‘ ഇവിടമല്ലേ ഒന്നൊന്നര ഗൾഫ് ’

വേണു കെ ആലത്തൂർ
Published on May 14, 2025, 11:31 PM | 3 min read
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുമ്പോൾ ഈ മണ്ണിൽ പൊന്നു വിളയിക്കാമെന്നാണ് ചെർപ്പുളശേരി കാറൽമണ്ണ എഴുപതിയിൽ മുഹമ്മദ് മുസ്‌തഫ (മുത്തു) പറയുന്നത്. ഒമ്പത് വർഷം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡ്രൈവറായിരുന്നു. മാസ ശമ്പളം 50,000 രൂപ. അസുഖബാധിതനായി ഉപ്പ മരിച്ചതോടെ 2015ൽ നാട്ടിലേക്ക് മടങ്ങി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉപ്പ നോക്കി നടത്തിയ കൃഷി ഏറ്റെടുത്തു. ഇപ്പോൾ വർഷം 20 ലക്ഷം വരുമാനം ഉണ്ടാക്കുന്നുവെന്നും മുഹമ്മദ് മുസ്‌തഫ ദേശാഭിമാനിയോട് പറഞ്ഞു. തയ്യാറാക്കിയത് പാലക്കാട് ബ്യൂറോ ചീഫ് വേണു കെ ആലത്തൂർ
കൃഷിയിൽനിന്ന് എന്തൊക്കെ നേടി
കൃഷി നഷ്‌ടത്തിലാണെന്ന പൊതുബോധം സൃഷ്‌ടിച്ച കാലമായിരുന്നു മുമ്പ്. സർക്കാർ സഹായമില്ല. വെള്ളമില്ല, വൈദ്യുതി ക്ഷാമം തുടങ്ങിയ -നിരവധി പ്രതിസന്ധികൾ. എന്നാൽ, സുഹൃത്തുക്കൾ കൃഷിക്കുവേണ്ടി ഒപ്പംനിന്നു. 2016ൽ കൃഷി തുടങ്ങി. ചേനയും കപ്പയും വെള്ളരിയും നെല്ലുമായിരുന്നു തുടക്കം. വരുമാനം മികച്ചതായിരുന്നു. പിന്നെ സമീപത്തെ തരിശുനിലങ്ങൾ പാട്ടത്തിനെടുത്തു. നിലവിൽ 15 ഏക്കറിൽ കൃഷിനടത്തുന്നു. വീട് പുതുക്കിപ്പണിതു. നടുവട്ടത്ത് റോഡരികിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. മൂന്ന് കടമുറികൾ വാടകയ്‌ക്ക് കൊടുത്തു. 20 ലക്ഷം മുടക്കി 15 സെന്റ് സ്ഥലം വാങ്ങി. 76 സെന്റ് വയലും സ്വന്തമാക്കി. ഇപ്പോൾ വർഷം 20 ലക്ഷം വരുമാനമുണ്ടാക്കുന്നു. ഉമ്മ, ഭാര്യ, മൂന്നുമക്കൾ എന്നിവരുമായി നാട്ടിൽ സ്വസ്ഥം. എന്തിനാണ് നേരത്തെ ഗൾഫിൽ കഷ്ടപ്പെട്ടതെന്ന് ഇപ്പോൾ തോന്നുന്നു. ഇവിടമല്ലേ ഗൾഫിനേക്കാളും വലിയ വരുമാനമുണ്ടാക്കാൻ കഴിയുന്ന ഇടം. ചെർപ്പുളശേരി നഗരസഭയിലെയും ശ്രീകൃഷ്‌ണപുരം ബ്ലോക്ക് പഞ്ചായത്തിലെയും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറ്റ് അംഗീകാരങ്ങളും ലഭിച്ചു.
കൃഷിരീതി എങ്ങനെ
ഇടവേളയില്ലാത്ത കൃഷി രീതിയാണ്. ചേനയും വെള്ളരിയും ഒരുമിച്ച് നടും. ആദ്യം ചേനകുത്തി അതിനുമുകളിൽ വെള്ളരി നടുകയാണ് പതിവ്. രണ്ടുമാസം കഴിഞ്ഞാൽ വെള്ളരി വിളവെടുക്കും. അപ്പോഴേക്കും ചേന പൊന്തിവരും. പിന്നെ, നാലു മാസം കഴിഞ്ഞാൽ ചേന വിളവെടുക്കും. അവിടെ ഉഴുത് മറിച്ച് ഒരു പൂവൽ നെൽക്കൃഷിയാണ്. വാഴയും കപ്പയും മാറിമാറി ഇറക്കും. കപ്പ വിളവെടുത്താൽ വീണ്ടും വാഴ എന്നതാണ് രീതി. ചേന കൃഷിക്ക് 10 ലക്ഷം മുടക്കിയാൽ 18 ലക്ഷം വരുമാനം ലഭിക്കും. ആയിരം വാഴയ്‌ക്ക് രണ്ടുലക്ഷം രൂപ ലാഭം ഉറപ്പ്. വെള്ളമില്ലാത്ത സ്ഥലത്ത് പൊടി ചേന നടും. അതിന് വെള്ളം വേണ്ട. മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്ന സ്ഥലങ്ങളിൽ ഇത് പരീക്ഷിക്കുന്നത് മറ്റൊരു വരുമാനമാണ്. വിളവെടുപ്പ് സമയമായാൽ മൊത്ത വ്യാപാരികൾ എത്തി അവരുടെ തൊഴിലാളികളെവച്ച് ഉൽപ്പന്നം കൊണ്ടുപോകും. വിപണിവില നൽകുകയുംചെയ്യും. ഒരിക്കലും പണംകിട്ടാതെ വന്നിട്ടുമില്ല. ചേന, വെള്ളരി, കപ്പ, നെല്ല്, കുമ്പളം, വാഴ, കവുങ്ങ്, റബർ, തെങ്ങ് എല്ലാ ഇനങ്ങളും തോട്ടത്തിലുണ്ട്.
