തിരുവല്ല ബസ് സ്‌റ്റാൻഡിൽ പട്ടാപ്പകലും സ്‌ത്രീകൾക്ക് രക്ഷയില്ല

പത്തനംതിട്ട: തിരുവല്ല കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലും പരിസരത്തും പട്ടാപ്പകലുൾപ്പെടെ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. സ്‌ത്രീയാത്രക്കാരാണ് ഇവരുടെ പ്രധാന ഇര. പരസ്യമായി മദ്യപിച്ചും മറ്റും ഇവിടെ തന്പടിക്കുന്ന സാമൂഹ്യവിരുദ്ധർ സ്‌ത്രീകളെ അസഭ്യം പറയുകയും തിരിച്ചുപ്രതികരിക്കുന്നവരെ അശ്ലീല ചേഷ്‌ടകൾ കാട്ടി അപമാനിക്കുകയും ചെയ്യുന്നത് പതിവാണ്. വനിതാ കണ്ടക്‌ടർമാരും ഇവരുടെ അധിക്ഷേപത്തിന് ഇരയാകാറുണ്ട്. വനിതാ കണ്ടക്‌ടർമാരുള്ള ബസുകളിൽ കയറുന്ന സംഘം ടിക്കറ്റെടുക്കാനോ എടുത്താൽ തന്നെ നിശ്‌ചിത സ്‌റ്റോപ്പിൽ ഇറങ്ങാനോ തയ്യാറാകാറില്ല. ഇത് ചോദ്യംചെയ്യുന്ന വനിതാ കണ്ടക്‌ടർമാർക്കുനേരെ തെറിയഭിഷേകവും കൈയേറ്റത്തിന് മുതിരുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്.
തിങ്കൾ രാവിലെ ബസ് കാത്തിരുന്ന യാത്രികയെ അസഭ്യംപറഞ്ഞ സംഘം ബസ് സ്‌റ്റാൻഡിൽ ഭീകരാന്തരീക്ഷമാണ് സൃഷ്‌ടിച്ചത്. പിന്നീട് പത്തനംതിട്ടയ്‌ക്കുള്ള ബസിൽകയറിയ സംഘം ടിക്കറ്റുമായി എത്തിയ വനിതാ കണ്ടകക്‌ടറെ അസഭ്യംപറഞ്ഞു. സ്‌റ്റേഷൻ മാസ്‌റ്റർ ഉൾപ്പെടെ എത്തിയെങ്കിലും ടിക്കറ്റെടുക്കാനോ ബസിൽനിന്ന് ഇറങ്ങാനോ മദ്യപസംഘം തയ്യാറാകാതെ തെറിവിളി തുടർന്നു. പിന്നീട് സംഘത്തിലുള്ള മറ്റൊരാൾ എത്തിയാണ് ഇവരുടെ ടിക്കറ്റെടുത്തത്. കുന്പനാട് ബസ് നിർത്തിയാലുടൻ മുൻസീറ്റിലിരുന്ന സംഘാംഗം എണീറ്റ്, സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുടെ മുന്നിൽവച്ച് വനിതാ കണ്ടക്‌ടറെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഏറെനേരത്തിനുശേഷം ബസിൽനിന്നിറങ്ങിയ സംഘം കണ്ടക്‌ടർ സീറ്റിനടുത്തെത്തിയും തെറിവിളിച്ചു.
പിങ്ക് പൊലീസിന്റെ അടക്കം സേവനം നിലച്ചതോടെയാണ് തിരുവല്ല ബസ് സ്‌റ്റേഷനും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായത്. പൊലീസിനെ അടിയന്തര സാഹചര്യത്തിൽ വിളിച്ചാൽ തന്നെയും പ്രശ്‌നങ്ങൾ കഴിഞ്ഞശേഷമാകും എത്താറെന്നും ആക്ഷേപമുണ്ട്.









0 comments