അഭിമാനദശകം

മലയാളി എന്ന നിലയ്‌ക്ക് അഭിമാനം തോന്നിയ ദശകം. 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തെ നടൻ സുധീർ കരമന ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഓരോ മലയാളിക്കും സ്വാസ്ഥ്യവും സന്തോഷവും അഭിമാനവും സമാധാനവും നൽകി എന്നതുതന്നെയാണ് ഭരണനേട്ടം. നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി എൽഡിഎഫ് സർക്കാരുകളെ മുൻ അധ്യാപകനും നിയമവിദ്യാർഥിയുംകൂടിയായ സുധീർ കരമന വിലയിരുത്തുന്നു. തയ്യാറാക്കിയത്: ദേശാഭിമാനി സെൻട്രൽ ഡെസ്‌ക് ന്യൂസ് എഡിറ്റർ എൻ എസ് സജിത് .
പത്തുവർഷം പൂർത്തിയാക്കിയ എൽഡിഎഫ് സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സമീപിക്കുകയാണ്. കലാകാരൻ എന്ന നിലയ്‌ക്ക് ഭരണത്തെ എങ്ങനെ കാണുന്നു
■ ഞാൻ കൗതുകത്തോടെയും ആവേശത്തോടെയും സന്തോഷത്തോടെയുമാണ് രാഷ്‌ട്രീയത്തെ വീക്ഷിക്കുന്നത്. കലാപ്രവർത്തനംപോലെതന്നെ വളരെയധികം പ്രധാനമാണ് രാഷ്‌ട്രീയപ്രവർത്തനവും. കല അത് സാഹിത്യമായാലും പെർഫോമിങ് ആർട്ടായാലും സമൂഹമധ്യത്തിലിറങ്ങുന്ന കാര്യമാണ്. രാഷ്‌ട്രീയം എന്നത് സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടിയുള്ള സേവനമാണ്. അവിടെ നമ്മെ നയിക്കേണ്ടതാര്, നാം ഏതു പശ്ചാത്തലത്തിൽ ജീവിക്കണം എന്നതാണ് പ്രശ്‌നം. മനുഷ്യന് ആവശ്യം സ്വസ്ഥമായ ജീവിതമാണ്. സന്തോഷസൂചികയൊക്കെ കണക്കാക്കുന്നത് അതിനുവേണ്ടിയാണ്. ഭൂഖണ്ഡാന്തര യാത്രകൾ നടത്തിയതിന്റെയും അനുഭവംവച്ചു പറയട്ടെ, ആ യാത്രയിലാണ് മലയാളി എന്ന നിലയ്‌ക്ക് ഞാൻ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും. അതുകൊണ്ടുതന്നെ കേരളത്തിലെ സ്വാസ്ഥ്യം ഏറ്റവുമധികം ആസ്വദിക്കാനായ മനുഷ്യരിൽ ഒരാളാണ് ഞാൻ. വൃത്തിയുടെ കാര്യമെടുത്താലും ജീവിതസാഹചര്യത്താലും അത് നമ്മൾ അനുഭവിച്ചറിയുന്നു. അതേക്കുറിച്ച് ഉറക്കെ ചിന്തിച്ചപ്പോഴാണ് എവിടെ നിൽക്കണമെന്ന ബോധ്യത്തിൽ ഞാനെത്തിയത്. എൽഡിഎഫ് എന്ന പുരോഗമനപ്രസ്ഥാനവുമായി സ്വയം കണ്ണിചേർക്കുന്നത് അങ്ങനെയാണ്. പുഴയ്‌ക്കൊപ്പം ഒഴുകുകയല്ലാതെ, നടുക്ക് ഒരു കല്ലായി നിന്ന് ആ ഒഴുക്കിന്റെ ശരിതെറ്റുകൾ ചിന്തിക്കാനുള്ള അവസരം വേണമെന്നുണ്ടെങ്കിൽ പുരോഗമനചിന്ത ഉണ്ടാകണം. ഇടതുപക്ഷപ്രസ്ഥാനവും സിപിഐ എമ്മും വൻശക്തിയായി നിൽക്കുന്നതാണ് അതിനു കാരണം. സാമൂഹ്യനീതി പുലരുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുന്നു എന്നതാണ് സാമൂഹ്യനീതിയുടെ ഉന്നതമായ തലം.
വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തിയതിനെക്കുറിച്ച്
■ തെരഞ്ഞെടുപ്പ് വരുന്പോൾ വാഗ്‌ദാനം ചെയ്യുന്നത് പാർടികളുടെ പതിവാണ്. സർക്കാർ മാറുന്പോൾ ജനങ്ങൾപോലും മറക്കും. അത് പാലിച്ചിട്ടുണ്ടോ എന്നതും അല്ലെങ്കിൽ അതിനായി എത്ര ശ്രമിച്ചു എന്നതും ആരും ചിന്തിക്കാറില്ല. നൽകിയ വാഗ്‌ദാനങ്ങളിൽ 99 ശതമാനംവരെ നടപ്പാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞു.
