ലക്ഷദ്വീപിലും ബുൾഡോസർരാജ്; നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ പൊളിച്ചു

ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുന്നു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ അഡ്മിനിസ്ട്രേഷൻ അധികൃതർ പൊളിച്ചുനീക്കി. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കുംമുമ്പാണ് യന്ത്രസഹായത്തോടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്. 17നകം മറുപടി നൽകണമെന്ന് അറിയിച്ച് ഇൗമാസം പത്തിനാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് അഡ്‌മിനിസ്‌ട്രേഷൻ നോട്ടീസ് നൽകിയത്. ഇതിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധത്തെ തുടർന്ന് വിവിധ കക്ഷിനേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അഗത്തിയുടെ തെക്കൻപ്രദേശത്താണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ ബുൾഡോസർ രാജ് അരങ്ങേറിയത്.
സ്വകാര്യഭൂമിയിൽ ആരംഭിച്ച കെട്ടിടനിർമാണത്തിന് ആവശ്യമായ തരംമാറ്റൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നുപറഞ്ഞാണ് അഡ്മിനിസ്ട്രേഷൻ കടുത്ത നടപടി സ്വീകരിച്ചത്. പൊളിക്കൽ ആരംഭിച്ചതോടെ പ്രദേശവാസികളും വിവിധ കക്ഷിനേതാക്കളും പ്രവർത്തകരും ഉൾപ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു. അറസ്‌റ്റിലായ എൻസിപി നേതാവ് ഒ പി ജബ്ബാർ, കോൺഗ്രസ് നേതാവ് ദിൽഷാദ് എന്നിവരെ വിലങ്ങുവച്ച് സ്ഥലത്തുനിന്ന് നീക്കിയതും പ്രതിഷേധത്തിനിടയാക്കി.
ഡെപ്യൂട്ടി കലക്ടർ നേരിട്ടെത്തിയാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. അഗത്തിയിൽ മുമ്പും നിർമാണങ്ങൾക്കെതിരെ സമാനരീതിയിൽ അഡ്‌മിനിസ്‌ട്രേഷൻ സ്വീകരിച്ച നടപടികൾ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.









0 comments