സർക്കാർ സഹായം എങ്ങനെ, എന്തൊക്കെ
സർക്കാർ സഹായം ഏറ്റവും കൂടുതൽ കിട്ടുന്ന കാലമാണിത്. നെൽക്കൃഷിക്ക് ഉഴവുകൂലിയായി ഹെക്ടറിന് 17,000 രൂപയും സർക്കാർ സഹായം 5000 രൂപയും കിട്ടും. പച്ചക്കറി പദ്ധതിക്ക് രണ്ട് വിഭാഗങ്ങളിലാണ് സഹായം. ഹെക്ടറിന് ഹോർട്ടികോർപ് 20,000 രൂപയും എസ്‌എച്ച്‌എം 20,000 രൂപയും നൽകും. ഇങ്ങനെ ഹെക്ടറിന് 40,000 രൂപ ഉറപ്പായും ലഭിക്കും. ഇത് മുടങ്ങാറില്ല. നെൽക്കൃഷിക്ക് കുമ്മായം നഗരസഭ നൽകും. വെള്ളം സൗജന്യമായി പമ്പ് ചെയ്‌ത് നൽകുന്നു. വൈദ്യുതി ബിൽ വേണ്ട. ജലസേചന പദ്ധതി നഗരസഭയാണ് നടത്തുന്നത്. ഗുണഭോക്‌തൃസമിതി മേൽനോട്ടം വഹിക്കുന്നു. നെൽവിത്തും നഗരസഭ വഴി സൗജന്യം. കാലാവസ്ഥാ വ്യതിയാനമുണ്ടായി കൃഷിയിൽ പ്രതീക്ഷിച്ച ഉൽപ്പാദനം കിട്ടാതായാൽ ഹെക്ടറിന് 40,000 രൂപ സഹായം. ഇത് ഒരു തവണ ലഭിച്ചിരുന്നു. വാഴ ഒന്നിന് 10.50 രൂപയാണ് സഹായം. കൃഷിയിറക്കിയാൽ കൃഷിഭവനിൽ അപേക്ഷ നൽകിയാൽ മാത്രം മതി. സഹായം എത്തിക്കോളും.
വന്യമൃഗശല്യം നേരിടാൻ സജ്ജീകരണങ്ങൾ
കാട്ടുപന്നികൾ വലിയ ശല്യമായി മാറുമ്പോൾ അതിനെ നേരിടാൻ പ്രാദേശിക ടീമിനെ സജ്ജമാക്കി. ചെർപ്പുളശേരി നഗരസഭയിൽ തോക്ക് ലൈസൻസുള്ള അഞ്ചുപേരുടെ പാനൽ രൂപീകരിച്ചു. കൃഷിയിടത്തിലേക്ക് പന്നി ഇറങ്ങിയാൽ വെടിവച്ചുകൊല്ലും. പന്നിയെ കൊല്ലുന്ന ഷൂട്ടർക്ക് രണ്ടായിരം രൂപ സഹായവും സർക്കാർ നൽകുന്നുണ്ട്.
നെല്ല് സംഭരണം കാര്യക്ഷമമാണോ
നിലവിൽ എട്ട് ഏക്കറിൽ നെൽക്കൃഷിയുണ്ട്. സപ്ലൈകോയ്‌ക്ക് 14 ടൺവരെ നെല്ല് നൽകുന്നു. ഇങ്ങനെ നെല്ല് അളക്കുമ്പോൾ കർഷകനും ഉത്തരവാദിത്വമുണ്ട്. നെല്ല് വൃത്തിയാക്കി നൽകണം. പാടത്ത് കൊയ്‌ത ഉടനെ മില്ലുകാർ മുഖേന സപ്ലൈകോയ്‌ക്ക് നൽകുമ്പോൾ അതിലെ പതിരും ഈർപ്പവും മറ്റും കിഴിച്ചാകും തൂക്കുക. ഇങ്ങനെ വരുമ്പോൾ തൂക്കം കുറയും. മാത്രമല്ല, പിആർഎസ് വഴിയുള്ള പണം ലഭിക്കാനും താമസമുണ്ടാകും. കഴിഞ്ഞതവണ പത്ത് ദിവസത്തിനകം പണം ലഭിച്ചു. ഇത്തവണ നെല്ല് വൃത്തിയാക്കാൻ കുറച്ച് സമയമെടുത്തതിനാൽ പണം കിട്ടാനും താമസം നേരിട്ടു. നെല്ല് സംഭരണം കർഷകർക്ക് വലിയ ആശ്വാസമാണ്.
കൃഷി നഷ്ടമോ
കൃഷി പൊതുവേ നഷ്ടമാണെന്ന വിലയിരുത്തലുകൾ ഇന്നില്ല. അറിഞ്ഞ് കൃഷിയിറക്കിയാൽ ലാഭം താനേവരും. നമ്മുടെ അധ്വാനമാണ് അതിൽ പ്രധാനം. വർഷത്തിൽ 700 തൊഴിൽദിനങ്ങളാണ് കൃഷിയിലൂടെ പരിസരപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് സൃഷ്ടിക്കുന്നത്. സ്ഥിരം തൊഴിലാളി രണ്ടുപേരാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സംവിധാനം മികച്ച പിന്തുണ നൽകുമ്പോൾ ഏറെ വൈകാതെ കൃഷി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാകും.