ക്രമസമാധാനം പാലിക്കാനും വർഗീയകലാപങ്ങൾ ഇല്ലാതാക്കാനും കഴിഞ്ഞത് ഒരു സുപ്രധാന നേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്
■ അത് വസ്‌തുതയാണ്. ഇന്ത്യയിൽ വ്യത്യസ്‌ത മത, ജാതി വിഭാഗങ്ങൾ അധിവസിക്കുന്നതിനാൽ സ്വാഭാവികമായും പലയിടത്തും ലഹളകൾ നടക്കുന്നു. കേരളത്തിലും സമാനമായ സംഭവങ്ങൾ മുന്പുണ്ടായിട്ടുണ്ട്. ഇൗ പത്തുവർഷത്തിൽ കലാപമോ ലഹളയോ ഉണ്ടായിട്ടില്ല. ഏറ്റവും സ്വസ്ഥമായ സംസ്ഥാനമാണെന്ന വസ്‌തുത തെളിയിക്കാൻ സൂചികകളൊന്നുമുണ്ടാക്കില്ല. കാരണം, ഉണ്ടാക്കിയാൽ കേരളം ഒന്നാമതായിപ്പോകുമല്ലോ. പത്തുവർഷത്തെ സർക്കാരിന്റെ നേട്ടങ്ങളിൽ ഏറ്റവും വിലമതിക്കുന്നത് അതിനാണ്. അതിന് ആഭ്യന്തരവകുപ്പിന്റെ ഇടപെടൽ പ്രധാനമാണ്.
അതിരൂക്ഷമായ പ്രതിസന്ധികളും പ്രകൃതി ക്ഷോഭങ്ങളും നേരിട്ട കാലംകൂടിയായിരുന്നു ഇത്
■ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച കാലഘട്ടമായിരുന്നു. ലോകം സ്‌തംഭിച്ച കോവിഡ് കാലത്തെ എത്ര ഫലപ്രദമായാണ് നമ്മൾ അതിജീവിച്ചത്. കരുതൽ എന്ന വാക്കിന് ഏറ്റവും വില കൽപ്പിക്കപ്പെട്ട കാലം. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ടു ചെയ്‌തിട്ടും എത്ര വിദഗ്ധമായാണ് മുഖ്യമന്ത്രിയും സർക്കാരും ആ സാഹചര്യം കൈകാര്യം ചെയ്‌തത്. ഒരു വിവേചനത്തിനും ഇടനൽകാതെയുള്ള മുഖ്യമന്ത്രിയുടെ അന്നത്തെ ആഹ്വാനങ്ങൾ ജനങ്ങൾ എത്ര താൽപര്യപൂർവമാണ് നെഞ്ചേറ്റിയത്.
കൽപ്പറ്റയിലെ ടൗൺഷിപ് സന്ദർശിച്ച അനുഭവങ്ങൾ
■ എട്ടുമാസം മഴപെയ്യുന്ന കേരളത്തിൽ നമ്മൾ പലവിധ പ്രകൃതിദുരന്തങ്ങൾ കണ്ടിട്ടുണ്ട്. തീവ്രമായ ദുരന്തമായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. അവിടത്തെ ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തുചെയ്യുന്നു എന്ന് ആകാംക്ഷയോടെ നോക്കിനിന്നയാളാണ് ഞാൻ. 178 വീടുകൾ പൂർത്തിയാക്കിയ ടൗൺഷിപ്പിൽ ആരുമറിയാതെ ഞാൻ ചെന്നു. ജീവിതത്തിൽ സന്തോഷംകൊണ്ട് കണ്ണീർപൊടിഞ്ഞ നിമിഷം. കൽപ്പറ്റ ടൗണിൽത്തന്നെ ഭൂമിക്ക് ഏറ്റവുമധികം വിലയുള്ള സ്ഥലത്ത് ടൗൺഷിപ് നിർമിച്ചു. ഒരാവശ്യം വരുന്പോൾ രാഷ്‌ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന മനുഷ്യത്വമാണ് പ്രകടമായത്. ഏറ്റവും കൂടുതൽ സന്തോഷവും സ്വസ്ഥതയും അനുഭവിച്ച പത്തുവർഷമാണ് കടന്നുപോകുന്നത്. സാന്പത്തിക പരാധീനതകൾക്കിടയിലും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനായി. ക്ഷേമപെൻഷനുകൾ, അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ആനുകൂല്യങ്ങളെല്ലാം കൊടുക്കാൻ കഴിഞ്ഞു.
അധ്യാപകൻ എന്ന നിലയ്‌ക്ക് വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ
■ ഞാൻ സ്വയം വിരമിച്ച അധ്യാപകനാണെങ്കിലും ഇപ്പോഴും അധ്യാപകനെന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. ഏറ്റവും സൂക്ഷ്‌മമായാണ് ഇൗ മേഖലയെ കാണുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ മറികടന്ന് എസ്‌സിഇആർടിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കുന്ന മികച്ച മന്ത്രിയുണ്ട് നമുക്ക്. ഏത് സംസ്ഥാനത്തെയും കവച്ചുവയ്‌ക്കുന്ന വിദ്യാഭ്യാസരംഗമാണ് നമ്മുടേത്. പ്രൈമറിതലംതൊട്ട് ഉച്ചഭക്ഷണം കൊടുക്കുന്നതുമുതലുള്ള കാര്യങ്ങൾ പ്രധാനമാണ്. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളുടെ പ്രവേശനം വർധിക്കുന്നത് അഭിമാനകരമാണ്.
















