ad
Deshabhimani

Interview

ബിനോയ്‌ വിശ്വം

എൽഡിഎഫിന്‌ 
മൂന്നാമൂഴം ഉറപ്പ്‌

Binoy Viswam

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

വെബ് ഡെസ്ക്

Published on Apr 05, 2026, 10:06 PM | 3 min read

തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാന ദിവസങ്ങളിലെത്തുമ്പോൾ കേരളത്തിന്റെ പൊതുചിത്രം


■ എൽഡിഎഫ്‌ അല്ലാതെ മറ്റാര്‌ എന്ന്‌ നോക്കുമ്പോൾ ഒന്ന്‌ യുഡിഎഫാണ്‌. വളരെ പിറകിൽ പോയിട്ടും മുഖ്യമന്ത്രിക്കസേരയെ ചൊല്ലി തർക്കത്തിലാണവർ. ജനം അത്‌ കാണുന്നുണ്ട്‌. എങ്ങാനും തട്ടിമുട്ടി ഭൂരിപക്ഷം കിട്ടിയാലും കോൺഗ്രസ്‌ നാലു ഗ്രൂപ്പായി പിരിഞ്ഞ്‌ തമ്മിലടി തുടങ്ങുമെന്ന്‌ അവരുടെ അണികൾതന്നെ പറയുന്നു. കേരളത്തിനുവേണ്ടത്‌ മുന്നോട്ടുപോകുന്ന ഒരു സംവിധാനമാണ്‌. ഇനി കേരളത്തിന്‌ പിറകിലേക്ക്‌ പോകാൻ കഴിയില്ല. അങ്ങനെ നോക്കുമ്പോൾ ഭരണത്തുടർച്ചയാണ്‌ വേണ്ടത്‌. യുഡിഎഫ്‌ വന്നാൽ കേരളം തകർന്നുവീഴും. അത്‌ ജനം തിരിച്ചറിയുന്നുണ്ട്‌.

എന്തുകൊണ്ട്‌ എൽഡിഎഫ്‌?


■ ​​രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലും കേരളത്തിൽ എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കപ്പെടുന്ന കാഴ്‌ചയാണ്‌ രാജ്യത്ത്‌ കാണാനാകുക. ന്യൂനപക്ഷങ്ങൾക്ക്‌, ആദിവാസികൾക്ക്‌, ദളിതർക്ക്‌, പിന്നാക്കക്കാർക്ക്‌ ഒന്നും രക്ഷയില്ലാത്ത കാലമാണ്‌. ഇ‍ൗ സാഹചര്യത്തിൽ കേരളത്തിൽ എൽഡിഎഫ്‌ വിജയിക്കുക എന്നത്‌ രാജ്യത്തിന്റെ ആവശ്യമാണ്‌. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിഗതിയിൽ പ്രകാശഗോപുരമാണ്‌ കേരളം. ആ പ്രകാശം ഇന്ത്യക്കാകെ വഴികാണിക്കേണ്ടതാണ്‌. ബംഗാളും ത്രിപുരയും മണിപ്പുരും യുപിയും മഹാരാഷ്ട്രയുമടക്കം പ്രതീക്ഷയോടെ കേരളത്തെ നോക്കുന്നുണ്ട്‌. രാജ്യമാകെ നോക്കുന്നുണ്ട്‌.


യുഡിഎഫ്‌ ആദ്യം പറഞ്ഞത്‌ എൽഡിഎഫ്‌– ബിജെപി ഡീലെന്നാണ്‌. ഇപ്പോൾ പറയുന്നു എൽഡിഎഫ്‌– എസ്‌ഡിപിഐ ഡീലെന്ന്‌


