'ഇങ്ങനെ തുടരാനാണെങ്കിൽ പാകിസ്ഥാനുമായി കളിക്കരുത്'; ഏഷ്യാകപ്പ് ട്രോഫി വാങ്ങാതിരുന്നതിൽ മുൻ ഇന്ത്യൻ താരം

മദൻ ലാൽ (ഇടത്), വനിതാ ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം (വലത്)
മുംബൈ: വനിതാ ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പിസിബി ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതിരുന്നതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുയർത്തിയത്. എന്നാൽ മത്സരത്തിനു ശേഷമുള്ള സമ്മാനദാന ചടങ്ങിന് ഇന്ത്യൻ കളിക്കാർ എത്തിയില്ല.
ജേതാക്കളായ ഇന്ത്യൻ ടീം | Photo Credit: X/BCCIWomen
എന്നാൽ, ഇത്തരം സാഹചര്യങ്ങൾ തുടരാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കിൽ പാകിസ്ഥാനുമായി കളിക്കുന്നത് ഒഴിവാക്കണമെന്ന് മദൻ ലാൽ പറഞ്ഞു. "പഴയ കഥ വീണ്ടും ആവർത്തിക്കുന്നു. നമ്മൾ ഇതുപോലെ പെരുമാറാൻ പോവുകയാണെങ്കിൽ നമ്മൾ പാകിസ്ഥാനുമായി കളിക്കാൻ പോകരുത്. ഇത് ബിസിസിഐയുടെ തീരുമാനമാണെന്ന് എനിക്കറിയാം"- മദൻ ലാൽ എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷവും ഇന്ത്യൻ പുരുഷ ടീം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതേ രീതിയാണ് വനിതാ ടീമും ആവർത്തിച്ചത്.
അതേസമയം, ശ്രീലങ്കൻ ടീമിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് നഖ്‌വി കൈമാറി. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തുവിന് പുരസ്കാരം സമ്മാനിച്ച ശേഷം നഖ്‌വി സ്റ്റേഡിയം വിട്ടു.
പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് നടന്ന ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം മരവിച്ചിരിക്കുകയാണ്. ഐസിസി സംഘടിപ്പിക്കുന്ന ഏഷ്യൻ, ആഗോള മത്സരങ്ങളിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.









0 comments