷി ഇറക്കിയ ബഹുഭൂരിപക്ഷം പാടശേഖരങ്ങളും നശിച്ചു. പാടശേഖരങ്ങളിൽ ഇനി മട ഇടണമെങ്കിൽ സർക്കാർ സഹായം ഉണ്ടെങ്കിലേ കഴിയൂ. മുൻകാലങ്ങളിൽ എൽഡിഎഫ്‌ സർക്കാർ കൃഷി നാശം സംഭവിച്ച കർഷകർക്ക്‌ സ‍ൗജന്യമായി വിത്തും കൂലിച്ചെലവും നൽകിയിരുന്നു. ഇതിനുള്ള നടപടികളൊന്നും യുഡിഎഫ്‌ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. മടവീഴാതെ പലപാടശേഖരങ്ങളും അതിനുസമീപപ്രദേശങ്ങളും വെള്ളംകയറാതെ സംരക്ഷിച്ചത് പതിനായിരക്കണക്കിന് രൂപചെലവഴിച്ച് പാടശേഖര സമിതികൾ വെള്ളം വറ്റിച്ചതുകൊണ്ടാണ്‌. ഇങ്ങനെയുള്ള സമിതികൾക്കും സർക്കാർ സഹായം ലഭ്യമാക്കിയിട്ടില്ല. സംഭരിക്കുന്ന നെല്ലിന്‌ കിലോയ്‌ക്ക്‌ 40രൂപയെങ്കിലും കിട്ടണമെന്നാണ്‌ കർഷകരുടെ ആവശ്യം. എന്നാൽ, ഇതിന്‌ യുഡിഎഫ്‌ സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 2026-–27 കാലയളവിലെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടും സംഭരണത്തിനുള്ള നടപടികൾ ഇതുവരെ സർക്കാർ വ്യക്‌തമാക്കിയിട്ടില്ല. ഇത്‌ കർഷകരെ വളരെയധികം ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. കുറഞ്ഞ താങ്ങുവില, ഉൽപ്പാദന പ്രോത്സാഹനമായി നൽകുന്ന തുക തുടങ്ങിയവ ഇതുവരെ സർക്കാർ വ്യക്‌തമാക്കിയിട്ടില്ല. ഇതൊന്നും പ്രഖ്യാപിക്കാതെ സംഭരണത്തിനുള്ള തീരുമാനം കർഷകർ ആശങ്കയോടെയാണ്‌ കാണുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home