■ എന്തുപറയണമെന്ന്‌ അവർക്കുതന്നെ വ്യക്തതയില്ല. പറയുന്നതിൽ എന്തെങ്കിലും കാമ്പ്‌ വേണമെന്നുമില്ല. നേരത്തേ നിശ്‌ചയിച്ച അജൻഡ പ്രകാരം ഇത്രാമത്തെ ആഴ്‌ച ഇത്‌ പറയണം, പിന്നീട്‌ ഇത്‌ പറയണമെന്ന്‌ കനുഗോലു പറഞ്ഞുകൊടുത്തിട്ടുണ്ട്‌. കനുഗോലുവിന്റെ കുറിപ്പടിയിലാണ്‌ അവർ പറയുന്നത്‌. പുതുയുഗയാത്ര കഴിയുമ്പോൾ മൊത്തം സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ്‌ ആദ്യം പറഞ്ഞത്‌. ആ ആഴ്‌ചത്തെ ടൈംടേബിളിൽ പറഞ്ഞത്‌ അങ്ങനെയായിരിക്കും. ഒന്നുമുണ്ടായില്ല. ജാഥ കഴിഞ്ഞ്‌ അടിയും പിടിയും കഴിഞ്ഞാണ്‌ പട്ടികയായത്‌. കനുഗോലുവിൽ എല്ലാം അർപ്പിച്ച പ്രതിപക്ഷ നേതാവ്‌, നൂറിൽപ്പരം സീറ്റ്‌ കിട്ടിയില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന്‌ പറഞ്ഞു. മൂന്നാമത്തെ ആഴ്‌ച പറഞ്ഞതാണ്‌ എൽഡിഎഫ്‌– ബിജെപി ഡീൽ എന്നത്‌. അടുത്ത ഘട്ടമായപ്പോൾ എസ്‌ഡിപിഐ ഡീൽ എന്നായി. വാസ്‌തവത്തിൽ കോൺഗ്രസിന്റെ ഗതികേടാണിത്‌. ഗാന്ധി– നെഹ്‌റു പാരമ്പര്യത്തിൽനിന്ന്‌, തലച്ചോർ വിൽപ്പനയ്‌ക്ക്‌ വച്ച ആളെ കാശുകൊടുത്ത്‌ ഏറ്റെടുക്കുന്നു. പണംപറ്റി വഴികാണിക്കുന്ന തന്ത്രജ്ഞന്മാരിലേക്ക്‌ എത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാർടിയെ ഇത്തരക്കാർക്ക്‌ ഏൽപ്പിച്ചുകൊടുക്കുക എന്നത്‌ കോൺഗ്രസിന്റെ ഗതികേടാണ്‌. ആ കുറ്റകൃത്യമാണ്‌ കോൺഗ്രസ്‌ ചെയ്യുന്നത്‌. യഥാർഥത്തിൽ ഡീലുള്ളത്‌ കോൺഗ്രസിനാണ്‌. ഉത്സവപ്പറമ്പിൽ മാലപൊട്ടിച്ചോടുന്ന കള്ളൻ, തെറ്റിദ്ധരിപ്പിക്കാൻ കള്ളൻ കള്ളൻ എന്നു പറഞ്ഞ്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കും. അതുപോലെയാണ്‌ കോൺഗ്രസ്‌. അവർക്കാണ്‌ യഥാർഥ ഡീലുള്ളത്‌. വമ്പൻ കള്ളത്തരം മൂടിവയ്‌ക്കാനാണ്‌ എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌. വടകരയും ബേപ്പൂരും മുതലിങ്ങോട്ട്‌ കേരളം മറന്നിട്ടില്ല. ഇത്‌ അപകടംപിടിച്ച പോക്കാണെന്ന്‌ അവർ തിരിച്ചറിയണം.


രണ്ടുതവണ എൽഡിഎഫ്‌ ഭരിച്ചല്ലോ ഇനി അവർ മാറിനിൽക്കട്ടെ എന്ന നിലയിൽ ആസൂത്രിത പ്രചാരണം നടക്കുന്നുണ്ട്‌


■ ഇ‍ൗ ഭരണത്തിന്‌ മാറ്റംവന്നാൽ ഉണ്ടാകുന്നത്‌ ലക്കും ലഗാനുമില്ലാത്ത, ദിശാബോധമില്ലാത്ത, ഭൂരിപക്ഷം കിട്ടുമെന്ന ചിന്തയിൽത്തന്നെ പദവിക്കുവേണ്ടി തമ്മിലടിക്കുന്നവരെയാണ്‌. അവർ വന്നാൽ, എല്ലാം തകർന്നുപോകും. വികസനലക്ഷ്യം വഴിമാറും. അധികാരത്തിനുവേണ്ടി കടിപിടിയും യുദ്ധങ്ങളുമാകും. കേരളത്തിന്റെ വികസനപാത മുഴുവൻ കൊട്ടിയടയ്‌ക്കപ്പെടും. കേരളത്തിൽ ഇന്ന്‌ കാണുന്ന വികസനം സാധ്യമായത്‌ തുടർഭരണംകൊണ്ടുമാത്രമാണ്‌. 900 വാഗ്‌ദാനമാണ്‌ കഴിഞ്ഞ പ്രകടനപത്രികയിൽ മുന്നോട്ടുവച്ചത്‌. അതെല്ലാം സാധ്യമാക്കി. ഇപ്പോൾ 950 വാഗ്‌ദാനം മുന്നോട്ടുവച്ചിട്ടുണ്ട്‌. അതും യാഥാർഥ്യമാകണം. അതിന്‌ ഇ‍ൗ ഭരണസംവിധാനം തുടരണം. കേരളത്തിലെ ഓരോ മേഖലയും മുന്നോട്ടുപോയത്‌ ഭരണത്തുടർച്ചയുണ്ടായതുകൊണ്ടാണ്‌. ഇവിടെനിന്ന്‌ ഇനിയും മുന്നോട്ടാണ്‌ പോകേണ്ടത്‌. അതിന്‌ എൽഡിഎഫ്‌ തുടർഭരണം അനിവാര്യമാണ്‌. ഇല്ലെങ്കിൽ വഴിമുടങ്ങിപ്പോകും. വഴിമുടക്കിന്റെ പാർടിയാണ്‌ യുഡിഎഫും ബിജെപിയും. അവർക്ക്‌ രണ്ടായി നിൽക്കാൻ കഴിയില്ല. അന്ധമായ ഇടതുപക്ഷവിരോധം മാത്രമാണ്‌ അവരെ നയിക്കുന്നത്‌.


ശബരിമല സ്വർണക്കവർച്ച 
പ്രചാരണായുധമാക്കുന്നുണ്ട്‌


■ ശബരിമല സ്വർണക്കവർച്ചയിൽ എൽഡിഎഫിന്‌ ഒന്നും മറച്ചുവയ്‌ക്കാനില്ല. ശബരിമലയിലെ ഒരുതരി സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, അത്‌ അപഹരിച്ചത്‌ ആരായാലും ശിക്ഷയുണ്ടാകും. അതിൽ ഒരു ദാക്ഷിണ്യവുമില്ല എന്നാണ്‌ എൽഡിഎഫ്‌ പറഞ്ഞത്‌. ഇതുപറയാൻ കഴിയുന്നത്‌ എൽഡിഎഫിനു മാത്രമാണ്‌. കോടതിയാണ്‌ എസ്‌ഐടിയെ നിയോഗിച്ചത്‌. ശരിയായ രീതിയിലാണ്‌ എസ്‌ഐടി അന്വേഷണമെന്ന്‌ കോടതി പലതവണ പറഞ്ഞു. ഇതെല്ലാം ജനം കാണുന്നുണ്ട്‌. പോറ്റിയെ കേറ്റിയത്‌ ആരെന്നു ചോദിച്ചാൽ, സോണിയ ഗാന്ധിക്കൊപ്പം പോറ്റി നിൽക്കുമ്പോൾ ഇടത്തും വലത്തുമുള്ളത്‌ ഉന്നത കോൺഗ്രസ്‌ നേതാക്കളാണ്‌. ഇക്കാര്യത്തിൽ കോൺഗ്രസ്‌ ഇതേവരെ മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ ശബരിമല പറഞ്ഞാൽ അത്‌ കോൺഗ്രസിനെ തിരിഞ്ഞുകുത്തുകതന്നെ ചെയ്യും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home